കൊറോണ പ്രതിരോധ പ്രവര്‍ത്തനം: വിവിധ പദ്ധതികളുമായി മലപ്പുറം ജില്ലാ കെഎംസിസി

17

ദുബൈ: കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ പ്രവാസി സമൂഹത്തിന്റെ പ്രയാസങ്ങളില്‍ ഇടപെടാന്‍ വിവിധ പദ്ധതികളുമായി ദുബൈ-മലപ്പുറം ജില്ലാ കെഎംസിസി സജീവ സാന്നിധ്യമറിയിക്കുന്നു. ഇതിന്റെ ഭാഗമായി സൂം ഓണ്‍ലൈന്‍ വീഡിയോ കോണ്‍ഫറന്‍സില്‍ ചേര്‍ന്ന മണ്ഡലം പ്രസിഡന്റ്, ജന.സെക്രട്ടറിമാരുടെ യോഗത്തില്‍ വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കി. പെരുന്നാള്‍ ദിനത്തില്‍ ഭക്ഷണം പാകം ചെയ്യാനാവശ്യമായ പലവ്യജ്ഞന സാധനങ്ങളടങ്ങിയ കിറ്റുകള്‍ മണ്ഡലം കമ്മിറ്റികള്‍ മുഖേന 1,500 പേര്‍ക്ക് എത്തിക്കും. പെരുന്നാള്‍ ദിവസം പാകം ചെയ്ത ഉച്ച ഭക്ഷണവും 1,500 പേരിലേക്ക് എത്തിക്കും. വിസിറ്റിംഗ് വിസാ കാലാവധി കഴിഞ്ഞവരും ജോലി നഷ്ടപ്പെട്ട് വിസ റദ്ദാക്കി നാട്ടിലേക്ക് പോകാന്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നവരില്‍ താമസത്തിനും ഭക്ഷണത്തിനും പ്രയാസപ്പെടുന്ന ഏതാനും പേര്‍ക്കും മാനദണ്ഡങ്ങള്‍ക്ക് വിധേയമായി റീജന്‍സി ഗ്രൂപ്പുമായി കൈ കോര്‍ത്ത് സൗജന്യ താമസവും ഭക്ഷണവും ഒരുക്കി കൊടുക്കുന്നതാണ്. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തില്‍ സജീവ പങ്കാളിത്തം നിര്‍വഹിക്കുന്ന ജില്ലാ വളണ്ടിയര്‍ വിംഗിനായി റമദാന് ശേഷം ആദരമൊരുക്കാന്‍ തീരുമാനിച്ചു. നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികളില്‍ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കായി ടിക്കറ്റുകള്‍ നല്‍കുന്നതിന് ഒരു കരുതല്‍ ഫണ്ട് ശേഖരം കണ്ടെത്താന്‍ മണ്ഡലം കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച യോഗത്തില്‍ പ്രസിഡന്റ് ചെമ്മുക്കന്‍ യാഹു മോന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന.സെക്രട്ടറി മുസ്തഫ തിരൂര്‍ ഉദ്ഘാടനം ചെയ്തു. ഡോ. അന്‍വര്‍ അമീന്‍, പി.കെ അന്‍വര്‍ നഹ, കെ.പി.എ സലാം, ആര്‍.ശുക്കൂര്‍, കരീം കാലടി, ജലീല്‍ കൊണ്ടോട്ടി, ഷക്കീര്‍ പാലത്തിങ്ങല്‍, എ.പി നൗഫല്‍, ബദറുദ്ദീന്‍ തറമ്മല്‍, ശിഹാബ് ഏറനാട്, അബ്ദുല്‍ സലാം പരി, ഫക്രുദീന്‍ മാറാക്കര, ജൗഹര്‍ മുറയൂര്‍ പ്രസംഗിച്ചു. സിദ്ദീഖ് കാലൊടി പ്രവര്‍ത്തന അവലോകനം നിര്‍വഹിച്ചു. വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് ഷാഫി മാറഞ്ചേരി ( പൊന്നാനി), ജലീല്‍ (തവനൂര്‍), ഇബ്രാഹിം കുട്ടി പറവണ്ണൂര്‍ (തിരൂര്‍), ബഷീര്‍ (താനൂര്‍), മുസ്തഫ ആട്ടീരി (വേങ്ങര), ഖയ്യൂം എടരിക്കോട് (തിരൂരങ്ങാടി), മുഹമ്മദ് (വള്ളിക്കുന്ന്), ലത്തീഫ് തെക്കഞ്ചേരി (കോട്ടക്കല്‍), സലീം വെങ്കിട്ട് (മങ്കട), അബ്ദുല്‍ ഗഫൂര്‍ (പെരിന്തല്‍മണ്ണ), ഇര്‍ഷാദ് (മലപ്പുറം), അഷ്‌റഫ് (കൊണ്ടോട്ടി), ഫൈസല്‍ ബാബു (മഞ്ചേരി), അന്‍വര്‍ (ഏറനാട്), നിഷാദ് പുല്‍പ്പാടന്‍ (വണ്ടൂര്‍), നാസര്‍ എടപ്പറ്റ (നിലമ്പൂര്‍) ചര്‍ച്ചയില്‍ പങ്കെടുത്തു. പി.വി നാസര്‍ സ്വാഗതവും മുജീബ് കോട്ടക്കല്‍ നന്ദിയും പറഞ്ഞു.