പ്രത്യേക വിമാന സര്‍വീസ്: നാട്ടിലേക്ക് പോകുന്നവരെ സഹായിക്കാന്‍ കോണ്‍സുലേറ്റ് ഹെല്‍പ് ലൈന്‍

179

അന്വേഷണങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പര്‍ 800 244382

ദുബൈ: ഇന്ത്യന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ‘വന്ദേ ഭാരത്’ മിഷന്‍ ഭാഗമായുള്ള പ്രത്യേക വിമാന സര്‍വീസുകളില്‍ നാട്ടിലേക്ക് പോകാനാഗ്രഹിക്കുന്നവരെ സഹായിക്കാന്‍ ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പുതിയ സൗജന്യ ഹെല്‍പ് ലൈന്‍ സര്‍വീസ് ആരംഭിച്ചു. 800 244382 എന്ന ടോള്‍ ഫ്രീ നമ്പറിലൂടെയാണ് മടക്ക യാത്രയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് മറുപടി ലഭിക്കുക. നിലവിലെ ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ കോവിഡ് 19മായും മറ്റും ബന്ധപ്പെട്ട് വന്‍ അന്വേഷണ പ്രവാഹമായതിനാലാണ് പുതിയത് ആരംഭിച്ചതെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ട്വീറ്റില്‍ പറഞ്ഞു. നാട്ടിലേക്ക് പോകാന്‍ തയാറെടുത്തവര്‍ക്ക് വിമാന സമയവും മറ്റു വിവരങ്ങളും പുതിയ നമ്പറിലൂടെ അറിയാനും വെരിഫൈ ചെയ്യാനും സാധിക്കും. കോവിഡ് 19 ഹെല്‍പ് ലൈന്‍ നമ്പറുകളിലെ വിളി ഭാരം കുറക്കാന്‍ പുതിയ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പര്‍ സഹായിക്കുന്നുണ്ടെന്ന് കോണ്‍സുലേറ്റ് അധികൃതര്‍ പറഞ്ഞു. ടെലിമെഡിസിന്‍ കണ്‍സള്‍ട്ടേഷന്‍, കൗണ്‍സലിംഗ് സേവനങ്ങള്‍ നിലവിലെ നമ്പറുകളില്‍ തുടരുന്നുണ്ട്.