സഊദിയില്‍ 10 മരണം, 2840 പേര്‍ക്ക് കോവിഡ്; പകുതി പേര്‍ക്ക് രോഗമുക്തി

36

അഷ്‌റഫ് വേങ്ങാട്ട്
റിയാദ്: സഊദിയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം അര ലക്ഷം പിന്നിട്ടു. രാജ്യത്ത് കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത ശേഷം ഏറ്റവും കൂടുതല്‍ രോഗബാധിതരെ കണ്ടെത്തിയ ദിനമായിരുന്നു ശനിയാഴ്ച. 2,840 പേര്‍ക്ക് ശനിയാഴ്ച രോഗനിര്‍ണയം നടത്തി. ഇതോടെ, രോഗബാധിതരുടെ എണ്ണം 52,016 ആയി. 10 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 302 ആയി. മരിച്ച 10 പേരും വിദേശികളാണ്. ജിദ്ദ, മക്ക, മദീന, റഫ എന്നിവിടങ്ങളിലാണ് മരണം. 1,797 പേര്‍ക്കാണ് ഇന്നലെ രോഗശമനം ലഭിച്ചത്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 23,666ലെത്തിയതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രോഗം ബാധിച്ച ഏകദേശം പകുതിയോളം പേര്‍ക്ക് സുഖപ്പെട്ടുവെന്നതാണ് സഊദിയിലെ സവിശേഷത. ഇന്നലെ രോഗം ബാധിച്ചവരില്‍ 66 ശതമാനം വിദേശികളും 34 ശതമാനം സഊദി പൗരന്മാരുമാണ്.
നിലവില്‍ 28,048 പേര്‍ വിവിധ ആസ്പത്രികളില്‍ ചികിത്സയിലാണ്. 166 പേര്‍ ഗുരുതരാവസ്ഥയിലാണ്. ശനിയാഴ്ച രോഗം ബാധിച്ചവരില്‍ 74 ശതമാനം പുരുഷന്മാരും 26 ശതമാനം സ്ത്രീകളുമാണ്. കുട്ടികളിലും 9 ശതമാനം രോഗബാധയുണ്ട്. 87 ശതമാനം പ്രായപൂര്‍ത്തിയായവരും നാലു ശതമാനം വയോജനങ്ങളുമാണ്. ഇതാദ്യമായാണ് ദിനംപ്രതിയുള്ള റിപ്പോര്‍ട്ടില്‍ ഇത്രയധികം എണ്ണമുണ്ടാകുന്നത്. സാമൂഹിക സമ്പര്‍ക്കം വഴിയാണ് സ്ത്രീകളിലും കുട്ടികളിലും രോഗം കണ്ടെത്തിയത്. ഫീല്‍ഡ് പരിശോധന ഊര്‍ജിതമാക്കിയതിന്റെ ഫലമാണ് എണ്ണത്തിലെ വര്‍ധനയെന്നും ഇനിയും വര്‍ധനയുണ്ടാകുമെന്നും ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി പറഞ്ഞു. രാജ്യത്ത് നിന്ന് കോവിഡ് വൈറസ് പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുന്നത് വരെ ശക്തമായ രീതിയില്‍ പരിശോധനയുമായി മുന്നോട്ട് പോകും. സ്വദേശികളും വിദേശികളും പൂര്‍ണമായും സഹകരിക്കണമെന്നും കര്‍ഫ്യൂവിലെ ഇളവ് ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ മന്ത്രാലയ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
മേഖലാടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ തലസ്ഥാന നഗരിയായ റിയാദില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ദിനം കൂടിയായിരുന്നു ശനിയാഴ്ച. 839 പേര്‍ക്കാണ് റിയാദില്‍ രോഗം കണ്ടെത്തിയത്. മറ്റു നഗരങ്ങളിലും കേസുകളുടെ എണ്ണം കൂടുതലാണിന്ന്. ജിദ്ദ 450, മക്ക 366, മദീന 290, ദമ്മാം 180, ദിരിയ 89, ഖതീഫ് 80, അല്‍ഖോബാര്‍ 78, ജുബൈല്‍ 75, താഇഫ് 57, യാമ്പു 50, ഹുഫൂഫ് 49, തബൂക് 38, ബുറൈദ 24, ഹഫര്‍ അല്‍ബാതിന്‍ 20, വാദി ദവാസിര്‍ 19, ദഹ്‌റാന്‍ 15, ബഖീഖ് 13, നാരിയ 9, ഹാഇല്‍ 8, അല്‍ഖര്‍ജ് 7, ഖഫ്ജി 6, സഫ്‌വ 5, ശഖ്‌റ 5, മിദ്‌നബ് 5, ഖുലൈസ് 5, ഖുര്‍മ 4, മജ്മ 4, റാസ്തനൂറ 3, മന്‍ഫദ് 3, ജദീദ ്‌റാര്‍ 3, താദിഖ് 3, അല്‍ബുഖൈരിയ 2, വാദി അല്‍ഫറ, അല്‍ഖുറൈഇ 2, അല്ലൈത് 2, അല്‍ഖറ 2, ഹോത്ത ബനീ തമീം 2, സുലൈല്‍ 2, സകാക, അല്‍മുബറസ്, അല്‍ജഫര്‍, ഖമീസ് മുശൈത്ത്, ഉനൈസ, അല്‍ബദായ, അല്‍റാസ്, ഉഖ്‌ളത് സുകൂര്‍, ബിഷ, സബ്ത് അല്‍അലായ, ഉംലുജ്, ഹഖ്ല്‍, ദേബ, അല്‍വജ, അല്‍ഖൂസ്, അറാര്‍, ഹസം അല്‍ജലാമിദ്, അല്‍ദിലം, ലൈല, ദുര്‍മ, സുല്‍ഫി, അല്‍ഖുവയ്യ, റുമ, ഖുറയാത്ത് എന്നിവിടങ്ങളില്‍ ഓരോ കേസ് വീതം.