കോവിഡ് കാലത്തെ ബാര്‍ഖ ദത്ത് കണ്ട കാസര്‍കോട് വൈറലാകുന്നു

പാലക്കുന്നില്‍ കച്ചവടക്കാരനുമായി ബാര്‍ഖ ദത്ത് വിശേഷങ്ങള്‍ പങ്കുവെക്കുന്നു

ഫസലുറഹ്മാന്‍
കാഞ്ഞങ്ങാട്: കോവിഡും ലോക്ക്ഡൗണും തകര്‍ത്ത ഇന്ത്യയിലൂടെ കഴിഞ്ഞ എഴുപത് ദിവസം യാത്ര നടത്തിയ പ്രമുഖ ഇംഗ്ലീഷ് മാധ്യമ പ്രവര്‍ത്തക ബാര്‍ഖ ദത്തിന്റെ കാസര്‍കോട്ടെ വീഡിയോ വൈറലാകുന്നു. കോവിഡ് കാലത്തെ ദുരിത യാത്ര ലോകത്തിന് മുന്നിലെത്തിക്കുന്നതിനിടയില്‍ കാസര്‍കോട് പാലക്കുന്നില്‍ നിന്നും പകര്‍ത്തിയ വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടുന്നത്.
കര്‍ണാടക അതിര്‍ത്തിയും കടന്ന് കാസര്‍കോടിനും കാഞ്ഞങ്ങാടിനുമിടയിലെ യാത്രവിശേഷങ്ങളാണ് ബാര്‍ഖ ദത്ത് മോജോ ഓണ്‍ലൈന്‍ ടിവിയിലൂടെ ലോകത്തിന് മുന്നിലെത്തിച്ചത്. പാലക്കുന്നില്‍ ലോക്ക് ഡൗണ്‍ ഇളവുകളുള്ള കച്ചവടക്കാരനായ അബൂബക്കറുമായി സംസാരിക്കുന്നതടക്കം വീഡിയോവിലുണ്ട്. ലോക്ക് ഡൗണിന്റെ ആദ്യസമയത്ത് വീട്ടിലൊതുങ്ങിക്കഴിഞ്ഞു. ഇളവുകള്‍ ലഭിച്ചപ്പോള്‍ ആരോഗ്യ സംരക്ഷണത്തിനാവശ്യമായ എല്ലാ ക്രമീകരണങ്ങളുമായി കച്ചവടം നടത്തുന്നു- അബൂബക്കര്‍ പറയുന്നു. വഴി നീളെ പലരുമായും വിശേഷങ്ങളറിയുന്നതും വീഡിയോയിലുണ്ട്. പത്മശ്രീ അടക്കം നേടിയിട്ടുള്ള ബാര്‍ഖ ദത്ത് ഇന്ത്യയിലെ മികച്ച ദൃശ്യ മാധ്യമ പ്രവര്‍ത്തകരിലൊരാളാണ്. നേരത്തെ എന്‍ഡിടിവി ഗ്രൂപ് എഡിറ്ററായിരുന്നു. നിലവില്‍ മോജോ ഓണ്‍ലൈന്‍ ടിവി എന്ന പേരില്‍ മാധ്യമ സംരഭം നടത്തുന്നു. വടക്കെ ഇന്ത്യയിലെ കുടിയേറ്റ തൊഴിലാളികളുടെ ലോക്ക് ഡൗണ്‍ കാലത്തെ ദുരിതയാത്ര ലോകത്തിന് മുന്നിലെത്തിക്കുകയാണ് ഇന്ത്യ ഉടനീളമുള്ള യാത്രയിലൂടെ ബാര്‍ഖ ദത്ത്.