45 പേര് കൂടി നിരീക്ഷണത്തില്‍; ആകെ 1,526 പേര് നിരീക്ഷണത്തില്‍
മലപ്പുറം: ജില്ലയില്‍ പുതുതായി ആര്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. ജില്ല ഇപ്പോള്‍ ഓറഞ്ച് സോണില്‍ തുടരുകയാണ്. നിലവില്‍ രോഗബാധിതരില്ലെങ്കിലും ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം. ഇതര സംസ്ഥാനങ്ങളിലെ രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് നിരവധി മലപ്പുറം സ്വദേശികള്‍ തിരിച്ചെത്തിക്കൊണ്ടിരിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരും വരും ദിവസങ്ങളില്‍ ജില്ലയിലെത്തും. ഈ സാഹചര്യത്തില്‍ ചെറിയ അശ്രദ്ധപോലും രോഗ വ്യാപനത്തിന് കാരണമാവും. ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും ജില്ലാ ഭരണകൂടവും ആരോഗ്യ പ്രവര്‍ത്തകരും നല്കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാ കലക്ടര്‍ ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചു.
അതേസമയം കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഇന്നലെ മുതല്‍ 45 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1,526 ആയതായി ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. 28 പേരാണ് വിവിധ ആസ്പത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 26, നിലമ്പൂര്‍ ജില്ലാ ആസ്പത്രിയിലും തിരൂര്‍ ജില്ലാ ആസ്പത്രിയിലും ഒരാള്‍ വീതവുമാണ് ഐസൊലേഷനിലുള്ളത്. 1,439 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 59 പേര് കോവിഡ് കെയര്‍ സെന്ററുകളിലും സ്വയം നിരീക്ഷണത്തില്‍ കഴിയുന്നു.
നിലവില്‍ ആരും കോവിഡ്19
ചികിത്സയിലില്ലെന്ന് ഡി.എം.ഒ
മലപ്പുറം: ജില്ലയില്‍ കോവിഡ് 19 ബാധിതരായി നിലവില്‍ ആരും ചികിത്സയിലില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു. ഇതുവരെ 22 പേര്‍ക്കാണ് ജില്ലയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ നാല് മാസം പ്രായമായ കുട്ടി മാത്രമാണ് രോഗബാധിതയായിരിക്കെ മരിച്ചത്. 21 പേര്‍ക്ക് വിദഗ്ധ ചികിത്സക്കു ശേഷം രോഗം ഭേദമായി. ഇതില്‍ തുടര്‍ ചികിത്സയിലിരിക്കെ ഒരാള്‍ മരിച്ചു.
രണ്ട് പേര് തുടര്‍ നിരീക്ഷണങ്ങള്‍ക്കായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ സ്റ്റെപ് ഡൗണ്‍ ഐ.സി.യുവില്‍ കഴിയുന്നു. 18 പേരാണ് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്.
87 പേര്‍ക്ക് കൂടി കോവിഡ്19 ബാധയില്ലെന്ന് സ്ഥിരീകരണം
മലപ്പുറം: ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 87 പേര്‍ക്ക് കൂടി കോവിഡ് ബാധയില്ലെന്ന് വിദഗ്ധ പരിശോധനകള്‍ക്ക് ശേഷം ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതുവരെ 2,198 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 67 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.