കെഎംസിസി: അകതാരില്‍ സൂക്ഷിക്കുന്ന സ്‌നേഹനാമം

207

അബ്ദുല്‍ ബാസിത് കായക്കണ്ടി
(അബുദാബി-കോഴിക്കോട് ജില്ലാ കെഎംസിസി ജന.സെക്രട്ടറി)

പ്രതീക്ഷയോടെയായിരുന്നു ലോകം മുഴുവന്‍ പുതിയ വര്‍ഷത്തെ വരവേറ്റത്. പക്ഷേ, പിന്നീടുളള കാര്യങ്ങള്‍ അത്ര ശുഭകരമായിരുന്നില്ല. മഹാമാരിയുടെ വാര്‍ത്തകള്‍ക്കിടയിലും മറ്റെല്ലാ വൈജാത്യങ്ങളും മറന്ന് മനുഷ്യന്‍ എന്ന അസ്തിത്വത്തിലേക്ക് അവന്‍ മടങ്ങി. മാനുഷികത എന്ന വാക്കിനെ അന്വര്‍ത്ഥമാക്കുന്നതില്‍ സന്നദ്ധ സേവകരുടെ സംഭാവന ലോക ചരിത്രത്തില്‍ മായാതെ കിടക്കും.
കെഎംസിസി എന്ന നാലക്ഷരം ജനമനസുകളിലേക്ക് ഇത്ര ആഴത്തില്‍ വേരൂന്നിയത് ഇതോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. മരണ ഭീതി മനുഷ്യര്‍ തീര്‍ത്ത മതിലുകള്‍ തകര്‍ക്കുകയും അതിര്‍ വരമ്പുകള്‍ മായ്ച്ചു കളയുകയും ചെയ്തുവെന്നതാണ് നേര്. അവിടെയാണ് കെഎംസിസി എന്ന സംഘടന ലോകത്ത് അതിന്റെ സാന്നിധ്യമുളളിടത്തെല്ലാം ദുരിതമനുഭവിക്കുന്നവരെ നെഞ്ചോട് ചേര്‍ത്ത് വെച്ചത്.
മറ്റു രാജ്യങ്ങളിലെന്ന പോലെ യുഎഇയിലും സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് കെഎംസിസിയുടേത്. ദുബൈ, അബുദാബി ഉള്‍പ്പെടെ എല്ലാ എമിറേറ്റുകളിലെയും കെഎംസിസി പ്രവര്‍ത്തകര്‍ക്ക് വിശ്രമമില്ലാത്ത ദിനരാത്രങ്ങളാണ് കോവിഡ് കാലം.
ചൈനയിലെ വുഹാനില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് കൊറോണ പടരുന്ന കാലത്ത് മാധ്യമങ്ങളിലെ തലക്കെട്ടുകള്‍ പോലും ഭീതിജനകമായിരുന്നു. അതിവേഗം പടരുന്ന സ്വഭാവം, മരണ നിരക്ക്, രാജ്യാന്തര വ്യാപനം ഇതൊക്കെ സ്വന്തം ജീവന്‍ നിലനിര്‍ത്തിയാല്‍ തന്നെ ലാഭം എന്ന നിലയിലേക്ക് മനുഷ്യനെ ചിന്തിപ്പിച്ചു. രോഗത്തിന് കൃത്യമായ ഒറ്റമൂലിയോ പ്രതിരോധ വാക്‌സിനോ ഇല്ലാത്ത സമയത്തും കെഎംസിസി പ്രവര്‍ത്തകര്‍ സഹജീവികളെ സാന്ത്വനിപ്പിക്കാന്‍ കര്‍മ രംഗത്തിറങ്ങിയത് മനുഷ്യത്വത്തിന്റെ സുകൃതമാണ്.
ലോക്ക്ഡൗണ്‍ ആരംഭിച്ചതോടെ തൊഴില്‍ നഷ്‌പ്പെട്ട് വാസ സ്ഥലങ്ങളില്‍ തളച്ചിട്ട പ്രവാസികള്‍ വലിയ സംഘര്‍ഷത്തിലായിരുന്നു. ഇവര്‍ക്ക് ഭക്ഷണവും മരുന്നും എത്തിച്ചു നല്‍കി കെഎംസിസി. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച്, സമൂഹ വ്യാപനം ഭയപ്പെടുന്ന വേളയിലാണ് കെഎംസിസി ഭരണാധികാരികള്‍ക്ക് സഹായവുമായി മുന്നോട്ട് വന്നത്.
