കോവിഡ് നിയന്ത്രണവിധേയം; ഊര്‍ജിത നടപടികള്‍ -ആരോഗ്യ മന്ത്രാലയം
അഷ്റഫ് വേങ്ങാട്ട്
റിയാദ്: സഊദിയില്‍ ഞായറാഴ്ച കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 2,840 ആയി. ഇതോടെ, രോഗബാധിതരുടെ എണ്ണം 54,752 ആയി. പത്ത് പേര് കൂടി മരിച്ചതോടെ ആകെ മരണം 312 ആയി. ജിദ്ദ, റിയാദ്, മദീന, നഈരിയ എന്നിവിടങ്ങളിലാണ് മരണം. 2,056 പേര്‍ക്കാണ് ഇന്നലെ രോഗശമനം ലഭിച്ചത്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 25,722 ആയതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രോഗം ബാധിച്ച ഏകദേശം പകുതിയിലധികം പേര്‍ക്ക് സുഖപ്പെട്ടുവെന്നത് ഏറെ പ്രതീക്ഷയോടെ മുന്നോട്ട് പോകാന്‍ കരുത്ത് പകരുന്നു. ഇന്നലെ രോഗം ബാധിച്ചവരില്‍ 60 ശതമാനം വിദേശികളും 40 ശതമാനം സഊദി പൗരന്മാരുമാണ്.
നിലവില്‍ 28,718 പേര് വിവിധ ആസ്പത്രികളില്‍ ചികിത്സയിലാണ്. 202 പേര് ഗുരുതരാവസ്ഥയിലാണ്. ഇന്നലെ രോഗം ബാധിച്ചവരില്‍ 78 ശതമാനം പുരുഷന്മാരും 22 ശതമാനം സ്ത്രീകളുമാണ്. കുട്ടികളിലും 9 ശതമാനം രോഗബാധയുണ്ട്. 87 ശതമാനം യുവാക്കളും നാല് ശതമാനം പ്രായാധിക്യം ഉള്ളവരുമാണ്.
രാജ്യത്ത് ഇതിനകം 586,405 കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്. രാജ്യത്തെ 136 പ്രദേശങ്ങളില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചു. ദിനം പ്രതി 15,000 മുതല്‍ 18,000 വരെ ടെസ്റ്റുകള്‍ ചെയ്യുന്നുണ്ട്. മികച്ച സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ടെസ്റ്റുകള്‍ ചെയ്തു വരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു വരുന്ന ഫീല്‍ഡ് പരിശോധനകള്‍ വഴിയാണ് രോഗബാധിതരെ കണ്ടെത്തുന്നതെന്ന് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി പറഞ്ഞു. രാജ്യത്ത് നിന്ന് കോവിഡ് വൈറസ് പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുന്നത് വരെ ശക്തമായ രീതിയില്‍ പരിശോധനയുമായി മുന്നോട്ട് പോകും. സ്വദേശികളും വിദേശികളും പൂര്‍ണമായും സഹകരിക്കണമെന്നും കര്‍ഫ്യൂവിലെ ഇളവ് പൊതുജനങ്ങള്‍ അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ മേഖല തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെയാണ്: മക്ക 557, റിയാദ് 488, മദീന 392, ജിദ്ദ 357, ദമ്മാം 286, ഹുഫൂഫ് 149, ജുബൈല്‍ 149, താഇഫ് 81, അല്‍കോബാര്‍ 51, ഖതീഫ് 24, തബൂക്ക് 18, ദഹ്റാന്‍ 15, ബെയ്ശ് 15, ബിഷ 14, ബുറൈദ 12, അല്‍ഹദ 9, അല്‍ഖുറൈഇ 9, ഹാഇല്‍ 9, സബ്ത് അല്‍അലായ 7, ബഖീഖ് 6, ഖുന്‍ഫുദ 6, യാമ്പു 5, അല്‍ഗൂസ് 5, അല്‍റൈന്‍ 5, അല്‍അഖീഖ് 4, ഹഫര്‍ അല്‍ബാതിന്‍ 4, അല്‍ഖര്‍ജ് 4, ദിരിയ 4, ഖമീസ് മുശൈത്ത് 3, അഹദ് റുഫൈദ 3, മഹായില്‍ അസീര്‍ 3, അല്‍ഗറ 3, ഉംലുജ് 3, സാംത്വ 3, മുസൈലിഫ് 3, ഹോത ബനീതമീം 3, റാസ്തനൂറ 2, സഫ് വ 2, തുറൈബാന്‍ 2, നമുറ 2, മന്‍ഫദ് 2, മുസാഹ്മിയ 2, റെജലാല് അല്‍മ, ഉനൈസ, അല്‍ബദായ, അല്‍റാസ്, ഖൈബര്‍, ഖുര്‍മ, ഉമ്മുല്ദൂം, റാബിഗ്, ശുവാഖ്, നജ്റാന്, ശറൂറ, അല്ശഅബ, വാദി ദവാസിര്‍, റുവൈദ അല്‍അര്‍ദ്, തുമൈര്‍ എന്നിവിടങ്ങളില്‍ ഓരോ കേസ് വീതം.