ജിസിസിയിലെ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു; 563 മരണം

  44

   

  ജലീല്‍ പട്ടാമ്പി

  ദുബൈ: യുഎഇ അടക്കമുള്ള ആറു ഗള്‍ഫ് രാഷ്ട്രങ്ങളിലെ കോവിഡ് 19 കേസുകള്‍ ഒരു ലക്ഷം കടന്നു. ജിസിസിയില്‍ 563 പേര്‍ മരിക്കുകയും ചെയ്തു.
  സഊദി അറേബ്യയിലാണ് ഏറ്റവുമധികം കൊറോണ വൈറസ് ബാധിതരുള്ളത്. സഊദിയില്‍ ഇതു വരെ 41,014 പേര്‍ കോവിഡ് ബാധിതരാണുള്ളത്. 255 പേര്‍ മരിച്ചു. ഈ രണ്ടു കാര്യങ്ങളിലും ജിസിസിയില്‍ രണ്ടാം സ്ഥാനത്തുള്ളത് ഖത്തര്‍ ആണ്. 32,623 കോവിഡ് ബാധിതരാണ് ഖത്തറിലുള്ളത്. 20 മരണവും. ആകെ 26 ലക്ഷം ജനസംഖ്യയുള്ള ഖത്തറിന്, ഒരു ലക്ഷം പേരില്‍ ഏറ്റവും ഉയര്‍ന്ന ബാധിതരുള്ള രാജ്യം എന്ന തലവുമുണ്ട്. യുഎഇയില്‍ ഇതു വരെയായി 18,198 കോവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 198 പേര്‍ മരിച്ചു. കുവൈത്തില്‍ 9,286 പോസിറ്റീവ് കേസുകളും 65 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബഹ്‌റൈനില്‍ 216 പുതിയ കോവിഡ് കേസുകളാണുള്ളത്. ഇവിടെ ആകെ ബാധിതര്‍ 4,990 ആണ്. എട്ടു പേര്‍ മരിച്ചു. ഒമാനില്‍ 3,573 കോവിഡ് പോസിറ്റീവ് കേസുകളുണ്ട്. 17 പേര്‍ മരിച്ചു.
  കുടിയേറ്റ തൊഴിലാളികള്‍ ഏറ്റവുമധികമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വൈറസ് ബാധ തടയാനും ക്രമേണ ഇല്ലാതാക്കാനും കണിശമായ പ്രവര്‍ത്തനങ്ങളാണുള്ളത്. പല രാജ്യങ്ങളിലും ബിസിനസ് സ്ഥാപനങ്ങളും പള്ളികളും സ്‌കൂളുകളും ഭാഗികവും പൂര്‍ണവുമായി അടച്ചിട്ടിരിക്കുന്നു. കുവൈത്തില്‍ വൈറസ് ബാധ കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് ഞായറാഴ്ച മുതല്‍ മെയ് 30 വരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പാക്കിയിരിക്കുന്നു.