കുവൈത്തില്‍ 8 മരണം, 885 പുതിയ കേസുകള്‍

28

മുഷ്താഖ് ടി.നിറമരുതൂര്‍
കുവൈത്ത് സിറ്റി: 8 മരണമടക്കം 885 പുതിയ കെറോണ വൈറസ് കേസുകളാണ് കുവൈത്തില്‍ പുതുതായി സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, മൊത്തം രോഗബാധിതര്‍ 12,860 ആയി. പുതുതായി റിപ്പോര്‍ട്ട് ചെയ്ത എട്ട് പേരുള്‍പ്പെടെ ആകെ മരിച്ചവരുടെ എണ്ണം 96 ആയി ഉയര്‍ന്നു. റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകള്‍ കൂടുതലും ഈജിപ്ത് പൗരന്മാരിലാണ്. 267 കേസുകളാണ് ഈജിപ്ത് പൗരന്മാക്കിടയില്‍ സ്ഥിരീകരിച്ചത്. ഇന്ത്യക്കാര്‍ 184, ബംഗ്‌ളാദേശികള്‍ 115, കുവൈത്തികള്‍ 109 എന്നിങ്ങനെയാണ് കൂടുതലായി രോഗ ബാധയുണ്ടായ മറ്റു രാജ്യക്കാര്‍.
അത്യാഹിത വിഭാഗത്തിലുള്ള 190 രോഗികള്‍ ഉള്‍പ്പെടെ 9,124 പേര്‍ ചികില്‍സയിലുണ്ട്. വെള്ളിയാഴ്ച 189 പേര്‍ കൊറോണ വൈറസില്‍ നിന്ന് രോഗ മുക്തി നേടി. ഇതോടെ, വൈറസ് ബാധയില്‍ നിന്ന്
മോചിതരായവരുടെ എണ്ണം 3,640 ആയി വര്‍ധിച്ചു. ഫര്‍വാനിയ ഗവര്‍ണറേറ്ററിലാണ് 265 പേരോടെ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മറ്റു ഗവര്‍ണറേറ്റുകളില്‍ ഇപ്രകാരമാണ്: ഹവല്ലി 251, അഹ്മദി 197, ജഹ്‌റ 97, ക്യാപിറ്റല്‍ സിറ്റി 74. താമസ മേഖലയുടെ അടിസ്ഥാനത്തില്‍ ഫര്‍വാനിയ 104, ഹവല്ലി 74, ജലീബ് 73, സാല്‍വ 70 എന്നീങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.