കുറുക്കുവഴികളിലൂടെ അതിര്‍ത്തി കടക്കല്‍: ചെറുപുഴയില്‍ നാല് പാലങ്ങള്‍ അടച്ചു

കാസര്‍കോട് കണ്ണൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന ചെറുപുഴ കൊല്ലാട പാലം അടച്ചപ്പോള്‍

ചെറുപുഴ: കണ്ണൂര്‍ കാസര്‍കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചെറുപുഴയിലെ നാല് പാലങ്ങള്‍ അടച്ചു. ജില്ലാ പ്രവേശന കേന്ദ്രത്തിലെ പരിശോധന മറികടക്കാന്‍ കാസര്‍കോട് ജില്ലയില്‍ നിന്നും കണ്ണൂരിലേക്കുള്ള ചെറിയ പാലങ്ങള്‍ ഉപയോഗപ്പെടുത്താന്‍തുടങ്ങിയതോടെയാണ് നടപടി.
നിലവില്‍ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ചെറുപുഴ പഞ്ചായത്ത് ഹോട്ട്‌സ്‌പോട്ട് ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ചെറുപുഴ പഞ്ചായത്തിലേക്ക് പ്രവേശിക്കുന്ന നെടുങ്കല്ല്, കൊല്ലാട, ചെറുപുഴ തടയണയുടെ മുകളിലെ ട്രാക്ടര്‍ വേ, പുളിങ്ങോം പാലാവയല്‍ പാലം എന്നിവയാണ് അടച്ചിട്ടത്.
മലയോര ഹൈവേ കടന്നുപോകുന്ന ചിറ്റാരിക്കാല്‍ ചെറുപുഴ പുതിയ പാലം വഴിമാത്രമാണ് ഇപ്പോള്‍ വാഹനഗതാഗതം അനുവദിച്ചിട്ടുള്ളത്. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിക്കുന്ന കരിവെള്ളൂര്‍ ആളൂരിലെ ചെക്ക് പോസ്റ്റിലെ പരിശോധന ഒഴിവാക്കാനാണ് കുറുക്കുവഴികള്‍ ഉപയോഗപ്പെടുത്തുന്നത്. വാഹനങ്ങളിലെത്തുന്നവര്‍ക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് പാസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.എന്നാല്‍ പാസുകള്‍ ലഭിക്കാന്‍ കാലതാമസമെടുക്കുന്നതിനാല്‍ പലരും കാസര്‍കോട് ജില്ലയിലെത്തി മലയോരത്തെ വഴികള്‍ ഉപയോഗപ്പെടുത്തുകയാണ്.
ഇവരുടെ ക്വാറന്റീന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ ആരോഗ്യവകുപ്പും പ്രയാസപ്പെടുകയാണ്. ഇതിന് തടയിടാനാണ് ഇടറോഡുകള്‍ അടച്ചിടാന്‍ പൊലീസ് തീരുമാനിച്ചത്.