മനോനില തെറ്റിയ കോവിഡുകാരന് കൈത്താങ്ങായി കുവൈത്ത് കെഎംസിസി

147

കുവൈത്ത് സിറ്റി: മനുഷ്യ ജീവിതത്തിന് ഭീതി സൃഷ്ടിച്ച് മുന്നേറുന്ന കൊറോണ വൈറസ് വ്യാപന കാലത്ത് ദൈനംദിന യാത്രയില്‍ കൂടപ്പിറപ്പുകള്‍ക്കായി ജീവിതം സമര്‍പ്പിച്ചവരാണ് കെഎംസിസി പ്രവര്‍ത്തകര്‍. ലോകമാകെ ഭീതി വിതച്ച് കൂടപ്പിറപ്പുകള്‍ പോലും നിശ്ചിത അകലം പാലിച്ച് ഇടപഴകുന്ന ഈ കാലഘട്ടത്തില്‍ സര്‍വതും സര്‍വേശ്വരനില്‍ സമര്‍പ്പിച്ച് ദൈവത്തിന്റെ കൈകളായി മാറിയിരിക്കുകയാണീ ഹരിത പടയാളികള്‍.
പനിയും മറ്റു പല കാരണങ്ങളാലും ഏതാനും ദിവസങ്ങളായി ബുദ്ധിമുട്ടനുഭവിക്കുന്ന ഒരാള്‍ കഴിഞ്ഞ ദിവസം കൊറോണ ടെസ്റ്റിന് വിധേയനാവുകയും അധികം വൈകാതെ തന്നെ റിസള്‍ട്ട് പോസിറ്റീവ് ആണെന്ന് അറിയിപ്പ് ലഭിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിന്റെ മാനസിക നില തെറ്റി പെരുമാറാന്‍ തുടങ്ങി. ഇതു കണ്ട് ഭയന്ന റൂമിലുള്ള സുഹൃത്തുക്കള്‍ ആംബുലന്‍സ് സേവനത്തിനായി നിരന്തരം ബന്ധപ്പെട്ടുവെങ്കിലും മണിക്കൂറുകള്‍ പലതു കഴിഞ്ഞിട്ടും ആംബുലന്‍സ് എത്തിയില്ല.
ആംബുലന്‍സിനായി കാത്തുകാത്ത് അര്‍ധരാത്രി പിന്നിട്ടപ്പോഴാണ് പ്രവാസ ഭൂമിയിലെ സാന്ത്വന പ്രവര്‍ത്തനങ്ങളാല്‍ ജനഹൃദയങ്ങളില്‍ ഇടം നേടിയ കെഎംസിസിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഫാസില്‍ കൊല്ലം അറിയിച്ചതിനെ തുടര്‍ന്ന് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗവും എംബസി വളണ്ടിയറുമായ ഷാഫി കൊല്ലം, കെഎംസിസി മെഡിക്കല്‍ വിംഗ് വൈസ് ചെയര്‍മാന്‍ നിഹാസ് വാണിമേല്‍, കെഎംസിസി ഹെല്‍പ് ഡെസ്‌ക് ടീമംഗം സലീം നിലമ്പൂര്‍ തുടങ്ങിയവര്‍ മുന്നിട്ടിറങ്ങി വിഷയമേറ്റെടുക്കുകയും രാത്രി 12 മണിയായിട്ടും യാതൊരു മടിയുമില്ലാതെ കൂടപ്പിറപ്പുകളുടെ ജീവന് തന്റെ ജീവനെക്കാളും വില കല്‍പിച്ച് ആ വ്യക്തിയുടെ റൂമിലെത്തുകയും ചെയ്തു. സുബോധം നഷ്ടപ്പെട്ട കോവിഡ് പോസിറ്റീവായ ആ സഹോദരനെ വളരെ വാഹനത്തില്‍ കയറ്റി ഹോസ്പിറ്റലില്‍ കൊണ്ട് പോയി. ഈ സമയത്തിനിടയില്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യാനുള്ള എല്ലാ ഇടപെടലുകളും നടത്തി അതിന് സംവിധാനമൊരുക്കാന്‍ കുവൈത്ത് കെഎംസിസി മെഡിക്കല്‍ വിംഗ് ടീം ലീഡര്‍ അനസ് തയ്യിലിന്റെ ഇടപെടലുകള്‍ കൊണ്ട് സാധിച്ചു.