ആകെ: 21,302 കേസുകള്‍, 156 മരണം, 15,029 പേര് ചികിത്സയില്‍
മുഷ്താഖ് ടി.നിറമരുതൂര്‍
കുവൈത്ത് സിറ്റി: ചെറിയ പെരുന്നാള്‍ ദിനത്തില്‍ എട്ട് മരണവും 838 പുതിയ കോവിഡ് കേസുകളുമാണ് കുവൈത്തില്‍ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, രോഗബാധിതരരുടെ എണ്ണം 21,302 ആയി. ഇതില്‍ കഴിഞ്ഞ ദിവസം 370 ബാധിതര്‍ക്ക് രോഗമുക്തി ലഭിച്ചതടക്കം ആകെ സുഖം പ്രാപിച്ചവര്‍ 6,117 ആയി ഉയര്‍ന്നിട്ടുണ്ട്. എട്ട് പേര് കൂടി മരിച്ചതോടെ ആകെ മരണം 156 ആയി.
പുതുതായി റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 260 കേസുകളോടെ ഇന്ത്യക്കാരാണ് കൂടുതല്‍. ഈജിപ്ത് പൗരന്മാര് 125, കുവൈത്തികള്‍ 134, ബംഗ്ളാദേശികള്‍ 86, അവശേഷിക്കുന്നവര്‍ മറ്റു രാജ്യക്കാര്‍ എന്നിങ്ങനെയാണ് കണക്ക്. അത്യാഹിത വിഭാഗത്തിലുള്ള 177 രോഗികള്‍ ഉള്‍പ്പെടെ 15,029 പേര് ചികിത്സയിലുണ്ട്. ഫര്‍വാനിയ ഗവര്‍ണറേറ്റിലാണ് 355 കേസുകളോടെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹവല്ലി 120, അഹ്മദി 176, സിറ്റി 91 ജഹ്റ 96 എന്നിങ്ങനെയാണ് മറ്റു ഗവര്‍ണറേറ്ററുകളിലെ കേസുകള്‍. താമസ ഏരിയയിലെ കണക്ക് പ്രകാരം ജലീബില്‍ 77, ഫര്‍വാനിയയില്‍ 124, ഖൈതാനില് 74, ഹവല്ലിയില്‍ 44 എന്നിങ്ങനെയാണ്.