ദുബൈ: യുഎഇയിലും മറ്റിടങ്ങളിലും കുടുങ്ങിയ തൊഴിലാളികളെയും നാവികര്‍ അടക്കമുള്ളയാളുകളെയും അതത് കമ്പനികള്‍ക്ക് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലൂടെ ഇന്ത്യയിലേക്ക് കൊണ്ടുപോകാന്‍ ഇന്ത്യ അനുമതി നല്കി. നാവികരെയും മറ്റു ജീവനക്കാരെയും അവരുടെ വിദേശത്തെ തൊഴിലുടമകള്‍ക്ക് ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങളില്‍ കൊണ്ടുപോകാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച പുറപ്പെടുവിച്ച ഔദ്യോഗിക മെമ്മോറാണ്ഡത്തിലാണ് ഔപചാരികമായി വ്യക്തമാക്കിയിരിക്കുന്നത്. വന്ദേ ഭാരത് മിഷന് രണ്ടാം ഘട്ടം ശനിയാഴ്ച അവസാനിക്കുന്നത് കണക്കിലെടുത്താണ് ഈ പ്രഖ്യാപനം വന്നിരിക്കുന്നതെന്ന് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു.
ധാരാളമുള്ള തങ്ങളുടെ ജീവനക്കാരെ യുഎഇയില്‍ നിന്നുള്ള കമ്പനികള്‍ക്ക് ചാര്‍ട്ടര്‍ വിമാനങ്ങളിലൂടെ ഇന്ത്യയിലേക്ക് കൊണ്ടുപോകാമെന്ന് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുലിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറഞ്ഞു. തങ്ങളുടെ ജീവനക്കാരെ നാട്ടിലെത്തിക്കാന്‍ കാത്തിരിക്കുന്ന കമ്പനികളുണ്ട്. ഇത്തരം ചില കമ്പനികള്‍ അനുമതിക്കായി ഇതിനകം തങ്ങളെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയം ഇന്ത്യന്‍ അംബാസഡര്‍ പവന് കപൂര്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. എംബസിയിലും കോണ്‍സുലേറ്റിലുമായി ഇത്തരത്തിലുള്ള 12,000 ജീവനക്കാരുടെ അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ടിക്കറ്റ് നിരക്ക് യാത്രക്കാരനോ, അല്ലെങ്കില്‍ തൊഴിലുടമയോ വഹിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം സറക്കുലറില് പറയുന്നു.
യുഎഇ നിയമമനുസരിച്ച് ജന്മനാട്ടിലേക്ക് പോകുന്ന ജീവനക്കാരുടെ റിട്ടേണ്‍ ടിക്കറ്റ് നല്കല് കമ്പനികളുടെയോ, സ്പോണ്‍സര്‍മാരുടെയോ ഉത്തരവാദിത്തമാണ്. ഏതായാലും, അപേക്ഷിച്ചവര്‍ അതിന് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അധികൃതര്‍ പ്രമുഖ യുഎഇ മാധ്യമത്തോട് പറഞ്ഞു.
ഇന്ത്യയിലെത്തിയ ഉടന്‍ തങ്ങള്‍ 14 ദിവസത്തെ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനിലിരിക്കുമെന്നും അതിന്റെ ചെലവ് സ്വയമോ, അല്ലെങ്കില്‍ കമ്പനിയോ വഹിക്കുമെന്നും മുഴുവന്‍ യാത്രക്കാരും വിമാനത്തില്‍ കയറുന്നതിന് മുന്‍പ് എഴുതി നല്‍കണം.
മെയ് 7ന് ആരംഭിച്ച ഒന്നാം ഘട്ട വന്ദേ ഭാരത് മിഷനില്‍ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങളിലായി 4,000ത്തിലധികം ഇന്ത്യക്കാര്‍ തങ്ങളുടെ ജന്മനാടുകളിലേക്ക് പറന്നു കഴിഞ്ഞു. കെഎംസിസി 10 ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റിനായി പ്രപ്പോസല്‍ സമര്‍പ്പിച്ച കാര്യം ഇതിനകം കേന്ദ്ര സര്‍ക്കാറിനെ നയതന്ത്ര കാര്യാലയം അറിയിച്ചിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്യപ്പെട്ട ഇന്ത്യക്കാരില്‍ ഏറ്റവുമധികം മലയാളികളാണെന്നതിനാല്‍ നേരത്തെ തന്നെ ഇവരെ നാട്ടിലെത്തിക്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചിരുന്നതാണ്. ഇത് കണക്കിലെടുത്താണ് വന്ദേഭാരത് മിഷനില്‍ ഏറ്റവുമധികം വിമാനങ്ങള്‍ കേരളത്തിലേക്ക് അനുവദിച്ചതുമെന്നും റിംോര്ട്ടില് കൂട്ടിച്ചേര്‍ത്തു.