കോവിഡ് കാലത്തും ആശ്വാസമായി അബ്ദുല്‍ അസീസ്

44

മടവൂര്‍ : ലോകത്താകമാനം കോവിഡ് രോഗം ദുരിതം വിതയ്ക്കുമ്പോള്‍ ജീവനക്കാര്‍ക്കും നാട്ടുകാര്‍ക്കും ആശ്വാസമാവുകയാണ് ആസ്‌കോ ഗ്രൂപ്പ്. പ്രമുഖ പ്രാവാസി വ്യവസായി ചൊവ്വഞ്ചേരി അബ്ദുല്‍ അസീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കമ്പനിയാണ് ആസ്‌കോ ഗ്രൂപ്പ്. പത്തോളം വിദേശ രാജ്യങ്ങളിലായി അനേകം ശാഖകളോടെ പ്രവര്‍ത്തിക്കുന്നതാണ് ഇദ്ധേഹത്തിന്റെ വ്യവസായങ്ങള്‍. വിഷുകിറ്റ്, ഓണകിറ്റ്, റമദാന്‍ കിറ്റ് എന്നിങ്ങനേയായി 15 വര്‍ഷം മുമ്പാണ് പാവപ്പെട്ടവര്‍ക്കായി ഇദ്ധേഹം ഭക്ഷണകിറ്റുകള്‍ വിതരണം തുടങ്ങിയത്. കോവിഡ് ദുരിതം വിതച്ച ഈ വര്‍ഷം സ്വദേശമായ പുല്ലാളൂരിനോട് ചേര്‍ന്നു കിടക്കുന്ന എരവന്നൂര്‍, പാലോളി താഴം, മച്ചക്കുളം തുടങ്ങിയ 5 കിലോമീറ്ററോളം ചുറ്റളവില്‍ 1200 ലധികം പാവപ്പെട്ട കുടുംബങ്ങള്‍ക്കാണ് 13 ലക്ഷത്തിലധികം രൂപാ ചെലവഴിച്ച്‌കൊണ്ട് ഇദ്ധേഹം ഭക്ഷണ കിറ്റുകള്‍ നല്‍കിയത്. ജീവനക്കാരായ ജില്ലയിലെ മുഴുവന്‍ തൊഴിലാളികളുടെ വീടുകളിലും ഇദ്ധേഹം സ്‌പെഷല്‍ കിറ്റുകള്‍ എത്തിച്ചിട്ടുണ്ട്. ഫിലിപ്പൈന്‍സില്‍ അവിടുത്തെ എംബസി മുഖേനയും ജി.സി.സി രാജ്യങ്ങളിലും തൊഴിലാളികള്‍ക്കായി റിലീഫ് പ്രവര്‍ത്തനങ്ങള്‍ ചെയ്ത് വരുന്നുണ്ട്. മരണപ്പെട്ട് പോയ ഉമ്മയുടെ പേരില്‍ ചൊവ്വഞ്ചേരി ആമിന ഉമ്മ ചാരിറ്റബ്ള്‍ ട്രസ്റ്റ് രൂപീകരിച്ച് ഇതിന്റെ കീഴിലാണ് റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത്. ഏതാനും വര്‍ഷം മുമ്പ് ഇദ്ധേഹത്തിന്റെ ഗൃഹ പ്രവേശനത്തോടനുബന്ധിച്ച് വീടില്ലാത്തവര്‍ക്കായി 10 വീടുകള്‍ ഉള്‍ക്കൊള്ളുന്ന ഹൗസിംഗ് കോളനി നിര്‍മ്മിച്ച് നല്‍കിയിരുന്നു. കുടിവെള്ള പദ്ധതി, പാലീയേറ്റീവ് കെയറുമായി ബന്ധപ്പെട്ട സഹായങ്ങള്‍ ഉള്‍പ്പെടെ നിരവധി പദ്ധതികളാണ് നാട്ടുകാര്‍ക്കും ജീവനക്കാര്‍ക്കും ആശ്വാസമായി ട്രസ്റ്റിന്റെ കീഴില്‍ നടത്തി വരുന്നത്.