മലപ്പുറം: ലോക്ക്ഡൗണിനെ തുടര്‍ന്ന് നാട്ടില്‍ പോകാനാവാതെ മലപ്പുറം ജില്ലയില്‍ കഴിയുകയായിരുന്ന അതിഥി തൊഴിലാളികളുടെ രണ്ടാമത്തെ സംഘം ഇന്നലെ കോഴിക്കോട്ടു നിന്ന് പ്രത്യേക തീവണ്ടിയില്‍ യാത്രയായി. ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നായി മധ്യപ്രദേശിലേക്കുള്ള 368 അതിഥി തൊഴിലാളികളെയാണ് കെ.എസ്.ആര്‍.ടി.സിയുടെ 10 ബസുകളിലായി കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിച്ചത്. ജില്ലയില്‍ അതത് കേന്ദ്രങ്ങളില്‍ തന്നെ ഇവര്‍ക്കുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കി കൃത്യമായ ആരോഗ്യ ജാഗ്രത ഉറപ്പാക്കി ഭക്ഷണമുള്‍പ്പടെ നല്‍കിയാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്. കോഴിക്കോട് നിന്നുള്ള സംഘത്തോടൊപ്പം ഇവര്‍ പ്രത്യേക തീവണ്ടിയില്‍ മധ്യപ്രദേശിലേക്ക് യാത്രയാകും.
സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ച അതിഥി തൊഴിലാളികളുടെ പട്ടിക പൊലീസിന്റെ നേതൃത്വത്തില്‍ നേരത്തെ തയാറാക്കിയിരുന്നു. ഇത് പ്രകാരം ജില്ലയിലെ കൊണ്ടോട്ടി, തിരൂരങ്ങാടി, തിരൂര്‍, ഏറനാട് താലൂക്കുകളിലെ അതിഥി തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങിയത്. കൊണ്ടോട്ടി താലൂക്കില്‍ നിന്നുള്ള അതിഥി തൊഴിലാളികള്‍ക്ക് മേലങ്ങാടിയിലെ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലും തിരൂര്‍, തിരൂരങ്ങാടി താലൂക്കില്‍ നിന്നുള്ളവര്‍ക്ക് ചേളാരി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലും, ഏറനാട് താലൂക്കില്‍ നിന്നുള്ളവര്‍ക്ക് കച്ചേരിപ്പടി ബോയ്സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലുമാണ് രജിസ്ട്രേഷനും ആരോഗ്യ പരിശോധനയും നടത്തിയത്.
കൊണ്ടോട്ടി താലൂക്കില്‍ നിന്നുള്ള 77 അതിഥി തൊഴിലാളികളെ മേലങ്ങാടിയിലെ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെത്തിച്ചാണ് ആരോഗ്യ പരിശോധനകള്‍ക്ക് വിധേയമാക്കിയത്. ഇവരില്‍ 15 കുട്ടികളുമുണ്ട്. കൊണ്ടോട്ടി തഹസില്‍ദാര്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ താലൂക്ക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റിലെ അഞ്ചംഗ ആരോഗ്യ പ്രവര്‍ത്തകരാണ് ആരോഗ്യ പരിശോധന നടത്തിയത്. വിവിധ ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളികളെ രണ്ട് കെ.എസ്.ആര്‍.ടി. സി ബസുകളിലാണ് കോഴി ക്കോട്ടെത്തിച്ചത്. തിരൂര്‍, തിരൂരങ്ങാടി താലൂക്കില്‍ നിന്നായി 141 അതിഥി തൊഴിലാളികളെയാണ് ചേളാരി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയിലെത്തിച്ച് പരിശോധന നടത്തിയത്. തേഞ്ഞിപ്പലം വില്ലേജ് പരിധിയില്‍ താമസിച്ച് ജോലി ചെയ്തിരുന്ന 40 പേരെയും മൂന്നിയൂര്‍ വില്ലേജിലെ 60 പേരെയും തിരൂര്‍ താലൂക്കില്‍ നിന്നുള്ള 41 പേരെയും മൂന്ന് കെ.എസ്.ആര്‍.ടി.സി ബസുകളിലായാണ് സ്‌കൂളിലെത്തിച്ചതും പരിശോധനകള്‍ക്ക് ശേഷം കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ടുപോയതും. ഏറനാട് താലൂക്കില്‍പ്പെട്ട 150 അതിഥി തൊഴിലാളികളെ കച്ചേരിപ്പടി ബോയ്സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ രജിസ്ട്രേഷനും ആരോഗ്യ പരിശോധനയും പൂര്‍ത്തിയാക്കിയ ശേഷം ഓരോ ബസിലും രണ്ട് റവന്യൂ ഉദ്യോഗസ്ഥര്‍ വീതം അഞ്ച് കെ.എസ്.ആര്‍.ടി.സി ബസുകളിലായാണ് കോഴിക്കോട് എത്തിച്ചത്.