
മലപ്പുറം: കോവിഡ് 19നെ തുടര്‍ന്ന് നിര്‍ത്തിെവച്ച കെ.എസ്.ആര്.ടി.സി ബസ് സര്‍വീസുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ജില്ലയില്‍ പുനരാരംഭിച്ചു. ജില്ലക്കകത്ത് വിവിധ ഡിപ്പോകളില്‍ നിന്നായി ഇന്നലെ 29 ബസുകളാണ് സര്‍വീസ് നടത്തിയത്. മലപ്പുറം, നിലമ്പൂര്‍ ഡിപ്പോകളില്‍ നിന്നായി ഒന്‍പത് വീതവും പൊന്നാനിയില്‍ നിന്ന് ആറും പെരിന്തല്‍മണ്ണയില്‍ നിന്ന് അഞ്ചും സര്‍വീസുകള്‍ നടത്തി. നിലവില്‍ ജില്ലക്കകത്ത് മാത്രമാണ് സര്‍വീസ് നടത്തുന്നത്. രാവിലെ ഏഴിന് ആരംഭിച്ച് വൈകീട്ട് ഏഴിന് അവസാനിക്കുന്ന രീതിയിലാണ് സര്‍വീസ് നടത്തുന്നത്. മലപ്പും ഡിപ്പോയില്‍ നിന്ന് തിരൂര്‍, അരീക്കോട്, മഞ്ചേരി, പെരിന്തല്‍മണ്ണ, കൊണ്ടോട്ടി, പരപ്പനങ്ങാടി എന്നിവിടങ്ങളിലേക്കായാണ് ഒന്‍പത് സര്‍വീസുകള്‍ നടത്തിയത്. നിലമ്പൂരില്‍ നിന്ന് വഴിക്കടവ്-കൊണ്ടോട്ടി റൂട്ടില്‍ ആറ് സര്‍വീസും നിലമ്പൂര്‍ – പെരിന്തല്‍മണ്ണ റൂട്ടില്‍ മൂന്ന് സര്‍വീസുകളും അടക്കം ഒന്‍പത് സര്‍വീസുകളുമാണ് നടത്തിയത്. പെരിന്തല്‍മണ്ണ ഡിപ്പോയില്‍ നിന്ന് കൊണ്ടോട്ടി, നിലമ്പൂര്‍, അരീക്കോട്, വളാഞ്ചേരി, യൂണിവേഴ്സിറ്റി ഭാഗങ്ങളിലേക്കായാണ് അഞ്ച് സര്‍വീസുകള്‍ നടത്തിയത്. പൊന്നാനി ഡിപ്പോയില്‍ നിന്നും ആറ് സര്‍വീസുകള്‍ നടത്തി. ഇതുകൂടാതെ ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കായി കെ.എസ്.ആര്.ടി.സിയുടെ പത്ത് പ്രത്യേക സര്‍വീസുകളും ജില്ലയില്‍ ദിവസേന നടത്തുന്നുണ്ട്. സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് ആരോഗ്യ ജാഗ്രത ഉറപ്പുവരുത്തിയാണ് കെ.എസ്.ആര്.ടിസി സര്‍വീസ് നടത്തിയത്. രണ്ട് പേര്‍ക്കിരിക്കാവുന്ന സീറ്റില്‍ ഒരാളും മൂന്നു പേര്‍ക്കിരിക്കാവുന്ന സീറ്റില്‍ അകലം പാലിച്ച് രണ്ടുപേരുമാണ് യാത്ര ചെയ്തത്. നിശ്ചിത സാമൂഹിക അകലം പാലിച്ച് പിന്‍വശത്തെ വാതിലിലൂടെ കയറി മുന്‍വശത്തെ വാതിലിലൂടെ ഇറങ്ങുന്ന രീതിയിലാണ് ക്രമീകരണം. അണുവിമുക്കമാക്കാനായി എല്ലാ ബസുകളിലും സാനിറ്റൈസര്‍ ലഭ്യമാക്കിയിട്ടുണ്ട്.