പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കോര്‍പ്പറേഷനെ തഴഞ്ഞ് ജില്ലാ ഭരണകൂടം

അവലോകന യോഗത്തില്‍ കൗണ്‍സിലറെ ഇറക്കിവിട്ടു

കണ്ണൂര്‍: സിപിഎം അപ്രമാധിത്യത്തില്‍ താളംതെറ്റി കോവിഡ് പ്രതിരോധം. കണ്ണൂര്‍ കോര്‍പ്പറേഷനെ പ്രധാന കാര്യങ്ങളില്‍ നിന്നുള്‍പ്പെടെ മാറ്റിനിറുത്തുന്നതിലും പാര്‍ട്ടിതല ഇടപെടലെന്ന് ആരോപണം.
ക്വാറന്റീന്‍ പ്രവര്‍ത്തനങ്ങളുള്‍പ്പെടെ താറുമാറാകുന്ന രീതിയില്‍ ജില്ലാ ഭരണകൂടം കാണിക്കുന്ന നിസംഗതയില്‍ പ്രതിരോധ പ്രവര്‍ത്തനം തന്നെ താളം തെറ്റുകയാണ്. അവലോകന യോഗങ്ങളിലുള്‍പ്പെടെ പല കാര്യങ്ങളിലും കോര്‍പ്പറേഷനെ മാറ്റിനിറുത്തുന്ന സമീപനമാണ് ജില്ലാ ഭരണകൂടം സ്വീകരിക്കുന്നത്. പ്രധാന യോഗങ്ങള്‍ പോലും മേയറെ അറിയിക്കുകയോ ക്ഷണിക്കുയോ ചെയ്യാറില്ലെന്ന് നേരത്തെ പരാതിയുയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം നടന്ന അവലോകന യോഗത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാവായ കൗണ്‍സിലറെ ഇറക്കി വിടുന്ന സ്ഥിതിയുമുണ്ടായി. നിലവില്‍ കോര്‍പ്പറേഷനില്‍ നിന്ന് മേയര്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
കോര്‍പ്പറേഷന്‍ പരിധിയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് ജില്ലാ ഭരണകൂടം കൃത്യമായ വിവരം നല്‍കുന്നില്ലെന്ന പരാതിയുമുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂര്‍ വിമാനത്താവളം വഴി ദുബൈയില്‍ നിന്നെത്തിയ പ്രവാസികളെ ക്വാറന്റീനില്‍ പാര്‍പ്പിക്കാനാകാത്ത അവസ്ഥയിലെത്തിച്ചതും ജില്ലാ ഭരണകൂടത്തിന്റെ അലംഭാവമാണ്. ക്വാറന്റൈനായി നിശ്ചയിച്ച റിസോര്‍ട്ടിലെ മുറി ശുചീകരിക്കാത്തതിനാല്‍ അര്‍ദ്ധരാത്രിയിലും മണിക്കൂറുകളോളമാണ് ദുബൈയില്‍ നിന്നെത്തിയ യാത്രക്കാര്‍ക്ക് തെരുവില്‍ കഴിയേണ്ടി വന്നത്. ക്വാറന്റീനില്‍ പോകേണ്ടവരുടെ കൃത്യമായ എണ്ണം കോര്‍പ്പറേഷനെ അറിയിക്കുന്നതിലും ജില്ലാ ഭരണകൂടം വിമുഖത കാണിക്കുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്.
ജില്ലാ ഭരണകൂടം കോര്‍പ്പറേഷനുമായി കൂടിയാലോചന നടത്താത്തതും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളുന്നതിനിടയാക്കുകയാണ്. പോരായ്മകള്‍ കോര്‍പ്പറേഷന്റെ തലയില്‍ ചുമത്തി ജനമധ്യത്തില്‍ മേയറെയും ഭരണകക്ഷിയെയും ഒറ്റപ്പെടുത്തുകയെന്ന സിപിഎം തന്ത്രത്തിന് വിധേയമായാണ് ജില്ലാ ഭരണകൂടം പ്രവര്‍ത്തിക്കുന്നത്. ലോക്ഡൗണ്‍ ആദ്യ ഘട്ടത്തില്‍ നഗരത്തിലെ സമൂഹ അടുക്കള പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷനെ പ്രതിസ്ഥാനത്ത് നിറുത്താന്‍ സിപിഎം ശ്രമിച്ചെങ്കിലും പ്രവര്‍ത്തന മികവ് കൊണ്ട് തരണം ചെയ്യുകയായിരുന്നു ഭരണപക്ഷം.

ക്വാറന്റീന്‍; വിവരം നല്‍കുന്നതിലും പാളിച്ച
നഗരത്തിലെത്തുന്ന പ്രവാസികളെ കുറിച്ചോ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരെ കുറിച്ചോ കൃത്യമായി വിവരം നല്‍കാത്തതാണ് ക്വാറന്റീന്‍ സംവിധത്തിലെ പാളിച്ചകള്‍ക്കിടയാക്കുന്നത്. കഴിഞ്ഞ ദിവസം ദുബൈയില്‍ നിന്ന് എത്തിയവരെ കുറിച്ച് ഹോട്ടലുടമയോ കോര്‍പ്പറേഷനോ അറിഞ്ഞിരുന്നില്ല.
രാത്രി താമസത്തിന് ആളുകളെത്തിയപ്പോഴാണ് ഹോട്ടല്‍ ജീവനക്കാര്‍ വിവരമറിഞ്ഞത്. വരുന്നവരെ കുറിച്ച് അറിയിക്കാത്തതിനാല്‍ മുറികള്‍ ശുചീകരിക്കാനോ അണുവിമുക്തമാക്കാനോ സാധിച്ചില്ല. വരുന്നവരുടെ കൃത്യമായ വിവരം ലഭിക്കാത്തതിനാല്‍ ഭക്ഷണം എത്തിക്കുന്നതിലും പ്രയാസമുണ്ടാക്കുകയാണ്.
ബുധനാഴ്ച രാത്രി 10.30ന് ദുബൈയില്‍ നിന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസിലെത്തിയ എട്ട് യാത്രക്കാരാണ് അര്‍ദ്ധരാത്രിയിലും ഭക്ഷണവും വെള്ളവുമില്ലാതെ തെരുവിലായത്. പയ്യാമ്പലത്തെ റിസോര്‍ട്ടില്‍ ക്വാറന്റീന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് പറഞ്ഞ് ഇവരെ റോഡില്‍ ഇറക്കിവിടുകയായിരുന്നു. ഒടുവില്‍ മുസ്്‌ലിംലീഗ് നേതൃത്വത്തിന്റെയും മുന്‍ ഡെപ്യൂട്ടി മേയര്‍ സി സമീറിന്റെയും ഇടപെടലിലാണ് ഭക്ഷണവും മറ്റൊരിടത്ത് താമസ സൗകര്യവുമൊരുങ്ങിയത്. ഭക്ഷണമെത്തിക്കുന്നതില്‍ വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തനവും യാത്രക്കാര്‍ക്ക് ആശ്വാസമായി.