ചുമര് നിറയെ കാലിഗ്രാഫി തീര്‍ത്ത് അന്‍ഷീദ

17
മാതാപിതാക്കളുടെ ചിത്രവുമായി അന്‍ഷീദ

ഉദുമ: ടൂറിസത്തിന്റെ സൗന്ദര്യം നിറയുന്ന ഉദുമയില്‍ വരകള്‍ കൊണ്ട് സൗന്ദര്യം വിതറി അന്‍ഷീദ റഹന. അക്ഷരങ്ങള്‍ കൊണ്ട് പുതിയ ലോകം തീര്‍ക്കുകയാണ് അന്‍ഷീദ. കാലിഗ്രാഫിയില്‍ തീര്‍ത്ത ഓരോ ചിത്രങ്ങളും ഒന്നിനൊന്ന് മെച്ചമാണ്. രാഷ്ട്രത്തലവന്മാരായ ഷെയ്ഖ് ഹംദാന്‍, മുഹമ്മദ് ഇബ്‌നു റാഷിദ്, ഷെയ്ഖ് സാഹിദ് സുല്‍ത്താന്‍ എന്നിവരുടെ കാലിഗ്രാഫിയും ഖുര്‍ആന്‍ ആയത്തുകളും മനുഷ്യചിത്രങ്ങളുമെല്ലാം അതിലുണ്ട്. എല്ലാറ്റിനുമപ്പുറം വീടിനുള്ളിലെ ചുമരില്‍ തീര്‍ത്തുവെച്ച ചിത്രങ്ങളാണ് ഏറ്റവും ആകര്‍ഷണീയം. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പഠിക്കുമ്പോള്‍ വെറുതെ വരച്ചു തുടങ്ങിയതാണ്. പിന്നീട് നൂറോളം കാലിഗ്രാഫികള്‍ വരച്ചു.
ഖത്തറിലുള്ള പടിഞ്ഞാര്‍ ജന്മ ബീച്ച് റോഡിലെ ഹനീഫ പടിഞ്ഞാറിന്റെയും ആയിഷയുടെയും മകളാണ് അന്‍ഷീദ. വിശുദ്ധ ഖുര്‍ആന്‍ മനപാഠമാക്കുവാനായി കളനാട് ഇസ്‌റ ബനാ ഹിഫ്ള് കോളജില്‍ പഠിച്ചുകൊണ്ടിരിക്കുന്നു. കാലിഗ്രാഫിയുടെ വഴിയില്‍ എല്ലാ പിന്തുണയുമായി ഉപ്പയും ഉമ്മയും സദാസമയവും കൂട്ടിനുണ്ട്.