കോവിഡ് 19: മലപ്പുറം ജില്ലയില്‍ അഞ്ച് പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

16

മലപ്പുറം: ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചു. മെയ് 22 ന് ദുബൈയില്‍ നിന്ന് കരിപ്പൂരിലെത്തിയ കുറ്റിപ്പുറം നടുവട്ടം രാങ്ങാട്ടൂര്‍ സ്വദേശി 23 കാരന്‍, മെയ് 19 ന് റിയാദില്‍ നിന്ന് കരിപ്പൂരിലെത്തിയവരായ തിരൂരങ്ങാടി മമ്പുറം സ്വദേശി 49 കാരന്‍, എടക്കര മൂത്തേടം സ്വദേശി 36 കാരന്‍, മെയ് 17 ന് അബുദബിയില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ എടവണ്ണ പത്തപ്പിരിയം ചെരങ്ങാട്ടുപൊയില്‍ സ്വദേശി 25 കാരന്‍, ബംഗളൂരുവില്‍ നിന്ന് മെയ് 14 ന് നാട്ടിലെത്തിയ ഒഴൂര്‍ ഓമച്ചപ്പുഴ സ്വദേശി 52 കാരന്‍ എന്നിവര്‍ക്കാണ് രോഗബാധയെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം. എന്‍.എം. മെഹറലി അറിയിച്ചു.
ഇവര്‍ക്കു പുറമെ മെയ് 26 ന് കുവൈത്തില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തിയവരായ ഇടുക്കി മൂന്നാര്‍ സൂര്യനെല്ലി ബി.എല്‍ റാം സ്വദേശി 28 കാരന്‍, തൃശൂര്‍ കൈപ്പമംഗലം സ്വദേശി 32 കാരന്‍, തിരുവനന്തപുരം കഠിനംകുളം പുത്തന്‍തോപ്പ് സ്വദേശി 40 കാരന്‍, മെയ് 26 ന് അബുദബിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തിയ പാലക്കാട് പട്ടാമ്പി തിരുമിറ്റക്കോട് നെല്ലിക്കാട്ടിരി സ്വദേശി 22 കാരന്‍ എന്നിവര്‍ക്കും രാമനാട്ടുകര വൈദ്യരങ്ങാടി പുല്ലുംകുന്ന് റോഡില്‍ താമസിക്കുന്ന എയര്‍ ഇന്ത്യ ജീവനക്കാരിയായ പൂനെ സ്വദേശിനി 24 കാരിക്കും വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ഐസൊലേഷനിലാണ്.
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായവര്‍ വീടുകളില്‍ പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആസ്പത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത് 61 പേര്‍
മലപ്പുറം: കോവിഡ് 19 സ്ഥിരീകരിച്ച് ജില്ലയില്‍ 61 പേരാണ് നിലവില്‍ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ ഇടുക്കി, തൃശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ള ഓരോ രോഗികളും രണ്ട് പാലക്കാട് സ്വദേശികളും ഒരു പൂനെ സ്വദേശിനിയും ഉള്‍പ്പെടും.
രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയില്‍ ഇതുവരെ 97 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 31 പേരാണ് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്. മൂന്ന് പേര്‍ രോഗം ഭേദമായ ശേഷം തുടര്‍ നിരീക്ഷണങ്ങള്‍ക്കായി സ്‌റ്റെപ് ഡൗണ്‍ ഐ.സി.യുവില്‍ തുടരുകയാണ്. ജില്ലയില്‍ ഇതുവരെ 3,647 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 307 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.
ജില്ലയില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി തുടരുകയാണ്. ഇന്നലെ കണ്‍ട്രോള്‍ സെല്ലുമായി 193 പേര്‍ ഫോണില്‍ ബന്ധപ്പെട്ടു. നിരീക്ഷണത്തിലുള്ളവര്‍ പൊതു സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടോയെന്ന് 2,194 ദ്രുത കര്‍മ്മ സംഘങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കി. മാനസിക പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇന്നലെ വിദഗ്ധ സംഘത്തിന്റെ സേവനം ലഭ്യമാക്കിയത് 675 പേര്‍. കൗണ്‍സലിങ് നല്‍കിയത് മൂന്ന് പേര്‍ക്ക്.
നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ പാലിയേറ്റീവ് നഴ്‌സുമാര്‍ ഇന്നലെ കണ്ടെത്തിയ മുതിര്‍ന്ന പൗരന്മാര്‍ 250. നിരീക്ഷണത്തിലുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ നിന്ന് കോണ്ടാക്ട് ട്രെയ്‌സിങ് വിഭാഗം ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചുവരുന്നു.

