കോഴിക്കോട് ആറ് പേര്‍ക്ക് കൂടി കോവിഡ്

16

കോഴിക്കോട്: ജില്ലയില്‍ ഇന്നലെ ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ രണ്ട് പേര്‍ വിദേശത്ത് നിന്ന് വന്നവരും മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. 33 വയസ്സുള്ള ഫറോക്ക് മുനിസിപ്പാലിറ്റി സ്വദേശിയാണ് ആദ്യ ആള്‍. ഇദ്ദേഹം മെയ് 19 ന് റിയാദ് നിന്നും കരിപ്പൂരിലെത്തുകയും തുടര്‍ന്ന് ജില്ലാ ഭരണകൂടം സജ്ജമാക്കിയ വാഹനത്തില്‍ താമരശ്ശേരി കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. മെയ് 27 ന് സ്രവപരിശോധന നടത്തുകയും പോസിറ്റീവ് ആകുകുയും ചെയ്തു.
ചികിത്സയ്ക്കായി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലേയ്ക്ക് മാറ്റി. 30 വയസ്സുള്ള തൂണേരി സ്വദേശിയാണ് രണ്ടാമത്തെ വ്യക്തി. ഇദ്ദേഹം മത്സ്യമൊത്ത വ്യാപാരിയാണ്. മെയ് 25 ന് കണ്ണൂരില്‍ പോസിറ്റീവായ കേസിന്റെ പ്രാഥമിക സമ്പര്‍ക്കത്തിലുള്ള വ്യക്തിയാണ്. മെയ് 26ന് സ്രവപരിശോധന നടത്തുകയും പോസിറ്റീവ് ആകുകുയും ചെയ്തു. ചികിത്സയ്ക്കായി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി.
31 വയസ്സുള്ള അഴിയൂര്‍ സ്വദേശിയാണ് മൂന്നാമത്തെ വ്യക്തി. ഇദ്ദേഹം മെയ് 14 ന് ട്രാവലറില്‍ ചെന്നെയില്‍ നിന്നും യാത്ര തുടങ്ങി 15 ന് കോഴിക്കോട്ടെത്തി. വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. മെയ് 26 ന് സ്രവപരിശോധന നടത്തുകയും റിസള്‍ട്ട് പോസിറ്റീവ് ആവുകയും ചെയ്തു. ചികിത്സയ്ക്കായി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി.
32 വയസ്സുള്ള കൊയിലാണ്ടി മുചുകുന്ന് സ്വദേശിയാണ് നാലാമത്തെ ആള്‍. ഇദ്ദേഹം ചെന്നെയില്‍ നിന്നും മെയ് 14 ന് സ്വകാര്യവാഹനത്തില്‍ യാത്ര ചെയ്ത് കൊയിലാണ്ടിയില്‍ എത്തി കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. മെയ് 26 ന് സ്രവ പരിശോധന നടത്തുകയും പോസിറ്റീവ് ആവുകയും ചെയ്തു. ചികിത്സയ്ക്കായി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി. 37 വയസ്സുള്ള വളയം സ്വദേശിയാണ് അഞ്ചാമത്തെ വ്യക്തി.
ഇദ്ദേഹം ഗുജറാത്തില്‍ നിന്നും മിനി ബസ്സില്‍ യാത്ര ചെയ്ത് മെയ് 24 ന് രാത്രി തലശ്ശേരിയിലെത്തുകയും അവിടുന്ന് ആംബുലന്‍സില്‍ വളയം കൊറോണ കെയര്‍ സെന്ററിലെത്തി നിരീക്ഷണത്തിലായിരുന്നു. മെയ് 26 ന് സ്രവപരിശോധന നടത്തുകയും റിസള്‍ട്ട് പോസിറ്റീവ് ആവുകയും ചെയ്തു. ചികിത്സയ്ക്കായി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി.
47 വയസ്സുള്ള പയ്യോളി അങ്ങാടി, തുറയൂര്‍ സ്വദേശിയാണ് ആറാമത്തെ വ്യക്തി. ഇദ്ദേഹം ബഹ്‌റൈനില്‍ നിന്നും മെയ് 27 ന് കരിപ്പൂരിലെത്തുകയും ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തി നിരീക്ഷണത്തിലായിരുന്നു. മെയ് 27 ന് സ്രവപരിശോധന നടത്തുകയും റിസള്‍ട്ട് പോസിറ്റീവ് ആവുകയും ചെയ്തു. ഇപ്പോള്‍ 6 പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.
ഇതോടെ കോവിഡ് സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 58 ആയി. ഇവരില്‍ 25 പേര്‍ രോഗമുക്തരായതിനാല്‍ ഇപ്പോള്‍ 33 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതില്‍ 15 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 13 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 5 പേര്‍ കണ്ണൂരിലും ചികിത്സയിലാണ്. കൂടാതെ 2 മലപ്പുറം സ്വദേശികളും 2 കാസര്‍ഗോഡ് സ്വദേശികളും ഒരു തൃശൂര്‍ സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും ഒരു തൃശൂര്‍ സ്വദേശി എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററിലും ചികിത്സയിലുണ്ട്.
ഇന്നലെ 201 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 4304 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 4132 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 4064 എണ്ണം നെഗറ്റീവാണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 172 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.

