ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസ്: അനുമതിയായിട്ടില്ല -ഇന്ത്യന്‍ കോണ്‍സുലേറ്റ്

    ‘ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസിന്റെയും ക്വാറന്റീന്‍ നിരക്കിന്റെയും പേരില്‍ മുന്‍കൂറായി ചിലര്‍ പണം വാങ്ങുന്നുവെന്ന വിവരം ലഭിച്ചു. ഇത്തരക്കാരുടെ നീക്കത്തിന് ഇരകളാവരുത്’

    ദുബൈ: ഇന്ത്യയിലേക്ക് ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസമോയി ബന്ധപ്പെട്ട് ചില ട്രാവല്‍ ഏജന്‍സികള്‍ യുഎഇയിലുള്ള ഇന്ത്യക്കാരില്‍ നിന്നും ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസിന്റെയും ക്വാറന്റീന്‍ നിരക്കിന്റെയും പേരില്‍ മുന്‍കൂറായി പണം വാങ്ങുന്നുവെന്ന വിവരം തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും ആയതിനാല്‍, ഇത്തരക്കാരുടെ നിയമ വിരുദ്ധമായ നീക്കത്തില്‍ ഇന്ത്യക്കാര്‍ ഇരകളാവരുതെന്നും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു.
    യുഎഇയില്‍ നിന്ന് ഇതു വരെ ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസിന് ഇന്ത്യാ ഗവണ്‍മെന്റ് അനുമതി നല്‍കിയിട്ടില്ല. ഇന്ത്യയിലേക്ക് ചാര്‍ട്ടേര്‍ഡ് സര്‍വീസിനായുള്ള പ്രപ്പോസല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അംഗീകരിക്കേണ്ടതുണ്ട്. അതിന്റെ റൂട്ടിംഗ് കോണ്‍സുലേറ്റ് മുഖേനയാണ് നടക്കുക. ഇന്ത്യക്കും യുഎഇക്കുമിടക്കുള്ള കോവിഡ് 19മായി ബന്ധപ്പെട്ട നിലവിലെ സാഹചര്യത്തില്‍ മാറ്റമില്ല. ചില ട്രാവല്‍ ഏജന്റുമാരുടെയും തട്ടിപ്പുകാരുടെയും ചതിയില്‍ വീഴരുതെന്നും കോണ്‍സുലേറ്റ് വൃത്തങ്ങള്‍ ഉണര്‍ത്തി.
    വിമാന ചാര്‍ട്ടറിംഗുമായി ബന്ധപ്പെട്ട് നിരവധി കമ്പനികളും പ്രസ്ഥാനങ്ങളും കോണ്‍സുലേറ്റിന് ഇതിനകം പ്രപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇക്കാര്യം കഴിഞ്ഞ ദിവസം ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ വെളിപ്പെടുത്തിയിരുന്നു. തങ്ങളുടെ 12,000ത്തോളം ജീവനക്കാരെ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ അയക്കാന്‍ സന്നദ്ധമാണെന്ന് അറിയിച്ച് ഏതാനും കമ്പനികളില്‍ നിന്നും അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും ഈ പ്രപ്പോസലുകള്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ടെന്നും അനുമതി ലഭിക്കുന്ന മുറക്ക് ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, ചില ട്രാവല്‍ ഏജന്‍സികള്‍ ഈ അവസരം മുതലാക്കി വിമാന സര്‍വീസിനും ക്വാറന്റീനും എന്ന് പറഞ്ഞ് ആളുകളില്‍ നിന്നും മുന്‍കൂറായി പണം വാങ്ങുന്നുണ്ടെന്ന വിവരം അടുത്തിടെ പുറത്തു വന്നു. ഈ പശ്ചാത്തലത്തിലാണ് കോണ്‍സുല്‍ ജനറല്‍ പത്രക്കുറിപ്പില്‍ കാര്യം വ്യക്തമാക്കിയത്.