കോഴിക്കോട്: ജില്ലയില്‍ ഒരു വയസ്സായ കുട്ടി ഉള്‍പ്പെടെ നാല് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. രണ്ട് പേര് ചെന്നൈയില്‍ നിന്ന് വന്നവരും രണ്ട് പേര് വിദേശത്ത് നിന്ന് വന്നവരുമാണ്. 48 വയസ്സുള്ള കുറ്റ്യാടി സ്വദേശിയാണ് ഇന്ന് രോഗം സ്ഥിരീകരിച്ച ഒരാള്‍. മെയ് 14ന് ചെന്നൈയില്‍നിന്ന് സ്വന്തം വാഹനത്തില്‍ കുറ്റ്യാടിയിലെത്തി നിരീക്ഷണത്തിലായിരുന്നു. മെയ് 29ന് സ്രവ പരിശോധന നടത്തുകയും കോവിഡ്19 പോസിറ്റീവ് ആവുകയും ചെയ്തു. ഇപ്പോള്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസില്‍ ചികിത്സയിലാണ്. 48 വയസ്സുള്ള ഏറാമല സ്വദേശിയാണ് രണ്ടാമത്തെ വ്യക്തി. മെയ് 27 ന് ചെന്നൈയില്‍നിന്നു സ്വന്തം വാഹനത്തില്‍ പുറപ്പെട്ട് മെയ് 28 ന് കോഴിക്കോട് എത്തി. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് കോഴിക്കോട്ടെ ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററില്‍ പ്രവേശിപ്പിച്ചു. സ്രവ പരിശോധനയില്‍ പോസിറ്റീവായി.
64 വയസ്സുള്ള മാവൂര്‍ സ്വദേശിയാണ് മൂന്നാമത്തെ വ്യക്തി. മെയ് 20 ന് റിയാദില്‍നിന്നു വിമാനമാര്‍ഗ്ഗം കണ്ണൂരിലെത്തി. സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോട്ടെത്തി മാവൂരിലെ കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടെതിനെ തുടര്‍ന്ന് മെയ് 22ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും സ്രവ പരിശോധനയില്‍ പോസിറ്റീവ് ആവുകയും ചെയ്തു.
കൊടുവള്ളിയിലെ ഒരു വയസ്സുള്ള കുട്ടിയാണ് നാലാമത്തേത്. അമ്മയോടൊപ്പം ഖത്തറില്‍നിന്ന് മെയ് 18ന് കോഴിക്കോട്ടെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെയ് 28 ന് കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃശിശുസംരക്ഷണകേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് നടത്തിയ സ്രവപരിശോധനയില്‍ കോവിഡ് പോസിറ്റിവ് ആവുകയും ചെയ്തു. നാലുപേരുടേയും ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്.
ഇപ്പോള്‍ 36 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതില്‍ 17 പേര് കോഴിക്കോട് മെഡിക്കല്‍ കോളേജിലും 15 പേര് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും മൂന്ന് പേര് കണ്ണൂരിലും മഹാരാഷ്ട്രക്കാരിയായ ഒരു വിമാന ജീവനക്കാരി മഞ്ചേരി മെഡിക്കല്‍ കോളേജിലുമാണ്. ഇതു കൂടാതെ ഒരു മലപ്പുറം സ്വദേശിയും 3 കാസര്‍ഗോഡ് സ്വദേശികളും ഒരു തൃശൂര്‍ സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റൊരു തൃശൂര്‍ സ്വദേശി എം.വി.ആര് ക്യാന്‍സര്‍ സെന്ററിലും പോസിറ്റീവായി ചികിത്സയിലുണ്ട്. ഇന്ന് 181 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 4736 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 4513 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 4433 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 223 പേരുടെ ഫലം ലഭിക്കാന്‍ ബാക്കിയുണ്ട്.
ജില്ലയില്‍ 7440 പേര് നിരീക്ഷണത്തില്‍
കോഴിക്കോട്: ജില്ലയില്‍ ഇന്നലെ പുതുതായി വന്ന 703 പേര് ഉള്‍പ്പെടെ 7440 പേര് നിരീക്ഷണത്തില്‍. ഇതുവരെ 30,067 പേര് നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 22 പേര് ഉള്‍പ്പെടെ 103 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 75 പേര് മെഡിക്കല്‍ കോളേജിലും 28 പേര് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 21 പേര് മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ആയി.
ശനിയാഴ്ച വന്ന 334 പേര് ഉള്‍പ്പെടെ ആകെ 2042 പ്രവാസികളാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 582 പേര് ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററുകളിലും 1430 പേര് വീടുകളിലും 30 പേര് ആശുപത്രിയിലുമാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 116 പേര് ഗര്‍ഭിണികളാണ്. ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കൊറോണ കണ്ട്രോള് സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തി. ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ പരീക്ഷാ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സ്ക്രീനിംഗ്, ബോധവല്‍ക്കരണം, ശുചിത്വപരിശോധന തുടങ്ങി കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 7 പേര്‍ക്ക് ഇന്ന് കൗണ്‍സലിംഗ് നല്കി. മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി 141 പേര്‍ക്ക് ഫോണിലൂടെയും സേവനം നല്കി. 1710 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 6801 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി. സോഷ്യല്‍ മീഡിയയിലൂടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുവരുന്നു.