കോഴിക്കോട് നാല് പേര്‍ക്ക് കൂടി കോവിഡ്

ജില്ലയില്‍ 6444 പേര്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: ജില്ലക്കാരായ നാല് പേര്‍ക്ക് കൂടി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. തലശ്ശേരി ജനറല്‍ ആസ്പത്രി ജീവനക്കാരികളായ ചോമ്പാല സ്വദേശിനി (48), മടപ്പള്ളി സ്വദേശിനി (53) എന്നിവര്‍ക്കും മെയ് 21 ന് ചെന്നൈയില്‍ നിന്നെത്തിയ ഓര്‍ക്കാട്ടേരി സ്വദേശിക്കും (56) മെയ് 21 ന് ന്യൂഡല്‍ഹി തിരുവനന്തപുരം സ്‌പെഷല്‍ ട്രെയിനില്‍ വന്ന, മുബൈയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ ബാലുശ്ശേരി വട്ടോളി സ്വദേശി (29)ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
തലശ്ശേരി ജനറല്‍ ആസ്പത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ഡ്യൂട്ടിയിലായിരുന്ന ആദ്യത്തെ രണ്ട് പേര്‍ ഇപ്പോള്‍ കണ്ണൂര്‍ ജില്ലയിലാണ് ചികിത്സയിലുള്ളത്. ഓര്‍ക്കാട്ടേരി സ്വദേശി (56) മെയ് 21 ന് ചെന്നൈയില്‍ നിന്ന് സ്വന്തം വാഹനത്തില്‍ കോഴിക്കോട് ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്കാണ് എത്തിയത്. ഇപ്പോള്‍ അവിടെ ചികിത്സയിലാണ്. മെയ് 21ന് ഡല്‍ഹി തിരുവനന്തപുരം സ്‌പെഷല്‍ ട്രെയിനില്‍ വന്ന ബാലുശ്ശേരി വട്ടോളി സ്വദേശി (29) നേരിട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോയി ഇപ്പോള്‍ അവിടെ ചികിത്സയിലാണ്.
നിലവില്‍ 11 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി കോഴിക്കോട് മെഡിക്കല്‍ കോളേജിലും നാല് പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും അഞ്ചുപേര്‍ കണ്ണൂര്‍ ജില്ലയിലും ചികിത്സയിലുണ്ട്. ആകെ 20 കോഴിക്കോട് സ്വദേശികളാണ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതുകൂടാതെ രണ്ട് മലപ്പുറം സ്വദേശികളും കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് സ്വദേശികളായ ഓരോരുത്തരും പോസിറ്റീവായി കോഴിക്കോട് മെഡിക്കല്‍ കോളേജിലുണ്ട്.
ജില്ലയില്‍ ശനിയാഴ്ച പുതുതായി വന്ന 709 പേര്‍ ഉള്‍പ്പെടെ 6444 പേര്‍ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു. ജില്ലയില്‍ ഇതുവരെ 26,351 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്നലെ പുതുതായി വന്ന 18 പേര്‍ ഉള്‍പ്പെടെ 74 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 52 പേര്‍ മെഡിക്കല്‍ കോളേജിലും 22 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 13 പേര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും രണ്ട് പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ആയി.
ഇന്ന് 98 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 3506 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 3328 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 3277 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 178 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. ജില്ലയില്‍ ഇന്നലെവന്ന 90 പേര്‍ ഉള്‍പ്പെടെ ആകെ 964 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 377 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററുകളിലും 564 പേര്‍ വീടുകളിലുമാണ്. 23 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 109 പേര്‍ ഗര്‍ഭിണികളാണ്.
ആരോഗ്യവകുപ്പ് മന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും മുന്നൊരുക്കങ്ങളും മറ്റു പകര്‍ച്ചവ്യാധികളുടെ സ്ഥിതിയും വിലയിരുത്തി. യോഗത്തില്‍ ഡി.എം.ഒ. ഡോ.ജയശ്രീ.വി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പള്‍ ഡോ.വി.ആര്‍.രാജേന്ദ്രന്‍, ഡി.പി.എം ഡോ.എ.നവീന്‍ പങ്കെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അധ്യക്ഷതയില്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരുടെ യോഗം ചേര്‍ന്ന് ബ്ലോക്ക് തല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

അനുമതിയില്ലാതെ അതിര്‍ത്തി കടന്നെത്തുന്നവര്‍ക്കെതിരെ നടപടി:
ജില്ലാ കലക്ടര്‍

കോഴിക്കോട്: അനധികൃതമായി പച്ചക്കറി വാഹനങ്ങളിലും മറ്റും സംസ്ഥാന അതിര്‍ത്തി കടന്ന് ജില്ലയിലേക്കെത്തുവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവു അറിയിച്ചു. മറ്റ് മാര്‍ഗങ്ങളിലായാലും അതിര്‍ത്തിയില്‍ പരിശോധനയില്ലാതെ വരുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ കോവിഡ് 19 രോഗലക്ഷണമുണ്ടെങ്കില്‍ അതത് തദ്ദേശസ്വയംഭരണ പ്രദേശത്തെ മെഡിക്കല്‍ ഓഫീസറുമായി ബന്ധപ്പെട്ട് ആംബുലന്‍സില്‍ മാത്രമേ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് വരാന്‍ പാടുള്ളു. അല്ലാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.