കോവിഡ് ബാധിച്ച് രണ്ടു കാസര്‍കോട്ടുകാര്‍ അബുദാബിയില്‍ മരിച്ചു

    129

    കുഞ്ഞാമദ്, അബ്ബാസ്

    അബുദാബി: കോവിഡ് 19 ബാധിച്ച് ചികില്‍സയിലിരിക്കെ രണ്ടു കാസര്‍കോട് സ്വദേശികള്‍ അബുദാബിയില്‍ മരിച്ചു. കാഞ്ഞങ്ങാട് മടിക്കൈ സ്വദേശി അമ്പലത്തുകര ചുണ്ടയില്‍ കുഞ്ഞാമദ് (56), തലപ്പാടി സ്വദേശി അബ്ബാസ് (45) എന്നിവരാണ് അബുദാബി മഫ്‌റഖ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചത്.
    ബനിയാസ് വെസ്റ്റിലെ ബദരിയ ബഖാല വ്യാപാരിയായിരുന്നു കുഞ്ഞാമദ്. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ഇദ്ദേഹം മരിച്ചത്. അവധിക്ക് നാട്ടില്‍ പോയിരുന്ന കുഞ്ഞാമദ് രണ്ട് മാസം മുന്‍പാണ് അബുദാബിയില്‍ തിരിച്ചെത്തിയത്. മടിക്കൈ അമ്പലത്തുകര വെള്ളച്ചേരിയിലെ പരേതനായ മുഹമ്മദ് കുഞ്ഞിയുടെയും കുഞ്ഞാമിനയുടെയും മകനാണ്. കാര്യമായ അസുഖമൊന്നുമില്ലാതിരുന്ന കുഞ്ഞാമദ് ശാരീരിക അസ്വസ്ഥതകളും കോവിഡ് ലക്ഷണവും മൂലം ഒരാഴ്ച മുന്‍പാണ് മഫ്‌റഖ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഇതിനിടെ നിലവഷളായി ഐസിയുവില്‍ പ്രവേശിപ്പിച്ചു. വര്‍ഷങ്ങളായി ബനിയാസില്‍ ബന്ധുക്കള്‍ക്കൊപ്പം ചേര്‍ന്ന് ഗ്രോസറി നടത്തി വരികയായിരുന്നു. കൂളിയങ്കാലിലെ ടി.കെ സീനത്താണ് ഭാര്യ. ശഹര്‍ബാന ശിറിന്‍ (ബി.ഫാം വിദ്യാര്‍ത്ഥിനി), ശര്‍മിള ശിറിന്‍ (പ്‌ളസ് ടു), ഷഹല (എട്ടാം തരം) മക്കളാണ്. മൂസ പടന്നക്കാട്, മജീദ് വെള്ളച്ചേരി, സമദ് വെള്ളച്ചേരി, പരേതയായ ബീഫാത്തിമ, സുബൈദ തൈക്കടപ്പുറം, സഫിയ കല്ലൂരാവി, സീനത്ത് കുശാല്‍ നഗര്‍ സഹോദരങ്ങളാണ്. ഇന്ന് രാവിലെ ഏഴ് മണിയോടെ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ബനിയാസ് ഖബര്‍സ്ഥാനില്‍ മയ്യിത്ത് മറവ് ചെയ്തു. കുഞ്ഞാമദിന്റെ മരണം നാട്ടുകാരെയും കുടുംബക്കാരെയും പരിചിതരെയും കണ്ണീരിലാഴ്ത്തി.
    അബുദാബി ഖലീഫ സിറ്റി അല്‍ഫുര്‍സാന്‍ കമ്പനിയില്‍ 2009 മുതല്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു അബ്ബാസ്. അബുദാബി മഫ്‌റഖ് ആശുപത്രിയില്‍ ഗുരുതര നിലയില്‍ ചികില്‍സയിലായിരുന്നു. ആയിഷയാണ് ഭാര്യ. പത്താം തരാം വിദ്യാര്‍ത്ഥിനി കുബ്‌റ, ഏഴാം തരാം വിദ്യാര്‍ത്ഥി സിനാന്‍ മക്കളാണ്. അടുത്ത ബന്ധുക്കളുടെ മാത്രം സാന്നിധ്യത്തില്‍ ബനിയാസ് ഖബര്‍സ്താനില്‍ ഇന്നുച്ചക്ക് മയ്യിത്ത് മറവ് ചെയ്യും. അവധി കഴിഞ്ഞ് ആറ് മാസം മുന്‍പാണ് അബ്ബാസ് അബുദാബിയില്‍ തിരിച്ചെത്തിയത്. കെഎംസിസി ജില്ലാ ജന.സെക്രട്ടറി ഹനീഫ പടിഞ്ഞാര്‍ മൂല, സെക്രട്ടറി അനീസ് മാങ്ങാട്, മഞ്ചേശ്വരം മേഖലാ പ്രസിഡണ്ട് ഇബ്രാഹിം ഖലീല്‍ ഉള്‍പ്പെടെ മഫ്‌റഖ് ആശുപത്രിയില്‍ നിയമ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നു. അബ്ബാസിന്റെ മരണം പരിചിത വൃത്തങ്ങളില്‍ വേദന പടര്‍ത്തി.