കുവൈത്തില്‍ 9 മരണം, 955 പുതിയ കേസുകള്‍

18

കുവൈത്ത് സിറ്റി: ഒമ്പത് മരണവും 955 പുതിയ കോവിഡ് കേസുകളുമാണ് വെള്ളിയാഴ്ച മാത്രം കുവൈത്തില്‍ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, രോഗബാധിതരുടെ എണ്ണം 19,564 ആയി. ഇതില്‍ കഴിഞ്ഞ ദിവസം 310 ബാധിതര്‍ക്ക് രോഗമുക്തി ലഭിച്ചതടക്കം ആകെ സുഖം പ്രാപിച്ചവര്‍ 5,515 ആയി ഉയര്‍ന്നിട്ടുണ്ട്. ഒമ്പത് പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 138 ആയിട്ടുണ്ട്.
പുതുതായി റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 319 കേസുകളോടെ ഇന്ത്യക്കാരാണ് കൂടുതല്‍. ഈജിപ്ത് പൗരന്മാരില്‍ 196ഉം കുവൈത്തികളില്‍ 139ഉം ബംഗ്‌ളാദേശികളില്‍ 111ഉം ആണ്. അത്യാഹിത വിഭാഗത്തിലുള്ള 180 രോഗികള്‍ ഉള്‍പ്പെടെ 13,911 പേര്‍ ചികിത്സയിലുണ്ട്. ഫര്‍വാനിയ ഗവര്‍ണറേറ്റിലാണ് 332 കേസുകളോടെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹവല്ലിയില്‍ 197, അഹ്മദിയില്‍ 188, സിറ്റിയില്‍ 126, ജഹ്‌റയില്‍ 112 എന്നിങ്ങനെയാണ് മറ്റു ഗവര്‍ണറേറ്ററുകളിലെ കേസുകള്‍. താമസ ഏരിയയിലെ കണക്ക് പ്രകാരം ജലീബില്‍ 119, ഫര്‍വാനിയയില്‍ 119, സാല്‍മിയയില്‍ 66, ഖൈതാന്‍ 67 എന്നിങ്ങനെയുമാണ്.
കുവൈത്തില്‍ ഇതു വരെ 264,959 പേരില്‍ കോവിഡ് പരിശോധന നടത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 3,888 പേരില്‍ പരിശോധന നടത്തിയതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അല്‍ സനദ് പ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.