സഊദിയില്‍ അഞ്ച് പേര്‍ കൂടി മരിച്ചു; 1351 പേര്‍ക്ക് രോഗബാധ

18

 

3,163 പേര്‍ക്ക് രോഗം ഭേദമായി

അഷ്‌റഫ് വേങ്ങാട്ട്
റിയാദ്: സഊദിയില്‍ വ്യാഴാഴ്ച കോവിഡ് 19 ബാധിച്ച് അഞ്ചു പേര്‍ മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 162 ആയി. റിയാദിലും ജിദ്ദയിലുമാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. പുതുതായി 1,351 പേര്‍ക്ക് രോഗബാധ കണ്ടെത്തിയതോടെ ആകെ രോഗബാധിതരുടെ എണ്ണം 22,753 ആയതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 210 പേര്‍ കൂടി രോഗമുക്തി നേടിയതോടെ 3,163 പേര്‍ക്ക് രോഗം പൂര്‍ണമായി മാറി ആസ്പത്രി വിട്ടു. 19,428 പേര്‍ വിവിധയിടങ്ങളിലായി ആസ്പത്രികളിലുണ്ട്. 123 പേരുടെ നില ഗുരുതരമായി തുടരുന്നതായും അദ്ദേഹം അറിയിച്ചു.
മേഖലാടിസ്ഥാനത്തില്‍ വ്യാഴാഴ്ച ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് റിയാദിലാണ് -440. മറ്റിടങ്ങളിലെ കണക്കുകള്‍ ഇപ്രകാരം: മക്ക 392 , ജിദ്ദ 120, മദീന 119, ദമ്മാം 110, ജുബൈല്‍ 35, ഹുഫൂഫ് 29, ഖതീഫ് 23, താഇഫ് 17, സുല്‍ഫി 13, ബുറൈദ 11, ഖുലൈസ് 8, അല്‍ഖോബാര്‍ 7, തബൂക്ക് 4 , റാസ്തനൂറ 3, മുസാഹ്മിയ 3, അല്‍ജഫര്‍ 2, ഹാഇല്‍ 2, ഖമീസ് മുശൈത്ത് 1, ദഹ്‌റാന്‍ 1, നാരിയ 1, മിദ്‌നബ് 1, അല്‍ബാഹ 1, അല്‍വജ 1, ഉംലുജ് 1, ഹഫര്‍ അല്‍ബാതിന്‍ 1, ഖുന്‍ഫുദ 1, അല്‍ഖുറയാത്ത് 1, റഫ്ഹ 1, വാദി ദവാസിര്‍ 1, സാജിര്‍ 1.
ഫീല്‍ഡ് ടെസ്റ്റിംഗ് കുറെ കൂടി വ്യവസ്ഥാപിതമായി നടപ്പാക്കുമെന്നും വിവിധ പ്രവിശ്യകളില്‍ ലേബര്‍ ക്യാമ്പുകളും വീടുകളും കേന്ദ്രീകരിച്ചുള്ള മെഡിക്കല്‍ സംഘങ്ങളുടെ സ്‌ക്വാഡ് വര്‍ക്ക് ശക്തമാക്കുമെന്നും ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി പറഞ്ഞു. എന്നാല്‍, വീടുകളില്‍ കയറി പരിശോധിക്കുമെന്ന വാര്‍ത്ത ശരിയല്ലെന്നും പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നും ആരോഗ്യ മന്ത്രാലയ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.