കോവിഡ് പ്രതിരോധത്തില്‍ ചെറിയപെരുന്നാള്‍ ആഘോഷവുമായി മലപ്പുറം ജില്ല

മലപ്പുറം: ചരിത്രത്തില്‍ തുല്യതയില്ലാത്ത ചെറിയപെരുന്നാള്‍ ആഘോഷത്തിലാണ് ജില്ല. വ്രതാനുഷ്ഠാനത്തിനും ആത്മ സമര്‍പ്പണത്തിനും മാറ്റിവെച്ച ദിനരാത്രങ്ങള്‍ക്കൊടുവിലാണ് വിരുന്നായി പെരുന്നാള്‍ വന്നെത്തിയത്. ഈ പെരുന്നാള്‍ പതിവിന് വിപരീതമാണ്. സര്‍വ മേഖലയിലും കോവിഡ് 19 ന്റെ പ്രതിഫലനമുണ്ട്. കോവിഡ് 19 നിയന്ത്രണങ്ങളുള്ളതിനാല്‍ വ്യാപാര കേന്ദ്രങ്ങളിലൊന്നും പെരുന്നാള്‍ തലേന്ന് രാത്രിയിലെ പതിവ് കാഴ്ചകളില്ലായിരുന്നു. വിപണിയെയെയും കോവിഡ് 19 കാലത്തെ മാന്ദ്യം ബാധിച്ചു.
ലോക്ക്ഡൗണ്‍ ഭാഗികമായി അവസാനിപ്പിച്ച ദിനം മുതല്‍ നഗരങ്ങള്‍ സജീവമാണെങ്കിലും കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ വലിയ തിരക്ക് അനുഭവപ്പെട്ടു. പുതുവസ്ത്രം പോലും വാങ്ങാതെയാണ് പലരും ചെറിയ പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമാകുന്നത്. അത് കൊണ്ടു തന്നെ വസ്ത്ര വിപണിയില്‍ കാര്യമായ തിരക്കില്ലെന്നാണ് വ്യാപാരികള്‍ പറയുന്നു. പെരുന്നാള്‍ ദിനത്തില്‍ ഭക്ഷണമൊരുക്കാനുള്ള അവശ്യസാധനങ്ങള്‍ വാങ്ങാനാണ് വിശ്വാസികള്‍ വീടിന് പുറത്തിറങ്ങിയത്. മത്സ്യമാംസ കമ്പോളങ്ങളില്‍ അതുകൊണ്ട് തന്നെ തിരക്ക് അനുഭവപ്പെട്ടു. പലയിടങ്ങളിലും പൊലീസ് എത്തിയാണ് തിരക്ക് നിയന്ത്രിച്ചത്. പച്ചക്കറിക്കും കോഴി, ബീഫ്, മട്ടന്‍ എന്നിവക്ക് വില വര്‍ധിച്ചത് തിരിച്ചടിയായി. ജോലി പോലുമില്ലാതെ മാസങ്ങള്‍ കഴിച്ചു കൂടിയ ലോക്ക്ഡൗണ്‍ കാലത്തിന് നടുവിലാണ് പെരുന്നാള്‍ വരുന്നത്. ഈ സമയത്ത് തന്നെ വില വര്‍ധിച്ചത് പലരുടെയും ആഘോഷത്തിന്റെ പൊലിമ കുറച്ചു.