ചിത്താരിയില്‍ ഭീതി പരത്തി ആഫ്രിക്കന്‍ ഒച്ചുകള്‍

8
ചിത്താരിയില്‍ ഭീഷണിയായ ആഫ്രിക്കന്‍ ഒച്ചുകള്‍

ചിത്താരി: ആഫ്രിക്കന്‍ ഒച്ച് ഭീഷണിയില്‍ ചിത്താരി. അജാനൂര്‍ പഞ്ചായത്തിലെ ചിത്താരിയിലെ വീടുകളിലും കൃഷിയിടങ്ങളിലുമെല്ലാം നിലയുറപ്പിച്ചിരിക്കുന്ന ആഫ്രിക്കന്‍ ഒച്ച് ഏറെ പ്രയാസമാണ് സൃഷ്ടിക്കുന്നത്. ഒച്ചിന്റെ തോടുകള്‍, സ്രവം, കാഷ്ടം എന്നിവയൊക്കെ ഏറെ ബുദ്ധിമുട്ടാണ് നാട്ടുകാര്‍ക്ക് സൃഷ്ടിക്കുന്നത്.
ഒച്ചിന്റെ സ്രവങ്ങളോ കാഷ്ടമോ ശരീരത്തിലായാല്‍ അസഹനീയമായ ചൊറിച്ചിലും പാടുകളും അനുഭവപ്പെടുന്നുണ്ട്. ആറ് മാസം വളര്‍ച്ച പൂര്‍ത്തിയാക്കുന്നതോടെ മാസങ്ങളുടെ വ്യത്യാസത്തില്‍ ആയിരക്കണക്കിന് മുട്ടകളിടുന്ന ഇവ പ്രദേശത്താകമാനം പെരുകിയിരിക്കുകയാണ്. അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും കാര്യമായ ഇടപെടലുകള്‍ ഉണ്ടായില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ആഫ്രിക്കന്‍ ഒച്ച് മസ്തിഷ്‌ക്ക ജ്വരത്തിന് കാരണമാകുന്ന വൈറസ് വാഹകാരാണെന്ന ആരോഗ്യ വകുപ്പിന്റെ സ്ഥിരീകരണം നാട്ടുകാരില്‍ കൂടുതല്‍ ഭയമുളവാക്കുന്നു. മൂന്ന് വര്‍ഷം വരെ തോടിനുള്ളില്‍ കഴിയാന്‍ സാധിക്കുന്ന ഇവയുടെ ശല്യം ഇവിടെ കഴിഞ്ഞ വര്‍ഷവും ഉണ്ടായിരുന്നു. ഉപ്പു വിതറിയാണ് ഇവയില്‍ നിന്നുള്ള താല്‍ക്കാലിക ആശ്വാസം കണ്ടെത്തുന്നത്. പറമ്പിലെ മരങ്ങള്‍, ചെടികള്‍, മതിലുകള്‍ എന്നിവിടങ്ങളില്‍ കഴിയുന്ന ഇവയെ പൂര്‍ണമായി നശിപ്പിക്കാനാവത്തതിനാല്‍ വീണ്ടും പെരുകുകയാണ്. ഒച്ചിനെ അകറ്റാനുള്ള നടപടികള്‍ ഒച്ചിഴയും വേഗത്തിലാകുമ്പോള്‍ നാടിനെ രക്ഷിക്കാന്‍ അധികൃതര്‍ ഇടപെടമെന്നാണ് നാട്ടുകാര്‍ പറയുന്നത്.