ദുബൈ: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ മലയാളികള്‍ നാട്ടിലേക്കെത്തുമ്പോള്‍ ക്വാറന്റീന് ഉള്‍പ്പടെയുള്ള ചെലവുകളെല്ലാം വരുന്നവര്‍ തന്നെ വഹിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പ്രവാസി സമൂഹത്തെ നിരാശയിലാഴ്ത്തുന്ന വാഗ്ദത്ത ലംഘനമാണെന്ന് കെഎംസിസി. തിരിച്ചു വരാനായി ഏര്‍പ്പെടുത്തിയ നോര്‍ക ഹെല്പ് ലൈനില്‍ രണ്ടു ലക്ഷത്തിലേറെ പേര് രജ്സ്റ്റര്‍ ചെയ്ത സമയത്ത് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത് മടങ്ങി വരുന്നവരുടെ ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നാണ്. ഏപ്രില്‍ അവസാന വാരം മുഖ്യമന്ത്രി നല്കിയ ആ ഉറപ്പ് പാലിക്കില്ലെന്നാണ് മെയ് അവസാന വാരമായപ്പോള്‍ മുഖ്യമന്ത്രി തന്നെ പറയുന്നത്. പ്രവാസി സമൂഹത്തോടുള്ള കടുത്ത അവഗണനയും അവഹേളനവുമാണിത്. മുഖ്യമന്ത്രിയുടെ പുതിയ വെളിപ്പെടുത്തലിനെതിരെ രംഗത്ത് വന്ന യുഎഇ കെഎംസിസി വ്യക്തമാക്കി.
വിദേശത്ത് നിന്ന് പ്രവാസികള്‍ നാട്ടിലെത്തിയാല്‍ അവര്‍ക്കുള്ള എല്ലാ സൗകര്യങ്ങളും സാഹചര്യവും ഒരുക്കിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി ഏപ്രില്‍ അവസാനം നല്കിയ ഉറപ്പ്. രണ്ടു ലക്ഷം പേരെ ക്വാറന്റീന് ചെയ്യാനുള്ള സംവിധാനം മാത്രമല്ല, അതില്‍ കൂടുതല്‍ പേര് തിരിച്ചെത്തിയാലും അവരെയെല്ലാം സ്വീകരിക്കാനും സുരക്ഷിതമായി പാര്‍പ്പിക്കാനുമുള്ള പദ്ധതിയും തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതാണ്. മുഖ്യമന്ത്രിയുടെ വാക്ക്വിശ്വസിച്ച പ്രവാസികളെ അവഹേളിക്കുന്ന നിലപാടാണ് അദ്ദേഹം ഇപ്പോള്‍ എടുത്തിരിക്കുന്നത്. നാട്ടിലെത്തുന്നത്പാവങ്ങളായാലും വരുന്നവര്‍ തങ്ങളുടെ ചെലവ് വഹിക്കണമെന്ന പ്രഖ്യാപനം കടുത്ത അനീതിയാണ്. ക്വാറന്റീന് ചെയ്യുന്നത് മുതല്‍ വീട്ടിലെത്തിക്കുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇങ്ങനെ വാഗ്ദത്തം ലംഘിക്കാന്‍ പാടില്ല. കെഎംസിസി യുഎഇ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന് പ്രതികരിച്ചു.
പ്രവാസികളെ തിരിച്ചെത്തിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മുഴുവന്‍ പ്രവാസി സംഘടനകളുടെയും സഹായവും പിന്തുണയും ഈ ഘട്ടത്തില്‍ പ്രവാസികള്‍ക്ക് ഉണ്ടാകുവെന്ന് നേരത്തെ പലവട്ടം ആവര്‍ത്തിച്ച മുഖ്യമന്ത്രി, ഇപ്പോള്‍ എടുത്ത തീരുമാനം പ്രവാസികളെ കയ്യൊഴിയുന്നതാണ്. തീര്‍ത്തും നിസ്സഹായരും നിര്ധനരുമായവരാണ് നാട്ടിലെത്താന്‍ കാത്തിരിക്കുന്നത്. ജോലി നഷ്ടപ്പെട്ട് പ്രവാസി കൂട്ടായ്മകളുടെ കാരുണ്യത്തില്‍ കഴിഞ്ഞവരും സമ്പാദ്യമൊന്നും ഇല്ലാത്തവരുമാണ് തിരിച്ചു വരുന്നത്. അവരെ പറഞ്ഞ് പറ്റിക്കുകയാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്. പ്രവാസികളുടെ കാര്യത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനകള്‍ മുഴുവനും വാചകക്കസര്‍ത്തുകള്‍ മാത്രമായി മാറുന്നത് ഏറെ ഖേദകരമാണ്. കേരള സര്‍ക്കാര്‍ ഈ തീരുമാനം പുന: പരിശോധിക്കണം. കെഎംസിസി ആവശ്യപ്പെട്ടു.