കോവിഡ് 19: കുവൈത്തില്‍ ഇന്ത്യക്കാരടക്കം 26 മരണം

ആകെ 4,024 പേര്‍ക്ക് സ്ഥിരീകരിച്ചു, രോഗമുക്തര്‍ 1,539

മുഷ്താഖ് ടി.നിറമരുതൂര്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ ബാധയെ തുടര്‍ന്ന് ചികില്‍സയില്‍ കഴിയവേ വ്യാഴാഴ്ച മരിച്ച രണ്ടു മലയാളികളുടെയും മരണ കാരണം കൊറോണ വൈറസ് ബാധ മൂലമാണെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇടയാറന്മുള കോഴിപാലത്ത് വടക്കനോട്ടില്‍ രാജേഷ് കുട്ടപ്പന്‍ നായര്‍ (51), തൃശൂര്‍ വലപ്പാട് തൊപ്പില്‍ അബ്ദുള്ള ഗഫൂര്‍ (54) എന്നിവരാണ് മരിച്ചത്. രാജേഷ് കുട്ടപ്പന്‍ നായര്‍ സ്വകാര്യ നിര്‍മാണ കമ്പനിയിലെ ജീവനക്കാരനാണ്. ഭാര്യ: ഗീത. മക്കള്‍: അശ്വിന്‍, ജിതിന്‍. ബുധനാഴ്ച വൈകുന്നേരം മരിച്ച മറ്റൊരു മലയാളി തൃശൂര്‍ സ്വദേശി അബ്ദുല്ല ഗഫൂര്‍ (54) ആണ്. കുവൈത്ത് സിറ്റിയില്‍ ടൈലറിംഗ് ജോലി ചെയ്തു വരികയായിരുന്നു. ഇവര്‍ രണ്ടു പേരും കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജാബിര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇവരുടെ മരണം ബുധനാഴ്ച രാത്രി റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും മരണ കാരണം കൊറോണ ബാധയെ തുടര്‍ന്നാണോ എന്നതിന് ഔദ്യോഗിക സ്ഥിരീകരണം വ്യാഴാഴച ആരോഗ്യ മന്ത്രാലയത്തിന്റെ വാര്‍ത്താ സമ്മേളനത്തിലാണുണ്ടായത്.
ഇതോടെ, കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 26 ആയി. ഇവരില്‍ 10 പേര്‍ ഇന്ത്യക്കാരാണ്. 150 രോഗികളാണ് വ്യാഴാഴ്ച സുഖം പ്രാപിച്ചത്. ഇതോടെ, ഇതു വരെ ആകെ 1,539 പേര്‍ കോവിഡ് 19ല്‍ നിന്ന് മുക്തി നേടി. പുതുതായി 125 ഇന്ത്യക്കാരടക്കം ആകെ 284 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതടക്കം കുവൈത്തില്‍ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,024 ആയി. ഇവരില്‍ 1,894 പേര്‍ ഇന്ത്യക്കാരാണ്.