സഊദിയില്‍ കോവിഡ് ബാധിച്ച പകുതിയിലധികം പേര്‍ക്ക് രോഗമുക്തി; പുതിയ കേസുകള്‍ 2509, ഒമ്പത് മരണം

27

അഷ്‌റഫ് വേങ്ങാട്ട്
റിയാദ്: സഊദിയില്‍ കോവിഡ് ബാധിതരില്‍ പകുതിയിലധികം പേര്‍ക്ക് രോഗമുക്തി. ആരോഗ്യ മന്ത്രാലയത്തിന്റെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നു. രാജ്യത്ത് 59,854 പേരെ വൈറസ് പിടികൂടിയപ്പോള്‍ 31,634 പേരെയും നിശ്ചിത കാലയളവില്‍ രോഗം ഭേദമാക്കി സഊദി മറ്റു രാജ്യങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നു. ഊര്‍ജിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി സഊദി ഭരണകൂടം അതീവ ജാഗ്രതയോടെയാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മുന്നോട്ട് പോകുന്നത്.
ചൊവ്വാഴ്ച കോവിഡ് ബാധിച്ചവരുടെ എണ്ണം 2,509 ആണ്. ഇതോടെ, രോഗബാധിതരുടെ എണ്ണം 59,854 ആയി. ഒമ്പത് പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 329 ആയി ഉയര്‍ന്നു. ജിദ്ദ, റിയാദ്ദ്, ദമ്മാം എന്നിവിടങ്ങളിലാണ് മരണം. 2,886 പേര്‍ക്കാണ് ഇന്നലെ രോഗശമനം ലഭിച്ചത്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 31,634ല്‍ എത്തിയതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കോവിഡ് രോഗം ബാധിച്ച ഏകദേശം പകുതിയിലധികം പേര്‍ക്ക് രോഗം സുഖപ്പെട്ടുവെന്നത് ആരോഗ്യ മേഖലയില്‍ ശാസ്ത്രീയ സംവിധാനങ്ങള്‍ ഒരുക്കിയെന്നതിന്റെ തെളിവായിട്ടാണ് വിലയിരുത്തുന്നത്. ഇന്നലെ രോഗം ബാധിച്ചവരില്‍ 65 ശതമാനം വിദേശികളും 35 ശതമാനം സഊദി പൗരന്മാരുമാണ്. നിലവില്‍ 27,891 പേര്‍ വിവിധ ആസ്പത്രികളില്‍ ചികിത്സയിലാണ്. 251 പേര്‍ ഗുരുതരാവസ്ഥയിലാണ്. ചൊവ്വാഴ്ച രോഗം ബാധിച്ചവരില്‍ 74 ശതമാനം പുരുഷന്മാരും 26 ശതമാനം സ്ത്രീകളുമാണ്. കുട്ടികളിലും 9 ശതമാനം രോഗബാധയുണ്ട്. 87 ശതമാനം യുവാക്കളും നാല് ശതമാനം പ്രായാധിക്യമുള്ളവരുമാണ്. രാജ്യത്ത് ഇതിനകം 618,084 കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്. 136 പ്രദേശങ്ങളില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചു. ദിനംപ്രതി 15,000 മുതല്‍ 18,000 വരെ ടെസ്റ്റുകള്‍ ചെയ്യുന്നുണ്ട്. മികച്ച സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ടെസ്റ്റുകള്‍ ചെയ്തു വരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു വരുന്ന ഫീല്‍ഡ് പരിശോധനകള്‍ വഴിയാണ് രോഗബാധിതരെ കണ്ടെത്തുന്നതെന്ന് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി പറഞ്ഞു.
രാജ്യത്തെ വിവിധ നഗരങ്ങളില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് ബാധിതരുടെ എണ്ണം ഇപ്രകാരമാണ്: റിയാദ് 730, ജിദ്ദ 526, മക്ക 385, മദീന 296, ഹുഫൂഫ് 117, ദമ്മാം 87, താഇഫ് 66, അല്‍ഖോബാര്‍ 37, ജുബൈല്‍ 36, ദഹ്‌റാന്‍ 19, ഹസം അല്‍ജലാമീദ് 18, ഖതീഫ് 16, തബൂക് 16, ബുറൈദ 12, ശഖ്‌റ 12, അല്‍ഖര്‍ജ് 10, മഹായില്‍ അസീര്‍ 9, അല്‍ഹദ 9, നജ്‌റാന്‍ 9, നമിറ 8, ഹാഇല്‍ 7, വാദി ദവാസിര്‍ 7, യാമ്പു 6, ബെയ്ഷ് 6, ഖമീസ് മുശൈത്ത് 5, അല്‍ഖുവയ്യ 5, അല്‍ജഫര്‍ 4, റാസ്തനൂറ 4, ദിരിയ 4, അല്‍മുബറസ് 3, ബഖീഖ് 3, തത്‌ലീസ് 3, അറാര്‍ 3, ഹോത ബനീ തമീം 3, നാരിയ 2, അല്‍മുദൈലിഫ് 2, ശറൂറ 2, താദിഖ് 2, ദിലം 2, ഖൈബര്‍, ബിഷ, മൈസാന്‍, ഉമ്മുല്‍ ദൗം, ദലം, റാബിഗ്, അല്‍ബാഹ, ഉംലുജ്, ദേബ, സബിയ, ഹഫര്‍ അല്‍ബാതിന്‍, അല്‍ഗൂസ്, തുറൈബാന്‍, തബര്‍ജല്‍, മുസാഹ്മിയ, ദുര്‍മ, മറാത് എന്നിവിടങ്ങളില്‍ ഓരോന്ന് വീതം.