കോവിഡ് 19: സഊദിയില്‍ 9 പേര്‍ കൂടി മരിച്ചു; ആകെ മരണം 200 ആയി

12

1,595 പേര്‍ക്ക് രോഗബാധ. 5,431 പേര്‍ മുക്തരായി

അഷ്‌റഫ് വേങ്ങാട്ട്
റിയാദ്: സഊദിയില്‍ ചൊവ്വാഴ്ച ഒമ്പത് പേര്‍ മരിച്ചതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 200 ആയി. പുതുതായി 1,595 പേര്‍ക്ക് രോഗബാധ കണ്ടെത്തിയതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 30,251 ആയതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ചൊവ്വാഴ്ച 955 പേര്‍ കൂടി രോഗമുക്തി നേടിയപ്പോള്‍ ഇതു വരെ 5,431 പേര്‍ക്ക് രോഗം പൂര്‍ണമായും ഭേദമായി. നിലവില്‍ 24,620 പേര്‍ വിവിധയിടങ്ങളിലായി ആസ്പത്രികളിലുണ്ട്. ഇവരില്‍ 143 പേരുടെ നില ഗുരുതരമായി തുടരുന്നതായും അദ്ദേഹം അറിയിച്ചു.
മേഖലാടിസ്ഥാനത്തില്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ ഇപ്രകാരമാണ്: ജിദ്ദ 385, മക്ക 337, റിയാദ് 230, ദമ്മാം 141, ജുബൈല്‍ 120, ഹുഫൂഫ് 101, അല്‍കോബാര്‍ 89, താഇഫ് 65, മദീന 25, നാരിയ 14, ബെയ്ശ് 14, ഖര്‍യത് അല്‍ഒലയ 12, ദിരിയ 11, ബുറൈദ 9, അബഹ 8, തബൂക്ക് 8, റാബിഗ് 5, സുല്‍ഫി 5, ബിഷ 4, അല്‍ഖര്‍ജ് 4, യാമ്പു 2, അല്‍ഹദ്ദ 1, അല്‍ഖുറൈഇ 1, മഖ്‌വ 1, ദേബ 1, ഖുന്‍ഫുദ 1, ലൈല 1.