ആയിരം കടന്ന സാന്ത്വനം; ആത്മവിശ്വാസത്തിലേക്ക് തിരിച്ചുവിളിച്ച് കെഎംസിസി കൗണ്‍സലിംഗ് സെല്‍

1437
ദുബൈ-കണ്ണൂര്‍ ജില്ലാ കെഎംസിസിയുടെ കൗണ്‍സലിംഗ് സെല്ലിന്റെ ഭാഗമായി ബ്രില്യന്‍സ് എജുകേഷന്‍ സെന്ററില്‍ സേവന നിരതരായവര്‍

ദുബൈ: കോവിഡ് 19 വ്യാപനത്തിന്റെയും ലോക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന മാനസിക സംഘര്‍ഷവും ഭീതിയും അകറ്റാന്‍ ദുബൈ-കണ്ണൂര്‍ ജില്ലാ കെഎംസിസി ആരംഭിച്ച കൗണ്‍സലിംഗ് സെല്ലിന്റെ സേവനം ഇതു വരെ ഉപയോഗപ്പെടുത്തിയത് ആയിരത്തിലേറെ പേര്‍. ഡോക്ടര്‍മാര്‍, മന:ശാസ്ത്ര വിദഗ്ധര്‍, കൗണ്‍സലിംഗ് പ്രൊഫഷണലുകള്‍, പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന വിപുലമായ സൗകര്യമാണ് ഇതിനായി ഒരുക്കിയത്. വാക്കുകള്‍ക്ക് മരുന്നുകളെക്കാള്‍ ശക്തിയുള്ള ഈ സമയത്ത് കൗണ്‍സലിംഗ് ആവശ്യമുള്ളവരുടെ പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ച ശേഷം, ഓരോ കേസിന്റെയും സ്വഭാവമനുസരിച്ച് ആ രംഗത്തെ പരിചയ സമ്പന്നരെ ഉപയോഗപ്പെടുത്തിയാണ് പരിഹാരം കണ്ടെത്തുന്നത്. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രില്യന്‍സ് എജുകേഷന്‍ സെന്റര്‍ സഹകരണത്തോടെയാണ് കൗണ്‍സലിംഗ് സെല്‍ പ്രവര്‍ത്തിക്കുന്നത്.
സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുഴുസമയ സേവനത്തിന് കൗണ്‍സലിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നാലു ജീവനക്കാരെയും ഓഫീസ് സംവിധാനവും വിട്ട് നല്‍കി അനേകം പേര്‍ക്ക് ആശ്വാസമായ പദ്ധതിയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ബ്രില്യന്‍സ് ഗ്രൂപ് എംഡി ഹര്‍ഷാദ് എ.കെ പറഞ്ഞു. കൗണ്‍സലിംഗ് സേവനം വഴി മനസികാഘാതം കുറക്കാനും ആത്മവിശ്വാസം വര്‍ധിപ്പിക്കാനും കോവിഡ് ബാധയെ സധൈര്യം നേരിടാനും ഒട്ടേറെ പേര്‍ക്ക് സാധിക്കുന്നതായി ചീഫ് കോഓര്‍ഡിനേറ്റര്‍ റഗ്ദാദ് മൂഴിക്കര പറഞ്ഞു. രോഗബാധിതര്‍, ഒന്നിച്ചു താമസിക്കുന്നവര്‍, ബന്ധുക്കള്‍, ബാച്ചിലേഴ്‌സ് തുടങ്ങി എല്ലാവര്‍ക്കും ആവശ്യമായ സേവനം നല്‍കി വരുന്നുണ്ട്. തൊഴില്‍ നഷ്ടമായവര്‍, സംരംഭങ്ങള്‍ പ്രതിസന്ധിയിലായവര്‍, രോഗ ഭീതി പിടിപെട്ടവര്‍, ക്വാറന്റീനിലും ഐസൊലേഷനിലും പാര്‍ക്കുന്നവര്‍ തുടങ്ങിയവരാണ് കൂടുതലായി കൗണ്‍സലിംഗ് സെല്ലിന്റെ സഹായം തേടുന്നതെന്ന് കോഓര്‍ഡിനേറ്റര്‍ തന്‍വീര്‍ എടക്കാട് പറഞ്ഞു. വിസിറ്റിംഗ് വിസയില്‍ വന്നവര്‍, മരുന്നുകള്‍ ലഭ്യമല്ലാത്തവര്‍, ഗര്‍ഭിണികള്‍ ഉള്‍പ്പെടെ മലയാളികളില്‍ വലിയൊരു ശതമാനവും ഏതെങ്കിലും തരത്തിലുള്ള ഭയപ്പാടുള്ളവരാണ്. ലോക് ഡൗണ്‍ കാലത്തെ ഏകാന്തത അസ്വസ്ഥപ്പെടുത്തുന്നവരുമുണ്ട്. മരണ ഭയം വേട്ടയാടുന്നവരും നാട്ടിലെത്താന്‍ കഴിയാത്തത് മൂലം മാനസികമായി തളര്‍ന്നവരും സേവനത്തിനായി വിളിക്കുന്നുണ്ടെന്നും തന്‍വീര്‍ പറഞ്ഞു. ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും മറ്റു രാജ്യക്കാരും സേവനം ഉപയോഗപ്പെടുത്തുന്നു.
വര്‍സാനില്‍ കോവിഡ് പ്രതിരോധ സേനയുടെ ഭാഗമായ ഡോ. ഹസീബ്, ഡോ. ഹുമൈറ, ഡോ. എ.പി റാഷിദ്, സോഷ്യല്‍ ഡവലപ്‌മെന്റ് അഥോറിറ്റിയുടെ സോഷ്യല്‍ തെറാപ്പിസ്റ്റായി ജോലി ചെയ്യുന്ന ഡോ. ഷിഫാ മുഹമ്മദ് കുഞ്ഞി, ഡോ. സിനാന്‍, ഡോ. സലീഷ്, കാര്‍ഡിയോളജിസ്റ്റ് ഡോ. മുബാറക്, ഡോ. സയ്യിദ മുഹ്‌സിന, ഡോ. ഷാനിദ് ഉസ്മാന്‍, ദുബൈ ഹെല്‍ത് അഥോറിറ്റിയുടെ കോവിഡ് പ്രതിരോധ വിംഗ് അംഗം ഷൗക്കത്തലി മാതോടം, കൗണ്‍സലിംഗ് പ്രൊഫഷനുകളായ ഷെറിന്‍ തോമസ്, നന്ദു അരവിന്ദ്, ആന്‍സി ബാബു, അക്ഷയ സുഭാഷ് എന്നിവരാണ് ടീം അംഗങ്ങള്‍.
കോവിഡ് കേസ് മാനേജ്‌മെന്റ് സെല്‍, കൗണ്‍സലിംഗ് സെല്‍, ഫുഡ് ആന്‍ഡ് കിറ്റ് സെല്‍, ഫര്‍മസിസ്റ്റ് സെല്‍, ലോ ആന്‍ഡ് ഡോക് സെല്‍ തുടങ്ങി വിവിധ ഗ്രൂപ്പുകളായി തിരിച്ച് ശാസ്ത്രീയമായ പ്രവര്‍ത്തനങ്ങളാണ് കണ്ണൂര്‍ ജില്ലാ കെഎംസിസി കാഴ്ച വെക്കുന്നത്. നാട്ടില്‍ നിന്നും അടിയന്തിര പ്രാധാന്യമുള്ള മരുന്നുകള്‍ എത്തിക്കുക കൂടി ചെയ്യുന്നുണ്ട്. ലോക് ഡൗണ്‍ കാലയളവ് കഴിഞ്ഞാലും കൗണ്‍സലിംഗ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ തുടരുമെന്ന് ജന.സെക്രട്ടറി സൈനുദ്ദീന്‍ ചേലേരി, ട്രഷറര്‍ കെ.വി ഇസ്മായില്‍ എന്നിവര്‍ അറിയിച്ചു.