അതിജീവനത്തിന്റെ കൃഷിപാഠവുമായി എല്ലാവരും പാടത്തേക്ക്

കെ കണ്ണപുരം ഇസ്സത്തുല്‍ ഇസ്‌ലാം ജമാഅത്ത് കമ്മിറ്റി നടപ്പാക്കുന്ന നെല്‍കൃഷി പദ്ധതിക്ക് തുടക്കം കുറിച്ചപ്പോള്‍

ചെറുകുന്ന്: തരിശ് നിലങ്ങളെ ജീവസുറ്റതാക്കി മാറ്റാന്‍ ഒരു നാട് ഒരുമിച്ചിറങ്ങി. നെന്മണിയില്‍ വിളയും ഭക്ഷ്യസുരക്ഷയുടെ നല്ല പാഠം. കെ കണ്ണപുരം ഇസ്സത്തുല്‍ ഇസ്‌ലാം ജമാഅത്ത് കമ്മറ്റിയാണ് സുഭിക്ഷ കേരള പദ്ധതിയുമായി ബന്ധപ്പെട്ട് കമ്മറ്റിയുടെ പരിധിയില്‍ തരിശായി കിടക്കുന്ന അഞ്ചേക്കര്‍ വയലില്‍ നെല്‍കൃഷിക്ക് തുടക്കം കുറിച്ചത്. അതിജീവനത്തിന്റെ ഈ കാലത്ത് മഹല്ലിലെ മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും കൃഷിയോട് ആഭിമുഖ്യം വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം. അതിജീവനത്തിന്റെ കൃഷിപാഠം എല്ലാവരും പാടത്തേക്ക് എന്ന പേരിലാണ് സമഗ്ര നെല്‍കൃഷി പദ്ധതി നടപ്പാക്കുന്നത്.
കല്ല്യാശ്ശേരി കൃഷി ഭവനുമായി നടപ്പാക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് കൃഷി ഓഫീസര്‍ പി ലത നിര്‍ദ്ദേശങ്ങള്‍ നല്‍കി. ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് പികെപി മുഹമ്മദ് അസ്്‌ലമിന്റെ നേതൃത്വത്തില്‍ വാര്‍ഡ് അംഗം കെ ജനാര്‍ദ്ദനന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പികെ മഹമൂദ് മുസ്‌ല്യാര്‍ പ്രാര്‍ത്ഥന നടത്തി. കെപി റാഷിദ്, കെപി അബ്ദുല്‍ ഹക്കീം ഹാജി, എം ഇസ്മയില്‍, സിടി അമീറലി. പികെ ഹംസ, പികെ റഫീഖ്, കെപി ശാദുലി ഹാജി, കെപി മഹമൂദ്, കെകെ റാം പങ്കെടുത്തു.