രോഗികളെ ക്വാറന്റീന്‍ ചെയ്യാന്‍ സംവിധാനങ്ങള്‍ അപര്യാപത്മാവുകയും അവരവരുടെ വീടുകളിലോ മുറികളിലോ സ്വയം നിയന്ത്രണ വിധേയരാവുകയും ചെയ്യുക എന്നത് മാത്രമാണ് പരിഹാരം എന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങി. ഇതോടെ, ജോലിയോ വരുമാനമോ ഇല്ലാതെ കഴിയുന്നവര്‍ക്ക് ഭക്ഷണം, രോഗികള്‍ക്ക് മരുന്ന്, കൗണ്‍സലിംഗ് എന്നിവ നല്‍കാനുളള നെട്ടോട്ടമായിരുന്നു കെഎംസിസി പ്രവര്‍ത്തകരുടേത്.
അബുദാബിയില്‍ ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററിന്റെയും അബുദാബി കെഎംസിസിയുടെയും നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ കോഴിക്കോട് ജില്ലാ കമ്മറ്റിയും സജീവമായി പ്രവര്‍ത്തന രംഗത്താണ്. അബുദാബി സിറ്റി ഉള്‍ക്കൊളളുന്ന മേഖലയായും മുസഫ കേന്ദ്രീകരിച്ച് മറ്റൊരു മേഖലയായും അതിനെ വിഭജിച്ചു. സന്നദ്ധ പ്രവര്‍ത്തകരെ ഓരോ പ്രദേശത്തും പ്രത്യേകം നിയന്ത്രിച്ചു.
അപ്രതീക്ഷിതമായി തൊഴില്‍ നഷ്ടമായതോടെ, പൊതുവെ സമ്പാദ്യ ശീലങ്ങളില്ലാത്ത പ്രവാസികളില്‍ ആയിരങ്ങള്‍ പട്ടിണി രുചിക്കാന്‍ തുടങ്ങി. മറ്റുളളവരുടെ മുന്നില്‍ കൈനീട്ടി ശീലമില്ലാത്ത അവരുടെ ദൈന്യത തിരിച്ചറിഞ്ഞ കെഎംസിസി ഭക്ഷണപ്പൊതിയുമായി അങ്ങോട്ടു ചെന്നു. പാകം ചെയ്ത ഭക്ഷണം അവരുടെ വയറും മനസും നിറച്ചു. നിറകണ്ണുകളോടെയുളള അവരുടെ പ്രാര്‍ത്ഥനകള്‍ കെഎംസിസി പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ഊര്‍ജം നല്‍കി. ദിനേനെ അബുദാബിയിലും മുസഫയുമായി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ പ്രവര്‍ത്തകര്‍ സുമനസുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ 1,700 മുതല്‍ 2,000ത്തിലധികം ഭക്ഷണ പൊതികള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കി വരുന്നു. ഈ പ്രവര്‍ത്തനങ്ങളില്‍ മുസഫയില്‍ മുസഫ കെഎംസിസിയുടെ സഹകരണത്തോടെയാണ് വിതരണം ചെയ്യുന്നത്.


ഏപ്രില്‍ ആദ്യ വാരത്തിലാണ് പാകം ചെയ്ത ഭക്ഷണം കൊടുത്തു തുടങ്ങിയത്. ‘ഫുഡ് ചാലഞ്ചു’മായി സഹകരിച്ച് 20,000 ഭക്ഷണ പൊതികള്‍ റമദാന് മുന്‍പും റമദാനിലെ ആദ്യ 15 നാള്‍ക്കകം 24,000ത്തിധികം ഭക്ഷണ പൊതികളും വിതരണം ചെയ്തു. 400 പേര്‍ക്ക് നല്‍കിത്തുടങ്ങിയ ഇത് ഇന്ന് ദിനേന രണ്ടായിരത്തോളം പേര്‍ക്ക് നല്‍കുന്നു. ഓരോ ദിവസവും ഭക്ഷണം തേടിയുളള വിളികള്‍ വര്‍ധിക്കുന്നുവെന്നത് കോവിഡ് സാധാരണക്കാരായ പ്രവാസികളെ എത്ര മാത്രം ബാധിച്ചിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്.
