യുഎഇയില്‍ 624 പുതിയ കോവിഡ് കേസുകള്‍; 458 രോഗമുക്തര്‍, 11 മരണം

174
യുഎഇ ഗവണ്‍മെന്റ് വക്താവ് ഡോ. അംന അല്‍ ഷംസി

 

ആകെ രോഗികള്‍ 17,417

ദുബൈ: യുഎഇയില്‍ 624 പുതിയ കോവിഡ് 19 പോസിറ്റീവ് കേസുകള്‍. 458 പേര്‍ രോഗമുക്തരായെന്നും 11 പേര്‍ മരിച്ചതായും യുഎഇ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് 24 മണിക്കൂറിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ, രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 17,417ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെയുണ്ടായ രോഗമുക്തരുടെ എണ്ണവും ഏറ്റവും ഉയര്‍ന്നതാണെന്നും അധികൃതര്‍ പറഞ്ഞു.
മരിച്ചവര്‍ ആകെ 185 ആയി ഉയര്‍ന്നു. അതേസമയം, മരിച്ച വിവിധ രാജ്യക്കാര്‍ വിട്ടുമാറാത്ത അസുഖങ്ങളുള്ളവരായിരുന്നു. ഇവര്‍ക്ക് കോവിഡ് 19 ബാധിച്ചതോടെ ആരോഗ്യ സ്ഥിതി മോശമാവുകയും മരണത്തിലേക്കെത്തുകയുമായിരുന്നുവെന്ന് യുഎഇ ഗവണ്‍മെന്റ് വക്താവ് ഡോ. അംന അല്‍ ഷംസി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവിലുള്ള അസുഖ ബാധിതരെല്ലാം ആരോഗ്യത്തോടെയിരിക്കുന്നുവെന്നും ഇവര്‍ക്കാവശ്യമായ ചികില്‍സ നല്‍കി വരുന്നതായും ഡോ. അംന വ്യക്തമാക്കി. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ 33,153 പേരെ അധികമായി പരിശോധിച്ചുവെന്നും അതു വഴിയാണ് ഇപ്പോഴത്തെ കോവിഡ് 19 പോസിറ്റീവ് നിരക്കിലേക്കെത്തിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കര്‍ശന നിലയില്‍ നടത്തിയ പരിശോധനകളാണ് പോസിറ്റീവ് കേസുള്ളവരുടെ എണ്ണം വര്‍ധിപ്പിച്ചത്. എല്ലാ രോഗികളും എത്രയും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നാശംസിച്ച ഡോ. അംന, സാമൂഹിക അകലം അടക്കമുള്ള പ്രൊട്ടോകോളുകള്‍ പാലിച്ച് പൊതുജനാരോഗ്യ സുരക്ഷ നിലനിര്‍ത്താന്‍ അധികൃതര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളോട് മുഴുവന്‍ പേരും സഹകരിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.