രണ്ടാം ഘട്ട വിമാനം: എംബസിയില്‍ നിന്നുള്ള വിളി കാത്തിരിക്കുന്നവര്‍ ഏറെ

    164

    അബുദാബി: പ്രവാസികളുമായി നാട്ടിലേക്കുള്ള രണ്ടാം ഘട്ട വിമാനം പറക്കാനുള്ള ദിവസമടുത്തതോടെ എംബസിയില്‍ നിന്നുള്ള വിളിയോ ഇമെയില്‍ സന്ദേശമോ പ്രതീക്ഷിച്ച് അനേകം പേര്‍ കാത്തിരിക്കുന്നു. യാത്രാ പട്ടികയില്‍ മുന്‍ഗണനക്കാരുടെ പരിഗണന തങ്ങള്‍ക്കും ലഭിക്കണമെന്ന പ്രാര്‍ത്ഥനയുമായാണ് നിരവധി പേര്‍ കഴിയുന്നത്.
    ആഴ്ചയില്‍ ഏതാനും വിമാനങ്ങള്‍ മാത്രമായി ഒതുങ്ങുന്ന പശ്ചാത്തലത്തില്‍ എന്നാണ് നാടണയാന്‍ കഴിയുകയെന്ന ആധിയോടെയാണ് നിരവധി പേര്‍ കഴിച്ചു കൂട്ടുന്നത്. വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചാല്‍ മാത്രമേ ഇവര്‍ക്ക് നാട്ടില്‍ പോകാന്‍ കഴിയുകയുള്ളൂ. അടിയന്തിര പ്രാധാന്യമുള്ള യാത്രക്കാരുടെ പട്ടികയിലെ ഗര്‍ഭിണികള്‍, രോഗികള്‍, പ്രായം ചെന്നവര്‍, സന്ദര്‍ശക വിസക്കാര്‍, വിസാ കാലാവധി കഴിഞ്ഞവര്‍ തുടങ്ങിയവര്‍ തന്നെ ഏറെയുണ്ട്. ഇവരുടെയെല്ലാം ഊഴം കഴിഞ്ഞ ശേഷം മാത്രമേ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും ദീര്‍ഘ കാല അവധിയിലുള്ളവര്‍ക്കും യാത്ര ചെയ്യാനുള്ള അവസരം ലഭിക്കുകയുള്ളൂ. അതിന് ഇനിയും എത്ര നാള്‍ കാത്തിരിക്കണമെന്നതിനെ കുറിച്ച് പറയാനാവാത്ത അവസ്ഥയാണ്. ഈ മാസം 17നാണ് അബുദാബിയില്‍ നിന്നും ദുബൈയില്‍ നിന്നും കൊച്ചിയിലേക്ക് വിമാനം പുറപ്പെടുന്നത്.
    18ന് അബുദാബിയില്‍ നിന്ന് തിരുവനന്തപുരത്തേക്കും 23ന് കണ്ണൂരിലേക്കും വിമാനം പറക്കുന്നുണ്ട്. കൂടാതെ, 23ന് ദുബൈയില്‍ നിന്നും കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും വിമാന സര്‍വീസുണ്ട്. 18, 19, 22 തീയതികളില്‍ ദുബൈയില്‍ നിന്നും മംഗലാപുരം, ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും യാത്രാ സൗകര്യമുണ്ട്. മേല്‍ സര്‍വീസുകളെല്ലാം എയര്‍ ഇന്ത്യ എക്‌സ്പ്രസ് തന്നെയാണ് കൈകാര്യം ചെയ്യുന്നത്.