തൃക്കരിപ്പൂര്‍: ഇല്ലാത്ത വിത്ത് തേടിപ്പിടിച്ച് കായലില്‍ കല്ലുമ്മക്കായ കൃഷിയിറക്കിയപ്പോള്‍ കര്‍ഷകര്‍ക്ക് നൂറുമേനി. കവ്വായിക്കായലില്‍ കല്ലുമ്മക്കായ വിളവിറക്കിയ ഇടയിലെക്കാട്ടിലെ കര്‍ഷകര്‍ക്കാണ് മികച്ച വിളവ് ലഭിച്ചത്. രാജ്യത്ത് പ്രകൃത്യാ അല്ലാതെ ഏറ്റവുമധികം കല്ലുമ്മക്കായ കൃഷി ചെയ്യുന്ന ഇടമാണ് കവ്വായിക്കായല്‍.
ഇത്തവണ കൃഷിയിറക്കാനായി ആയിരക്കണക്കിന് കര്‍ഷകര്‍ തയാറെടുപ്പ് നടത്തിയെങ്കിലും വിത്ത് ലഭ്യമല്ലാത്തതിനാല്‍ എല്ലാവരും നിരാശരായി. വിളവിറക്കാന്‍ നൂറിലധികം മുളപ്പന്തലുകള് പുഴയില്‍ കെട്ടിയുയര്‍ത്തിയിരുന്നു. മുള, കമ്പ, റോപ്പ്, ബനിയന് തുണി എന്നിവ വാങ്ങി വിത്തിനു കാത്തെങ്കിലും എവിടെയും വിത്തില്ലായിരുന്നു. പച്ച നിറത്തിലുള്ള പെര്‍ന വിറിഡിസ് എന്നയിനമാണ് ഈ ഭാഗത്ത് സാധാരണയായി കൃഷിക്ക് ഉപയോഗിക്കുന്നത്.
തെക്കന്‍ കേരളത്തില്‍ നിന്ന് പെര്‍ന ഇന്‍ഡിക്ക എന്ന തവിട്ടു നിറത്തിലുള്ള വിത്തുമായി ചിലരെത്തിയെങ്കിലും കായലിന്റെ നിലനില്‍പ്പിന് കോട്ടംതട്ടുമെന്ന കാരണത്താല്‍ മത്സ്യവകുപ്പ് തന്നെ വിലക്കേര്‍പ്പെടുത്തിയിരുന്നു.
ഈ പ്രയാസങ്ങളൊക്കെ നിലനില്‍ക്കുന്നതിനിടയിലാണ് മാവിലാകടപ്പുറം അഴിമുഖത്തു നിന്നു വാരിയെടുത്ത ഓരോ ചാക്ക് വിത്തുമായി ഇടയിലെക്കാട് സ്വദേശികളായ വി ഭാനുമതി, കെ രഘു, വി കാര്‍ത്യായനി, സ്മിത ഗംഗാധരന് എന്നിവര്‍ കൃഷിയിറക്കിയത്. മുന്‍വര്‍ഷം 1200 രൂപയുണ്ടായിരുന്ന വിത്തിന് ഇക്കുറി 5500 രൂപ കൊടുക്കേണ്ടിയും വന്നു.
പക്ഷേ വിളവും വിലയും ഇവരെ നിരാശപ്പെടുത്തിയില്ല. കിലോവിന് 170 രൂപയായിരുന്നു വില ലഭിച്ചത്. മഴ ഏതു നിമിഷവും എത്തുമെന്നുറപ്പായതോടെ പൂര്‍ണ വളര്‍ച്ചയെത്തും മുമ്പേ വിളവെടുത്തു. ഒരു മാസം മുമ്പെ ഇടയിലെക്കാട്ടിലെ കെപി ദിവാകരന് ഇറക്കിയ വിത്ത് റെക്കോര്‍ഡ് വിളവെടുത്ത് ആഹ്ലാദം പകര്‍ന്നിരുന്നു.