മടക്കയാത്ര ഭര്‍ത്താവിന്റെ ചേതനയറ്റ ശരീരവുമായി; ദുരിതം പേറി കൊല്ലമ്മാള്‍

110
കൊല്ലമ്മാള്‍ ഭര്‍ത്താവ് കുമാറിനൊപ്പം

ദുബൈ: നാട്ടിലേക്കുള്ള മയക്കയാത്ര കണ്ണീരിന്റെ ദുരന്ത യാത്രയാകുമെന്ന് കൊല്ലമ്മാള്‍ ഒരിക്കലും കരുതിക്കാണില്ല. ഒരു സ്ത്രീയുടെ ജീവിതത്തില്‍ ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത അത്യപൂര്‍വ്വ അനുഭവവുമായാണ് ഈ യുവതി ഈ കോവിഡ് കാലത്ത് നാട്ടിലേക്ക് യാത്രയായത്. താന്‍ സഞ്ചരിക്കുന്ന വിമാനത്തില്‍ ചരക്ക് സൂക്ഷിക്കുന്ന ഭാഗത്ത് ഭര്‍ത്താവിന്റെ മൃതദേഹം. നാട്ടിലേക്ക് പോവാന്‍ ഇരുവരും ഒരുമിച്ചാണ് തീരുമാനിച്ചിരുന്നുവെങ്കിലും യാത്ര പുറപ്പെട്ടപ്പോള്‍ ഒരാളുടെ അന്ത്യയാത്രയാവുകയായിരുന്നു. വെള്ളിയാഴ്ച ദുബൈയില്‍ നിന്നും ചെന്നൈയിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ഹൃദയം പൊട്ടുന്ന വേദനയോടെ 29 കാരിയായ കൊല്ലമ്മാള്‍ക്ക് യാത്ര ചെയ്യേണ്ടിവന്നത്. ഇതേ വിമാനത്തിലാണ് ഭര്‍ത്താവ് ഐ.എം കുമാര്‍ (35) ന്റെ മൃതദേഹം നാട്ടിലേക്കയക്കുന്നത്. മറ്റു യാത്രക്കാര്‍ക്കൊപ്പം തേങ്ങുന്ന മനസ്സോടെയാണ് കൊല്ലമ്മാള്‍ ചെന്നൈയിലേക്ക് യാത്രതിരിച്ചത്. റാസല്‍ഖൈമയില്‍ റാക് സിറാമിക്‌സില്‍ ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസറായി ജോലി ചെയ്തിരുന്ന കുമാര്‍ ഏപ്രില്‍ 13നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. മൂന്ന് വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. ഇതുവരെ ഒറ്റക്ക് യാത്രചെയ്യാത്ത തന്നെ തനിച്ചാക്കി അവര്‍ പോയെന്ന് കൊല്ലമ്മാള്‍ വിലപിക്കുന്നു. വെള്ളിയാഴ്ച ചെന്നൈയിലേക്ക് പുറപ്പെട്ട രണ്ട് വിമാനങ്ങളിലായി ഇവരെ കൂടാതെ 200 തൊഴിലാളികള്‍, 37 ഗര്‍ഭിണികള്‍, 42 മറ്റു രോഗങ്ങളുള്ളവര്‍ തുടങ്ങിയവരാണ് യാത്ര ചെയ്തത്.