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 242 പേര്‍ക്കെതിരെ കേസെടുത്തു
മലപ്പുറം: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയില്‍ 23 കേസുകള്‍ കൂടി ഇന്നലെ രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുല്‍ കരീം അറിയിച്ചു.
വിവിധ സ്‌റ്റേഷനുകളിലായി 26 പേരെ ഇന്നലെ അറസ്റ്റു ചെയ്തു. നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറക്കിയ ഏഴ് വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 4,408 ആയി. 5,433 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്.
ജില്ലയിലാകെ ഇതുവരെ 2,562 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. മാസ്‌ക് ധരിക്കാതെ വീടുകളില്‍ നിന്ന് പുറത്തിറങ്ങിയതിന് 242 പേര്‍ക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്ത് പിഴ ഈടാക്കി. മാസ്‌ക് ധരിക്കണമെന്ന ഉത്തരവ് ലംഘിക്കുന്നവര്‍ക്കും മറ്റ് ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കുമെതിരെ പൊലീസ് കര്‍ശന നിയമ നടപടികള്‍ സ്വീകരിച്ചു വരികയാണ്.

ജില്ലയില്‍ ഒരാള്‍ കൂടി രോഗമുക്തനായി
മലപ്പുറം: കോവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തനായി. മെയ് 21 ന് രോഗബാധ സ്ഥിരീകരിച്ച കണ്ണമംഗലം എടക്കാപ്പറമ്പ് സ്വദേശിയായ 21 കാരനാണ് രോഗം ഭേദമായതെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഇയാളെ തുടര്‍ നിരീക്ഷണങ്ങള്‍ക്കായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയിലെ സ്‌റ്റെപ് ഡൗണ്‍ ഐ.സി.യുവിലേക്ക് മാറ്റിയിരിക്കുകയാണ്. ക്വലാലംപൂരില്‍ നിന്ന് മെയ് 10 ന് കൊച്ചി വഴിയാണ് കണ്ണമംഗലം എടക്കാപ്പറമ്പ് സ്വദേശി നാട്ടിലെത്തിയിരുന്നത്. കോവിഡ് കെയര്‍ സെന്ററില്‍ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ രോഗലക്ഷണങ്ങളെ തുടര്‍ന്ന് മെയ് 20 ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആസ്പത്രിയിലെ ഐസൊലേഷനിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ നിരീക്ഷണങ്ങള്‍ക്കു ശേഷം വൈകാതെ ഇയാള്‍ വീട്ടിലേക്ക് മടങ്ങും.

ജില്ലയില്‍ 458 പേര്‍ കൂടി പുതിയതായി നിരീക്ഷണത്തില്‍
മലപ്പുറം: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്നലെ 458 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം എന്‍.എം. മെഹറലി അറിയിച്ചു. 12,322 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 183 പേര്‍ വിവിധ ആസ്പത്രികളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ 179 പേരും നിലമ്പൂര്‍ ജില്ലാ ആസ്പത്രിയിലും തിരൂര്‍ ജില്ലാ ആസ്പത്രിയിലും രണ്ട് പേര്‍ വീതവുമാണ് ഐസൊലേഷനിലുള്ളത്. 10,783 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 1,356 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നു.