46,500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ 200 കിടക്കകള്‍. 50 ഐസിയു കിടക്കകള്‍. 20 വിദഗ്ധ ഡോക്ടര്‍മാര്‍, 50 നഴ്സുമാര്‍, 50 അഡ്മിനിസ്ട്രേഷന് ജീവനക്കാര്‍.
മഫ്റഖ്, മുസഫ, അല്‍ ഐന്‍, അല്‍ദഫ്റ എന്നിവിടങ്ങളില്‍ 4 ഫീല്‍ഡ് ആശുപത്രികള്‍ കൂടി ഒരാഴ്ചക്കകം പ്രവര്‍ത്തന സജ്ജമാകും
അബുദാബി: കൊറോണ ബാധിതരെ ചികിത്സിക്കാന്‍ പ്രത്യേകം സജ്ജമാക്കിയ അല്റസീന് ഫീല്‍ഡ് ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചു. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് അത്യാധുനിക സൗകര്യങ്ങളോടെ ആശുപത്രി ദ്രുത ഗതിയില്‍ സജ്ജീകരിച്ചത്.
200 കിടക്കകളോടെ 46,500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് അബുദാബി ഹെല്‍ത് അഥോറിറ്റി ആശുപത്രി ഒരുക്കിയിട്ടുള്ളത്. 50 ഐസിയു കിടക്കകളുമുണ്ട്. അതി വിദഗ്ധരായ 20 ഡോക്ടര്‍മാര്‍, 50 നഴ്സുമാര്‍, 50 അഡ്മിനിസ്ട്രേഷന് ജീവനക്കാര്‍ എന്നിവരാണ് ഇവിടെ സേവന രംഗത്തുണ്ടാവുക.
ഒമ്പത് ദിവസം 317 പേര് ജോലി ചെയ്താണ് മേല്‍ക്കൂരകളും പാര്‍ശ്വ മറകളും ഉള്‍പ്പെടെയുള്ള സര്‍വവും നിര്‍മിച്ച് ദീര്‍ഘ കാല കെട്ടിടങ്ങളെ അതിശയിപ്പിക്കുന്ന വിധത്തിലുള്ള ആശുപത്രി പ്രവര്‍ത്തന സജ്ജമാക്കിയിട്ടുള്ളത്. പരിശോധനാ മുറികള്‍, എക്സ് റേ, റെസ്റ്റോറന്റ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇവിടെയുണ്ട്.
മഫ്റഖ്, മുസഫ, അല്‍ ഐന്‍, അല്‍ദഫ്റ എന്നിവിടങ്ങളിലായി നാലു ഫീല്‍ഡ് ആശുപത്രികള്‍ കൂടി അടുത്ത ഒരാഴ്ചക്കകം പ്രവര്‍ത്തന സജ്ജമാകും.
———————-