
9 ഗര്‍ഭിണികള്‍, പത്തു വയസിന് താഴെയുള്ള
5 കുട്ടികള്‍; അടിയന്തര ചികിത്സാര്‍ത്ഥം 26 ഉം
75 വയസിന് മുകളിലുള്ള 7 ഉം പേര്‍
കോഴിക്കോട്: ദുബായില്‍ നിന്നും ഇന്നലെ രാത്രി കരിപ്പൂരിലെത്തിയ 189 പ്രവാസികളില്‍ 52 പുരുഷന്മാരും 22 സ്ത്രീകളുമടക്കം 74 പേര്‍ കോഴിക്കോട് ജില്ലക്കാര്‍. എയര്‍ഇന്ത്യാ എക്‌സ്പ്രസിന്റെ പ്രത്യേക വിമാനത്തില്‍ എത്തിയ ഇവരില്‍ ഗര്‍ഭിണികള്‍, പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍, 75 വയസിന് മുകളില്‍ പ്രായമുള്ളവര്‍ എന്നിവരെ സ്വന്തം വീടുകളില്‍ പ്രത്യേക നിരീക്ഷണത്തിലേക്ക് അയച്ചു. ഇവരെ ആരോഗ്യവകുപ്പിന്റെ കര്‍ശനമായ നിരീക്ഷണത്തില്‍ തന്നെയാകും വീട്ടില്‍ തുടരാന്‍ അനുവദിക്കുക.
ശേഷിക്കുന്നവരെ പ്രത്യേക നിരീക്ഷണാര്‍ത്ഥം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പ്രവാസികള്‍ക്കായി സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റി. എല്ലാവരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കി കെ.എസ്.ആര്‍.ടി.സി ബസുകളിലാണ് കോവിഡ് കെയര്‍ സെന്ററിലെത്തിച്ചത്.
ഇന്നലെ കരിപ്പൂരിലെത്തിയ ജില്ലക്കാരില്‍ 9 ഗര്‍ഭിണികള്‍, പത്തു വയസിന് താഴെയുള്ള 5 കുട്ടികള്‍, അടിയന്തര ചികിത്സാര്‍ഥം എത്തുന്ന 26 പേര്‍, ഇവരിലുള്‍പ്പെടാത്ത 75 വയസിന് മുകളിലുള്ള 7 പേര്‍ എന്നിങ്ങനെയുണ്ട്. ഇവര്‍ക്കാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാവുന്നത്. പ്രവാസികളെ ആസ്പത്രികള്‍, കോവിഡ് കെയര്‍ സെന്ററുകള്‍ എന്നിവിടങ്ങളിലേയ്ക്കു മാറ്റാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ വിമാനത്താവളത്തില്‍ തന്നെ ഒരുക്കിയിട്ടുണ്ട്.