കോവിഡ് മലപ്പുറത്തെ പ്രവാസിക്ക്

82
വിദേശത്ത് നിന്നും കഴിഞ്ഞ ദിവസം നാട്ടില്‍ എത്തിയവരെ കൊറന്റൈനില്‍ പാര്‍പ്പിച്ച എന്‍.ഐ.ടി എം.ബി.എ ഹോസ്റ്റല്‍

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 89 പ്രവാസികള്‍
572 പേര്‍ കൂടി പുതുതായി നിരീക്ഷണത്തില്‍

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലുള്ള മലപ്പുറം കോട്ടക്കല്‍ ചാപ്പനങ്ങാടി സ്വദേശി (39) ക്ക് കോവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച ദുബായ് കരിപ്പൂര്‍ വിമാനത്തിലെത്തിയ പ്രവാസിയാണ്. വൃക്ക സംബന്ധമായഅസുഖത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് നേരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കാണ് ഇദ്ദേഹത്തെ മാറ്റിയിരുന്നത്.
വെള്ളിയാഴ്ച റിയാദ് കോഴിക്കോട് വിമാനംത്തില്‍ കോഴിക്കോട് ജില്ലയിലെത്തിയ പ്രവാസി മലയാളികള്‍ 19. ഇതില്‍ ഹോം ക്വാറിന്റീന്‍ 16, കോഴിക്കോട് ഗവ. കോവിഡ് കെയര്‍ സെന്ററില്‍ 3. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 89 പേരാണ് കോഴിക്കോട് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 58 പേര്‍ വീടുകളിലും 31 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ദുബായ് കരിപ്പൂര്‍ വിമാനത്തിലെത്തിയ 42 പേരും റിയാദ് കരിപ്പൂര്‍ വിമാനത്തിലെത്തിയ 16 പേരുമാണ് വീടുകളില്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 15 പേര്‍ ഗര്‍ഭിണികളാണ്. കോവിഡ് കെയര്‍ സെന്ററിലുള്ള 31 പേരില്‍ 24 പേര്‍ ദുബായ് കരിപ്പൂര്‍ വിമാനത്തിലും 3 പേര്‍ റിയാദ് കരിപ്പൂര്‍ വിമാനത്തിലും 4 പേര്‍ നെടുമ്പാശ്ശേരിയിലിറങ്ങിയ ബഹ്‌റൈന്‍ വിമാനത്തിലും വന്നവരാണ്. കോവിഡുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ പുതുതായി 572 പേര്‍കൂടി നിരീക്ഷണത്തിലായി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2588 ആയി. ഇതുവരെ 22,973 പേരാണ് നിരീക്ഷണം പൂര്‍ത്തിയാക്കിത്. ഇന്നലെ വന്ന 15 പേര്‍ ഉള്‍പ്പെടെ 17 പേരാണ് ആസ്പത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 15 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു. ഇന്നലെ 47 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 2323 സ്രവ സാംപിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 2194 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 2164 എണ്ണം നെഗറ്റീവാണ്. 129 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി പരിധിയിലുളള മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ കോവിഡ് കെയര്‍ സെന്ററുകളില്‍ പാലിക്കേണ്ട ആരോഗ്യ ശുചിത്വ പ്രോട്ടോകോള്‍ സംബന്ധിച്ച പരിശീലനം നല്‍കി. മാനസിക സംഘര്‍ഷം കുറക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 6 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി. 115 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെയും സേവനം നല്‍കി.