‘വിലകൂട്ടാതെ വില്‍പന നടത്താനാകില്ല’ ചിക്കന്‍ കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുന്നു

11

കോഴിക്കോട്: വിലവര്‍ധനവിന് അനുസൃതമായി വില്‍പന നടത്താന്‍ അനുമതി ലഭ്യമാകാത്തതിനെ തുടര്‍ന്ന് ജില്ലയിലെ കോഴികടകള്‍ ഇന്നുമുതല്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുന്നു. നിലവിലുള്ള സ്റ്റോക്ക് വിറ്റഴിച്ചശേഷം രാവിലെ 10മണി മുതലാണ് അടച്ചിടുകയെന്ന് ചിക്കന്‍ വ്യാപാരികളുടെ സംഘടന അറിയിച്ചു. തമിഴ്‌നാട്ടില്‍നിന്നെത്തുന്ന കോഴിവില വര്‍ധിച്ചിട്ടും ജില്ലയില്‍ വിലവര്‍ധനവിന് അധികൃതര്‍ അനുമതി നല്‍കുന്നില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന ലൈവ് കോഴിയ്ക്ക് ഇന്നലെ 120രൂപയാണ് ഈടാക്കിയത്.
വ്യാപാരകേന്ദ്രങ്ങളിലെത്തുമ്പോള്‍ 135രൂപയാകും. പിന്നീട് മറ്റുചെലവുകളെല്ലാം കഴിഞ്ഞ് 230-240രൂപയ്ക്ക് മാത്രമേ ഉപഭോക്താക്കള്‍ക്ക് വില്‍പന നടത്താന്‍ കഴിയൂയെന്ന് വ്യാപാരികള്‍ പറഞ്ഞു. എന്നാല്‍ ജില്ലാകലക്ടറുടെ അനുമതിയുള്ളത് 180-200രൂപവരെ വില്‍ക്കാനാണ്. എന്നാല്‍ ഈവിലയ്ക്ക് വില്‍പന നടത്തുന്നത് നഷ്ടമുണ്ടാക്കുമെന്നും അയല്‍ ജില്ലകളിലെല്ലാം വര്‍ധിപ്പിച്ച വിലയാണ് ഈടാക്കുന്നതെന്നും ചിക്കന്‍ വ്യാപാരസമിതി പറഞ്ഞു.
റമസാന്‍ കാലമായതിനാല്‍ ചിക്കന് ആവശ്യക്കാര്‍ ഏറെയാണ്. മൂന്നാഴ്ച മുന്‍പ് 150-160രൂപയാണ് കിലോയ്ക്ക് ഈടാക്കിയിരുന്നത്. പിന്നീട് 180-200വരെയെല്ലാം വര്‍ധനവ് വരുത്തി. പലരുംതോന്നിയപോലെ വിലഈടാക്കിയതോടെ വിലഏകീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. നേരത്തെ തമിഴ്‌നാട്ടില്‍നിന്ന് 85 രൂപയ്ക്ക് ലഭിച്ചിരുന്ന ചിക്കന്‍ ഇപ്പോള്‍ ലഭിക്കുന്നത് 120രൂപയ്ക്കാണ്. ഡിമാന്റ്കൂടിയതും കോവിഡ് സാഹചര്യവും വിലകൂടുന്നതിന് കാരണമാക്കിയതായി വ്യാപാരികള്‍ പറഞ്ഞു. ലഗോണ്‍, ബ്രോയിലര്‍, സ്പ്രിംഗ് ഇനങ്ങളാണ് പ്രധാനമായും വിപണിയില്‍ ലഭിക്കുന്നത്. ഇതില്‍ ബ്രോയിലര്‍ കോഴിയ്ക്കാണ് ആവശ്യക്കാര്‍ ഏറെയുള്ളത്. പക്ഷിപനിയെ തുടര്‍ന്ന് കേരളത്തിലെ ഫാമുകളില്‍ നിന്നുള്ള വില്‍പനയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്.
അതേസമയം, കഴിഞ്ഞദിവസങ്ങളില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ കോഴികടകളില്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു. വിലകൂട്ടി വിറ്റകടകള്‍ അടപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍കൂടിയാണ് ചിക്കന്‍കടകള്‍ അടച്ചിടാന്‍ വ്യാപാരികള്‍ തീരുമാനിച്ചത്.