കോവിഡ് 19: ഗള്‍ഫില്‍ പരിശോധന നടത്തിയത് 18.5 ലക്ഷം പേര്‍ക്ക്, യുഎഇയില്‍ മാത്രം 12 ലക്ഷം

അബുദാബി: ഗള്‍ഫ് നാടുകളില്‍ ഇതു വരെ 18,51,267 പേര്‍ക്ക് കോവിഡ് 19 പരിശോ ധനകള്‍ നടത്തി. എന്നാല്‍, രോഗം നിര്‍ണയിക്കാന്‍ യുഎഇയില്‍ മാത്രം 12 ലക്ഷം പേരിലാണ് പരിശോധന നടത്തിയതെന്നത് ആഗോള തലത്തില്‍ ശ്രദ്ധ നേടിയിട്ടുണ്ട്.
9.7 ദശലക്ഷം മാത്രം ജനസംഖ്യയുള്ള യുഎഇയില്‍ എട്ടു ശതമാനത്തിലധികം പേര്‍ക്ക് ഇതിനകം പരിശോധന നടത്തിക്കഴിഞ്ഞു. ദശലക്ഷത്തില്‍ 121,330 പേര്‍ക്ക് പരിശോധന നടത്തിയെന്ന് സാരം. എന്നാല്‍, അമേരിക്കയില്‍ ദശലക്ഷത്തില്‍ 19,887 പേര്‍ക്ക് മാത്രമാണ് പരിശോധന നടത്തിയിട്ടുള്ളതെന്നത് യുഎഇയുടെ കരുതലാണ് വിളിച്ചോതുന്നത്.

 

11 ലക്ഷം പേര്‍ക്ക് സുഖപ്പെട്ടു

വിവിധ രാജ്യങ്ങളിലായി 11 ലക്ഷം പേര്‍ക്ക് കോവിഡ് 19 സുഖപ്പെട്ടതായി അന്താരാഷ്ട്ര കണക്കുകള്‍ വ്യക്തമാക്കുന്നു. ലോകം ആശങ്കാജനകമായ ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ ഇത്തരം വാര്‍ത്തകള്‍ പൊതുജനങ്ങള്‍ക്ക് അല്‍പമെങ്കിലും ആശ്വാസം പകരുന്നതാണ്.

 

28% മരണം; 33% രോഗികളും അമേരിക്കയില്‍

ലോകത്ത് കോവിഡ് 19 ബാധിച്ച മൊത്തം രോഗികളില്‍ മൂന്നിലൊന്ന് അമേരിക്കയിലാണ്. മൊത്തം രോഗികളുടെ 33 ശതമാനം പേരും അമേരിക്കയിലാണുള്ളത്. മരണസംഖ്യയും 28 ശതമാനവും അമേരിക്കയിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അമേരിക്കയില്‍ അതിവേഗം രോഗം പടരുകയും വന്‍ തോതില്‍ മരിക്കുകയും ചെയ്തു. സകല സംവിധാനങ്ങളുമുണ്ടെന്ന് അവകാശപ്പെടുന്ന ലോക രാജാവെന്ന് വിശേഷിപ്പിക്കുന്ന അമേരിക്കക്ക് കൊറോണ വൈറസിനെ പിടിച്ചു കെട്ടാന്‍ കഴിഞ്ഞിട്ടില്ല എന്നത് ആശ്ചര്യത്തോടെയാണ് ലോകജനത നോക്കിക്കാണുന്നത്. കഴിഞ്ഞ ദിവസം 24 മണിക്കൂറിനകം കാല്‍ ലക്ഷം പേരെയാണ് കോവിഡ് 19 പിടികൂടിയത്.