അവര്‍ വീണ്ടുമെത്തുന്നു പരീക്ഷാ ഹാളിലേക്ക്

പെരിങ്ങോം ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എം എസ് എഫ് പ്രവര്‍ത്തകരും വൈറ്റ് ഗാര്‍ഡ് വളന്റിയര്‍മാരും മേല്‍ക്കൂര ഓടുപാകി ഒരുക്കുന്നു

10 ഉം 12ഉം കടക്കണം

കണ്ണൂര്‍: സുരക്ഷാ മാനദണ്ഡങ്ങളുടെ കരുതലില്‍ അവര്‍ വീണ്ടുമെത്തുന്നു പരീക്ഷാ ഹാളിലേക്ക്. പാളിച്ചകളില്ലാതെ മികച്ച സൗകര്യങ്ങളെന്ന് ഒരുക്കിയിരിക്കുന്നതെന്ന് ജില്ലാ ഭരണകൂടം. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ മാറ്റിവെച്ച എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ ഇന്ന് പുനരാരംഭിക്കുമ്പോള്‍ 104,064 വിദ്യാര്‍ത്ഥികളാണ് വീണ്ടും പരീക്ഷാ കേന്ദ്രങ്ങളിലെത്തുന്നത്.
ഹയര്‍ സെക്കന്ററി പരീക്ഷകള്‍ ഇന്ന് രാവിലെയും എസ്.എസ്.എല്‍.സി പരീക്ഷ ഉച്ചയ്ക്കുമാണ് നടക്കുക. ജില്ലയില്‍ 203 കേന്ദ്രങ്ങളിലായി 33737 വിദ്യാര്‍ത്ഥികള്‍ എസ്എസ്എല്‍സിയും 157 കേന്ദ്രങ്ങളിലായി 67427 വിദ്യാര്‍ത്ഥികള്‍ ഹയര്‍സെക്കന്ററി വിഭാഗത്തിലും പരീക്ഷയെഴുതും. വിഎച്ച്എസ്ഇ വിഭാഗത്തില്‍ 19 കേന്ദ്രങ്ങളിലായി 2900 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്.
പരീക്ഷ നടക്കുന്ന മുഴുവന്‍ വിദ്യാലയങ്ങളും ക്ലാസ് മുറികളും കഴിഞ്ഞ ദിവസങ്ങളില്‍ സ്‌കൂള്‍ പിടിഎയുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ അഗ്നിരക്ഷാസേന അണുവിമുക്തമാക്കിയിരുന്നു. പരീക്ഷാ ഹാളില്‍ സാനിറ്റൈസര്‍, സോപ്പ്, കൈകഴുകാനാവശ്യമായ സൗകര്യവും ഒരുക്കിയിട്ടുണ്ട്. പരീക്ഷ കേന്ദ്രങ്ങളില്‍ തെര്‍മല്‍ സ്‌കാനിംഗ് പരിശോധനയുള്‍പ്പെടെ നടത്താന്‍ രണ്ട് ഫീല്‍ഡ് ലെവല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനവും ലഭ്യമാക്കും.
മുഴുവന്‍ വിദ്യാര്‍ത്ഥികളെയും തെര്‍മല്‍ സ്‌കാനിംഗ് നടത്തിയതിന് ശേഷം മാത്രമാണ് പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിക്കുക. വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം.
നിശ്ചയിച്ച പ്രകാരം നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് പരീക്ഷകള്‍ നടക്കുന്നതെന്ന് ഉറപ്പാക്കേണ്ടത് വിദ്യാഭ്യാസ ഉപ ഡയറക്ടറാണെന്ന് ജില്ലാ കലക്ടര്‍ ടിവി സുഭാഷ് പറഞ്ഞു.

സജ്ജീകരണങ്ങള്‍ ഇങ്ങനെ
= ഇരിപ്പിടങ്ങള്‍ ഒരുക്കിയത് ഒന്നര മീറ്റര്‍ അകലത്തില്‍.
= ബസ് സര്‍വീസില്ലാത്ത സ്ഥലങ്ങളില്‍ യാത്രക്കായി സ്‌കൂള്‍ ബസുകള്‍ എര്‍പ്പാടാക്കിയിട്ടുണ്ട്.
= സുരക്ഷ സംവിധാനങ്ങളൊരുക്കാനും പരീക്ഷ കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാനും പൊലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിക്കാണ് മേല്‍നോട്ടം.

പൊലീസ് സുരക്ഷയൊരുക്കും
എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി, വിഎച് എസ്ഇ പരീക്ഷാ കേന്ദ്രങ്ങളില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കര്‍ശന സുരക്ഷാ മുന്‍കരുതലൊരുക്കും. ആരോഗ്യ വകുപ്പ് നിര്‍ദേശപ്രകാരം പൊലീസിന്റെ നേതൃത്വത്തില്‍ ശക്തമായ സുരക്ഷയുമുണ്ടാകും.

മുന്‍കരുതലായി
= പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് 500 മീറ്റര്‍ ചുറ്റളവില്‍ കടകള്‍ തുറക്കാന്‍ പാടില്ല. പരീക്ഷ എഴുതാനെത്തുന്ന കുട്ടികള്‍ പുറത്തുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് നടപടി.
= കണ്ടെയ്ന്‍മെന്റ് സോണിലെ പരീക്ഷ കേന്ദ്രങ്ങളുടെ പരിസരത്ത് പൊലീസ് ആക്ട് പ്രകാരം നിരോധനാജ്ഞയും ഏര്‍പ്പെടുത്തി.
= പരീക്ഷക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, പരീക്ഷ ജോലിയിലുള്ള അധ്യാപകര്‍, സ്‌കൂള്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് നിരോധനാജ്ഞ ബാധകമല്ല. ഇവരല്ലാതെ ആരും സ്‌കൂള്‍ പരിസരത്ത് കൂട്ടം കൂട്ടുന്നത് അനുവദിക്കില്ല. 30 വരെയാണ് പരീക്ഷകള്‍ നടക്കുന്നത്.
= ഓരോ ദിവസവും പരീക്ഷകള്‍ കഴിഞ്ഞാല്‍ അണുനശീകരണം നടത്തും.
= ഒരു ക്ലാസില്‍ 20 വിദ്യാര്‍ത്ഥികള്‍ എന്ന രീതിയിലാണ് പരീക്ഷ ഹാള്‍ ക്രമീകരണം.
= പനിയോ മറ്റ് അസുഖ ലക്ഷണങ്ങളോ കാണുന്നവരെ ഇരുത്താന്‍ പ്രത്യേക പരീക്ഷാ മുറികളും ഒരുക്കിയിട്ടുണ്ട്.
= ഹോം ക്വാറന്റീനായ വീടുകളില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികളെയും പ്രത്യേകം മുറിയിലാണ് പരീക്ഷക്ക് ഇരുത്തുക.
= കുടിവെള്ളം വീടുകളില്‍ നിന്നും കൊണ്ടുവരാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.