പാകം ചെയ്ത ഭക്ഷണപ്പൊതി കൂടാതെ, പാകം ചെയ്യാനുളള ഭക്ഷ്യ വസ്തുക്കളും കെഎംസിസി നല്‍കുന്നുണ്ട്. ഇതിനകം 10 ടണ്‍ വരെ ഭക്ഷ്യ വസ്തുക്കളാണ് കോഴിക്കോട് ജില്ലാ കെഎംസിസി മാത്രം ഇത്തരത്തില്‍ നല്‍കിയത്.
പതിറ്റാണ്ടുകളായി ഈ സംഘടനയുടെ പ്രവര്‍ത്തനം നേരിട്ടറിയുന്ന പ്രവാസി വ്യാപാരി-വ്യവസായികളാണ് ഇതിന് സാമ്പത്തിക പിന്തുണ നല്‍കുന്നത്. പ്രമുഖ സ്ഥാപനമായ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് 6.68 ടണ്‍ ഭക്ഷ്യ വസ്തുക്കളാണ് അബുദാബി-കോഴിക്കോട് ജില്ലാ കെഎംസിസിയുടെ ഫുഡ് സ്റ്റോറിലേക്ക് നല്‍കിയത്.
രാജ്യമോ ദേശമോ അതിര്‍വരമ്പിടാതെ ഭക്ഷണപ്പൊതികള്‍ ആവശ്യപ്പെടുന്നവര്‍ക്കൊക്കെ നല്‍കുന്നുണ്ട്. കോവിഡ് ബാധിച്ച് സ്വയം നിയന്ത്രണ വിധേയരായവര്‍ക്ക് അവശ്യ മരുന്നും പഴവര്‍ഗങ്ങളും നല്‍കാനും പ്രവര്‍ത്തകരുണ്ട്. ഭക്ഷ്യ വസ്തുക്കള്‍ ഒരുമിച്ച് വാങ്ങി തരം തിരിച്ച് ഓരോ സഞ്ചിയിലും ആനുപാതികമായി നിറക്കുന്നതിന് ദിനേന നിരവധി സന്നദ്ധ പ്രവര്‍ത്തകരാണുളളത്. ഭക്ഷണം നല്‍കുന്നതിനും മറ്റും സ്വന്തം വാഹനങ്ങള്‍ തന്നെയാണ് ഇവരുപയോഗിക്കുന്നത്.
റമദാന്‍ ആയതിനാല്‍ നോമ്പു തുറക്കുമ്പോഴേക്ക് ഭക്ഷണമെത്തിക്കുകയെന്നത് ശ്രമകരമായ ജോലിയാണ്. ഉച്ച കഴിയുന്നതോടെ തിരക്കിലമരുന്ന കെഎംസിസി പ്രവര്‍ത്തകര്‍ തങ്ങളുടെ കൈകളിലുളള അവസാന ഭക്ഷണപ്പൊതിയും അര്‍ഹര്‍ക്ക് എത്തിച്ച ശേഷം നോമ്പ് തുറക്കുന്നത് റോഡരികിലോ, വാഹനത്തിലോ ഇരുന്നായിരിക്കും.


കോവിഡ് 19 രോഗികളെ സഹായിക്കാന്‍ അബുദാബിയില്‍ കോഴിക്കോട് ജില്ലാ കെഎംസിസി കമ്മിറ്റിക്ക് കീഴില്‍ പ്രത്യേകം ഹെല്‍പ്‌ഡെസ്‌ക് ഒരുക്കിയിട്ടുണ്ട്. എണ്ണപ്പെട്ട രോഗികളായിരുന്നു ആദ്യ ഘട്ടത്തില്‍ സഹായമഭ്യര്‍ത്ഥിച്ച് വിളിച്ചിരുന്നത്. പിന്നീട്, അനുദിനം രോഗികളുടെ എണ്ണം കൂടി. അവരുടെ ആവശ്യങ്ങളും. രോഗപരിശോധനാ സംവിധാനങ്ങള്‍ ലഭ്യമാക്കുക, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുക, ഭക്ഷണം, ക്വാറന്റീന്‍, മരുന്നുകള്‍…ആവശ്യങ്ങള്‍ അങ്ങനെ നീണ്ടു.
