കോവിഡ് 19; കുവൈത്തില്‍ മെയ് 10 മുതല്‍ 30 വരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

153
കുവൈത്ത് സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മുസ്സാറം

ഡോക്ടര്‍ ഉള്‍പ്പെടെ 3 മരണം, 641 പുതിയ കേസുകള്‍

മുഷ്താഖ് ടി.നിറമരുതൂര്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ മെയ് 10 മുതല്‍ 30 വരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കുവൈത്ത് സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മുസ്സാറം മന്ത്രിസഭാ യോഗത്തിനു ശേഷം അറിയിച്ചതാണിക്കാര്യം. മെയ് 10 ഞായറാഴ്ച വൈകുന്നേരം 4 മണി മുതലാണ് നിയന്ത്രണം പ്രാബല്യത്തിലാവുക. മെയ് 30 ശനിയാഴ്ച വരെയാണ് നിയന്ത്രണം. വിവിധ പ്രദേശങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ മന്ത്രാലയ നിര്‍ദേശമനുസരിച്ചാണ് നടപടി. നിലവില്‍ 16 മണിക്കൂറാണ് രാജ്യത്തെ കര്‍ഫ്യൂ സമയം. കൂടാതെ, നേരത്തെ ജലീബ്, മഹ്ബൂല എന്നീ പ്രദേശങ്ങളിലാണ് കൂടുതല്‍ രോഗവ്യാപനം എന്ന വാര്‍ത്തയനുസരിച്ച് അവിടങ്ങളില്‍ കര്‍ഫ്യൂ സമയത്തിന് ശേഷം ലോക്ക്ഡൗണും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഏരിയ തിരിച്ചുള്ള കണക്കുകള്‍ പ്രഖ്യാപിക്കുന്നത് തുടങ്ങിയതോടെ കുവൈത്ത് മുഴുവന്‍ ലോക്ക്ഡൗണ്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയായിരുന്നു. ഇതനുസരിച്ചാണ് ഞായറാഴ്ച മുതല്‍ കര്‍ഫ്യൂ സമയ ശേഷം രാജ്യം മുഴുവന്‍ 24 മണിക്കൂര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഏതെല്ലാം വിഭാഗങ്ങള്‍ക്ക് ലോക്ക് ഡൗണ്‍ നിയന്ത്രണത്തില്‍ ഇളവുണ്ടാകും എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നീട് അറിയിക്കുമെന്നും അല്‍ മസ്സറം ട്വിറ്ററില്‍ പറഞ്ഞു.
രാജ്യത്ത് കോവിഡ് 19 മൂലം ഒരു ഡോക്ടര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. സെയ്ന്‍ ആശുപത്രി ഇഎന്‍ടി വിഭാഗത്തില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്ന ഈജിപ്ഷ്യന്‍ പൗരന്‍ ഡോ. താരിഖ് ഹുസൈന്‍ മുഖൈമര്‍ (61) ആണ് മരിച്ചത്. കുവൈത്തില്‍ ആദ്യമായാണ് കോവിഡ് മൂലം ഒരു ഡോക്ടര്‍ മരിക്കുന്നത്. മരിച്ച മറ്റു രണ്ടു പേര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. ഇതോടെ, രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 47 ആയി. 160 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 641 പേര്‍ക്കാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. ഒറ്റ ദിവസം ഇതു വരെ രേഖപ്പെടുത്തിയതില്‍ വച്ചേറ്റവും ഉയര്‍ന്ന തോതാണിത്. ഇതോടെ, ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 7,208 ആയി. ഇവരില്‍ 2,884 പേര്‍ ഇന്ത്യക്കാരാണ്. പുതുതായി രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ ഗവര്‍ണറേറ്റ് തിരിച്ചുള്ള കണക്ക് ഇപ്രകാരം: ഫര്‍വാനിയ 207, ഹവല്ലി 147, അഹ്മദി 112, ക്യാപിറ്റല്‍ 109, ജഹറ 66. വിവിധ ജില്ലകളില്‍ ഫര്‍വാനിയയില്‍ നിന്നും 66 പേരും ജിലീബ് ശുയൂഖില്‍ നിന്ന് 49 പേര്‍ക്കും ഹവല്ലിയില്‍ നിന്ന് 63 പേര്‍ക്കും ഖൈത്താനില്‍ നിന്ന് 56 പേര്‍ക്കുമാണ് രോഗ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പുതുതായി കൂടുതല്‍ രോഗബാധ സ്ഥിരീകരിക്കപ്പെട്ടവര്‍: കുവൈത്തികള്‍ 157, ഈജിപ്ത്കാര്‍ 122, ബംഗ്‌ളാദേശികള്‍ 48, പാക്കിസ്താനികള്‍ 44. പുതുതായി 85 പേര്‍ രോഗമുക്തി നേടിയതോടെ ആകെ രോഗം സുഖപ്പെട്ടവരുടെ എണ്ണം 2,466 ആയി. ആകെ 4,695 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. അതീവ ഗുരുതരമായി തുടരുന്ന 39 പേര്‍ ഉള്‍പ്പെടെ 91പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.