കാസര്‍കോട്: മഹാരാഷ്ട്രയില്‍ നിന്നെത്തിയ മൂന്നു പേര്‍ക്കും ഗള്‍ഫില്‍ നിന്നെത്തിയ ഒരാള്‍ക്കും ഉള്‍പ്പടെ നാലുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 263ആയി. ഇന്നലെ മാത്രം ജില്ലയില്‍ ഒരാള്‍ക്ക് രോഗം ഭേദമായി. ഇതോടെ നിലവില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 70ആയി.
മെയ് 14ന് പൂനയില്‍ നിന്ന് കാറില്‍ തലപ്പാടിയിലെത്തിയ 31 വയസുള്ള മംഗല്പാടി പഞ്ചായത്ത് സ്വദേശി, 17ന് മഹാരാഷ്ട്രയില്‍ നിന്ന് ബസില്‍ എത്തിയ 42 വയസുള്ള പൈവളിഗെ പഞ്ചായത്ത് സ്വദേശി, 24ന് മഹാരാഷ്ട്രയില്‍ നിന്ന് ബസില്‍ എത്തിയ 63 വയസുള്ള ബദിയടുക്ക പഞ്ചായത്ത് സ്വദേശി, 17ന് ദുബൈയില്‍ നിന്നെത്തിയ 58 വയസുള്ള ഉദുമ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എവി രാംദാസ് അറിയിച്ചു.
ഉക്കിനടുക്ക ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള 28 വയസുള്ള പൈവളിഗ പഞ്ചായത്ത് സ്വദേശിക്കാണ് രോഗം ഭേദമായത്. 15ന് മഹാരാഷ്ട്രയില്‍ നിന്നെത്തി 18ന് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുകയായിരുന്നു ഇദ്ദേഹം. ഇതോടെ ജില്ലയില്‍ ആകെ കോവിഡ് ഫലം നെഗറ്റീവായവരുടെ എണ്ണം 193ആയി.
മൂന്നാം ഘട്ടത്തില്‍ മാത്രം 85 പോസിറ്റീവ് കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കൂടുതലും കുമ്പള പഞ്ചായത്ത് പരിധിയിലാണ്. ഇന്നലെ പുതിയതായി 485 പേരെക്കൂടി സ്ഥാപന നീരിക്ഷണത്തില്‍ പ്രവേശിപ്പിച്ചു.
ജില്ലയില്‍ വീടുകളില്‍ 3081 പേരും ആസ്പത്രികളില്‍ 584 പേരുമുള്‍പ്പെടെ 3665 പേരാണ് നിരീക്ഷണത്തിലുള്ളത്. 347 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.
നിരീക്ഷിക്കാന്‍ പൊലീസ് വോളണ്ടിയര്‍മാര്‍
കാസര്‍കോട്: വീടുകളില്‍ റൂം ക്വാറന്റീന് നിര്‍ദ്ദേശിക്കപ്പെട്ടവര്‍ നിര്‍ദ്ദേശം ലംഘിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്താന്‍ ജനമൈത്രി പൊലീസിനൊപ്പം ഇനി പോലീസ് വോളണ്ടിയര്‍മാരുമുണ്ടാകും. ലോക് ഡൗണ്‍ കാലത്ത് ജില്ലയിലെ വയോധികരെ സന്ദര്‍ശിക്കുകയും അവരുടെ ക്ഷേമ പ്രവൃത്തനങ്ങള്‍ക്ക് ഇവര്‍ മുന്‍കൈ എടുക്കുകയും ചെയ്യും. ഇതിന് പുറമേ പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട സാഹചര്യങ്ങളിലും പൊലീസിനൊപ്പം സേവനത്തിന് വോളണ്ടിയര്‍മാരുമുണ്ടാകും.