രോഗ വ്യാപനത്തിന്റെ ആദ്യ ഘട്ടത്തില്‍ വലിയ സംഘര്‍ഷമാണ് രോഗികള്‍ അനുഭവിച്ചത്. മരുന്നില്ലാത്ത രോഗം എന്ന പ്രചാരണം അവരുടെ മനസില്‍ അന്തര്‍ലീനമായിരുന്നു. ലോകത്ത് നടക്കുന്ന കോവിഡ് മരണങ്ങളുടെ കണക്കുകള്‍ കൂടി കേള്‍ക്കുന്നതോടെ അവരുടെ ആധി വര്‍ധിക്കുകയാണ് ചെയ്തത്. രോഗികളെ വിളിക്കുന്ന ഡെസ്‌ക് അംഗങ്ങള്‍ക്ക് നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളി അവര്‍ക്ക് മാനസിക കരുത്ത് പകരുക എന്നതായിരുന്നു.
”ഭയപ്പെടേണ്ട, ഞങ്ങളുണ്ട് കൂടെ” എന്ന വാക്കുകള്‍ മാത്രം മതിയായിരുന്നു മിക്ക രോഗികള്‍ക്കും. ഈ വാക്കുകള്‍ തങ്ങള്‍ക്ക് നല്‍കിയ ആശ്വാസം ജീവിതത്തില്‍ മറക്കാനാവാത്തതാണെന്ന് ഭേദമായവര്‍ പിന്നീട് പറഞ്ഞിട്ടുണ്ട്. രോഗികളുടെ സഹമുറിയന്‍മാരെയും മിക്കപ്പോഴും കൗണ്‍സലിംഗ് ചെയ്യേണ്ടി വന്നിട്ടുണ്ട്.
ബാച്ച്‌ലര്‍ മുറികളിലെ ഇടുങ്ങിയ ജീവിതത്തിനൊപ്പം കൊറോണ കൂടി വന്നതോടെ മിക്ക പ്രവാസികളുടെയും മന:സംഘര്‍ഷം വര്‍ധിച്ചു എന്നതാണ് യാഥാര്‍ത്ഥ്യം. ചിലര്‍ക്ക് ഡോക്ടറുടെ ടെലി കൗണ്‍സലിംഗ് ഉള്‍പ്പെടെയുളള സഹായവും വിദഗ്‌ധോപദേശവും നല്‍കിയിട്ടുണ്ട്. ഇതിനായി മുഴുസമയ സന്നദ്ധ പ്രവര്‍ത്തകരെയാണ് കെഎംസിസി ഒരുക്കി നിര്‍ത്തിയത്.


മഹാമാരിയുടെ കാലത്ത് മനുഷ്യത്വും മന്ത്രമാക്കി സ്‌നേഹ മസൃണമായ സാമീപ്യം മരുന്നാക്കി ആശ്വാസം പകരുകയാണ് സന്നദ്ധ സേവന രംഗത്ത് ശ്രദ്ധേയ നാമമായ കെഎംസിസി. ആരോഗ്യവും സമയവും മറ്റുളളവര്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്ന ഈ ചെറുപ്പക്കാര്‍ ലോകത്തെ അവരുടെ സാനിധ്യമുളളിടത്തെല്ലാം സജീവമാണ്.
അബുദാബിയില്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ വിവിധ മണ്ഡലം കമ്മിറ്റികളുടെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് കോവിഡ് കാലത്ത് കെഎംസിസിക്ക് കരുത്ത്. രാവിലെ വീടു വിട്ടിറങ്ങുന്ന ഇവര്‍ വൈകീട്ട് എവിടെയെങ്കിലും നോമ്പ് തുറന്ന് രാത്രി വൈകിയാണ് മടങ്ങി വരുന്നത്.
ആ ഫോണുകള്‍ ഇപ്പോഴും ചിലച്ചു കൊണ്ടിരിക്കുന്നു. ആശ്വാസ വാക്കുകള്‍ തേടി, അന്നത്തിനു വേണ്ടി, അഭയവും ആശ്രയും തേടി…അതെ, അവര്‍ ഇന്നും ഈ വീഥികളിലുണ്ട്, കോവിഡ് ബാധിതമായി തളര്‍ന്നു പോയവരെ നെഞ്ചോട് ചേര്‍ക്കാന്‍, അവരിലൊരാളായി. കെഎംസിസി എന്ന നാലക്ഷരങ്ങളെ ഇന്ന് ലോകം അകതാരില്‍ സക്ഷിക്കുന്നു.