കോവിഡ് ഇടങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന വളണ്ടിയര്‍മാര്‍ക്ക് മാര്‍ഗനിര്‍ദേശക രേഖ

  69
  ജിഡിആര്‍എഫ്എ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍

  ദുബൈ: കോവിഡ് 19 ദുരന്ത മേഖലകളില്‍ സന്നദ്ധ സേവനങ്ങള്‍ അനുഷ്ഠിക്കുന്നവര്‍ക്ക് ദുബൈ പെര്‍മനന്റ് ലേബര്‍ കമ്മിറ്റി (പിസിഎല്‍എ) മാര്‍ഗനിര്‍ദേശക രേഖകള്‍ അടങ്ങിയ ആരോഗ്യ സുരക്ഷാ ഗൈഡ് പുറത്തിറക്കി. അറബി, ഹിന്ദി, ഇംഗ്‌ളീഷ്, ഉര്‍ദു ഭാഷകളിലാണ് ഇവ തയാറാക്കിയിട്ടുള്ളത്.
  ലേബര്‍ ക്യാമ്പുകളിലും മറ്റും മാനുഷിക സേവനങ്ങളും തൊഴില്‍ കാര്യങ്ങളും ഏറ്റെടുക്കുന്ന വിവിധ വളണ്ടിയര്‍മാരുടെ ആരോഗ്യ സുരക്ഷ സംരക്ഷിക്കാനുള്ളതാണ് ഗൈഡ്. ദുരന്തങ്ങളിലും പകര്‍ച്ചവ്യാധികളിലും ലേബര്‍ ക്യാമ്പുകളിലെ ടീം വര്‍ക് വളണ്ടിയര്‍മാരുടെയും തൊഴിലാളികളുടെയും സുരക്ഷ നിലനിര്‍ത്താന്‍ ആവശ്യമായ പ്രതിരോധ-ആരോഗ്യ നടപടികള്‍ നിര്‍വചിക്കാനുള്ള പിസിഎല്‍എയുടെ ശ്രമങ്ങളുടെ ഭാഗമായാണിത്. കോവിഡ് 19ന്റെ വ്യാപനം തടയാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് അനുസൃതവുമാണിത്.
  മൂന്ന് സന്നദ്ധ വിഭാഗങ്ങളെ ലക്ഷ്യം വെച്ചാണ് ഇത് ഇറക്കിയിരിക്കുന്നത്. ലേബര്‍ ക്യാമ്പുകള്‍ക്കുള്ളില്‍ തൊഴില്‍ കാര്യങ്ങള്‍ ഏറ്റെടുക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍, മനുഷ്യത്വപരമായ ആശ്വാസം പകരുന്ന സന്നദ്ധ സേവകര്‍, ദുരന്തങ്ങളിലും പകര്‍ച്ചവ്യാധികളിലും തൊഴില്‍ അവബോധം സൃഷ്ടിക്കാന്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരെയാണ് ഇത് പ്രധാനമായും ലക്ഷ്യമിടുന്നത്. സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യാനും സംഘടിപ്പിക്കാനും ചുമതലകളും നിര്‍വഹിക്കാനും വകുപ്പ് ഇതിലൂടെ നിര്‍ദേശം നല്‍കുന്നു. സന്നദ്ധ പ്രവര്‍ത്തകര്‍ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട എല്ലാ നിര്‍ദേശങ്ങളും അത് പാലിക്കേണ്ടതിന്റെ ആവശ്യകതയും ഗൈഡ് വ്യക്തമാക്കുന്നുണ്ട്.
  ലേബര്‍ ക്യാമ്പുകളിലും തൊഴിലിടങ്ങളിലും അടിയന്തിര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഈ ഗൈഡ് സമഗ്രമായ ഒരു റഫറന്‍സായിരിക്കും. തൊഴില്‍ കാര്യങ്ങളും തൊഴില്‍ സംബന്ധമായ ജോലികളും ഏറ്റെടുക്കുന്ന വര്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ കുറക്കാന്‍ ഇത് സഹായിക്കുന്നു.
  ദുബൈ പൊലീസ് (999), ആംബുലന്‍സ് (998), ദുബൈ മുനിസിപ്പാലിറ്റി (993), ദുബൈ ഹെല്‍ത് അഥോറിറ്റി (ഡിഎച്ച്എ) എന്നിവയക്കമുള്ള വകുപ്പുകളുടെ ടോള്‍ ഫ്രീ നമ്പറുകളും ബന്ധപ്പെട്ട അധികാരികളുടെ വിവരങ്ങളും ഗൈഡില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്. ദുബൈ എമിറേറ്റിലെ തൊഴിലാളികള്‍ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാനായാണ് പിസിഎല്‍എ പ്രവര്‍ത്തിക്കുന്നുന്നതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ) ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലും പിസിഎല്‍എ ചെയര്‍മാനുമായ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ അറിയിച്ചു. അവരുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നതിന് മികച്ച മാര്‍ഗങ്ങളും നടപടിക്രമങ്ങളുമാണിത് മുന്നോട്ട് വെക്കുന്നത്. വര്‍ഷം മുഴുവന്‍ തൊഴിലാളികളുടെ സര്‍വതോമുഖ പുരോഗതി പിന്തുടരാനും യുഎഇയെ കുറിച്ചും നിയമങ്ങളെയും ചട്ടങ്ങളെയും കുറിച്ചും അവരുടെ അവകാശങ്ങളെയും കടമകളെയും സംബന്ധിച്ചും തൊഴിലാളികളുടെ അവബോധം വളര്‍ത്താനുമായി പിഎല്‍സിഎ കാര്യമായ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.