കോവിഡ് 19: മലപ്പുറം ജില്ലയില്‍ പുതുതായി നിരീക്ഷണത്തിലുള്ളത് 254 പേര്‍

7

മലപ്പുറം ജില്ലയില്‍ ഇന്നലെ ആര്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ മുതല്‍ 254 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. 1,241 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.
41 പേര്‍ വിവിധ ആസ്പത്രികളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ 39 പേരും നിലമ്പൂര്‍ ജില്ലാ ആസ്പത്രിയിലും തിരൂരങ്ങാടി താലൂക്ക് ആസ്പത്രിയിലും ഒരാള്‍ വീതവുമാണ് ഐസൊലേഷനിലുള്ളത്. 1,133 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.
67 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും സ്വയം നിരീക്ഷണത്തില്‍ കഴിയുന്നു.

51 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
മലപ്പുറം: ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 51 പേര്‍ക്ക് കൂടി കോവിഡ് ബാധയില്ലെന്ന് വിദഗ്ധ പരിശോധനകള്‍ക്ക് ശേഷം സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയില്‍ ഇതുവരെ 2,408 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 73 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. ജില്ലയില്‍ ഇതുവരെ 22 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ നാല് മാസം പ്രായമായ കുട്ടി മാത്രമാണ് രോഗബാധിതയായിരിക്കെ മരിച്ചത്. 21 പേര്‍ക്ക് വിദഗ്ധ ചികിത്സക്കു ശേഷം രോഗം ഭേദമായി. ഇതില്‍ തുടര്‍ ചികിത്സയിലിരിക്കെ ഒരാള്‍ മരിച്ചു. 20 പേരാണ് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്.