ജില്ലയില്‍ രണ്ട് പേര്‍ക്ക് രോഗമുക്തി
കോഴിക്കോട്: കോവിഡ് സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഒരു മലപ്പുറം സ്വദേശിയടക്കം രണ്ട് പേര്‍ ഇന്നലെ രോഗമുക്തി നേടിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കോഴിക്കോട് നരിപ്പറ്റ സ്വദേശി, ഒരു മലപ്പുറം സ്വദേശി എന്നിവരാണ് രോഗമുക്തരായത്. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയ കോഴിക്കോട് സ്വദേശികളുടെ എണ്ണം 26 ആയി. കോഴിക്കോട് സ്വദേശികളായ 58 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 26 പേര്‍ രോഗമുക്തരായതോടെ ഇപ്പോള്‍ 32 കോഴിക്കോട് സ്വദേശികളാണ്‌കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതില്‍ 14 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും 13 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 5 പേര്‍ കണ്ണൂരിലും ചികിത്സയിലാണ്. കൂടാതെ ഒരു മലപ്പുറം സ്വദേശിയും 2 കാസര്‍ഗോഡ് സ്വദേശികളും ഒരു തൃശൂര്‍ സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയിലും ഒരു തൃശൂര്‍ സ്വദേശി എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററിലും ചികിത്സയിലുണ്ട്.

ജില്ലയില്‍ 7734 പേര്‍ നിരീക്ഷണത്തില്‍; പ്രവാസികള്‍ 1545
കോഴിക്കോട്: ജില്ലയില്‍ ഇന്നലെ പുതുതായി വന്ന 603 പേര്‍ ഉള്‍പ്പെടെ 7734 പേര്‍ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഇതുവരെ 28,534 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്നലെ പുതുതായി വന്ന 33 പേര്‍ ഉള്‍പ്പെടെ 80 പേരാണ് ആസ്പത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 62 പേര്‍ മെഡിക്കല്‍ കോളേജിലും 18 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്.
23 പേര്‍ മെഡിക്കല്‍ കോളജില്‍ നിന്നും ഡിസ്ചാര്‍ജ്ജായി. ജില്ലയില്‍ ഇന്നലെ വന്ന 173 പേര്‍ ഉള്‍പ്പെടെ ആകെ 1545 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്.
ഇതില്‍ 527 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററുകളിലും 987 പേര്‍ വീടുകളിലും 31 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 106 പേര്‍ ഗര്‍ഭിണികളാണ്.
ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തി. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അദ്ധ്യക്ഷതയില്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരുടെ യോഗം ചേര്‍ന്ന് ബ്ലോക്ക് തല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. പ്രോഗ്രാം ഓഫീസര്‍മാര്‍ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ പരീക്ഷ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സ്‌ക്രീനിംഗ്, ബോധവല്‍ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.
മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 14 പേര്‍ക്ക് ഇന്ന് കൗണ്‍സലിംഗ് നല്‍കി. 164 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെയും സേവനം നല്‍കി. ജില്ലയില്‍ 2175 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 7447 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി. സോഷ്യല്‍ മീഡിയയിലൂടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുവരുന്നു.

തൂണേരിയിലും വളയത്തും മല്‍സ്യ മാര്‍ക്കറ്റുകള്‍ അടച്ചു പൂട്ടി
നാദാപുരം: തൂണേരിയിലും വളയത്തും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കി. രണ്ടിടങ്ങളിലും മല്‍സ്യ വില്‍പ്പന നടത്തുന്നവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് നാദാപുരം മേഖലയില്‍ മുഴുവന്‍ മല്‍സ്യ മാര്‍ക്കറ്റുകളും അടച്ചു പൂട്ടി. നാട്ടുകാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി.