കോവിഡ് ബാധിച്ച മലപ്പുറം സ്വദേശി പാലക്കാട് ചികിത്സയില്‍

16

പാലക്കാട് ജില്ലയില്‍ 6314 പേര്‍ നിരീക്ഷണത്തില്‍

പാലക്കാട്: ചെന്നൈയില്‍ കൊട്ടിപ്പാക്കത്ത് ജ്യൂസ് കട നടത്തുന്ന മലപ്പുറം സ്വദേശിക്ക്, ഇന്നലെ പാലക്കാട് കോവിഡ് 19 സ്ഥിരീകരിച്ചു. മെയ് എട്ടിന് രാത്രിയാണ് ഇദ്ദേഹമടങ്ങുന്ന സംഘം ചെന്നൈയില്‍ നിന്ന് യാത്ര തുടങ്ങുന്നത്. ഇദ്ദേഹമടങ്ങുന്ന പത്തംഗസംഘം(െ്രെഡവറുള്‍പ്പെടെ, ഒരാള്‍ കോഴിക്കോട് സ്വദേശി) വാളയാര്‍ അതിര്‍ത്തിയില്‍ മെയ് ഒന്‍പതിന് രാത്രി 10.30 തോടെയാണ് എത്തിയത്.സംഘത്തിന് തമിഴ്‌നാട് നിന്നുള്ള ഗ്രൂപ്പ് പാസ് ഉണ്ടായിരുന്നു. എന്നാല്‍ കേരളത്തില്‍ നിന്നുള്ള യാത്രാ പാസ് കിട്ടിയിരുന്നില്ല. അതിര്‍ത്തിയില്‍ വെച്ച് ഇദ്ദേഹത്തിന് പനിയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തേയും കൂടെയുണ്ടായിരുന്ന രോഗലക്ഷ്ണങ്ങള്‍ പ്രകടിപ്പിച്ച ബന്ധുവിനേയും 108 ആംബുലന്‍സില്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐസോലേഷനിലേക്ക് മാറ്റുകയായിരുന്നു.ചെന്നൈയില്‍ വിവിധ തരത്തിലുള്ള കടകള്‍ നടത്തിയിരുന്ന ബാക്കി എട്ടുപേര്‍ വാളയാറില്‍ നിന്ന് മറ്റൊരു വണ്ടി കണ്ടെത്തി മലപ്പുറത്തേക്ക് അന്ന് തന്നെ തിരിച്ചു പോയിരുന്നു.തമിഴ്‌നാട് വണ്ടി ചെന്നൈയിലേക്കും തിരിച്ച് പോയിരുന്നു. കൂടെയുണ്ടായിരുന്ന ബന്ധുവിന്റെ സ്രവവും ഇന്ന് പരിശോധനയ്ക്കച്ചിട്ടുണ്ട്.നിലവില്‍ ഇവര്‍ ജില്ലാ ആശുപത്രിയില്‍ തുടരുകയാണ്.
രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ജ്യൂസ് കട മാര്‍ച്ച് 23 ന് ലോക്ഡൗണിനെ തുടര്‍ന്ന് അടയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ചെന്നൈയിലെ തങ്ങളുടെ താമസമുറികളില്‍ തന്നെ കഴിഞ്ഞു വരികയായിരുന്നു.തുടര്‍ന്നാണ് എട്ടിന് രാത്രി നാട്ടിലേക്ക് യാത്ര തിരിച്ചത്.
ജില്ലയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ച ഒരു കോവിഡ് 19 രോഗബാധിതനാണ് ഉള്ളത്.
ശ്രീകൃഷ്ണപുരം സ്വദേശിയാണ് ഇദ്ദേഹം. നിലവില്‍ ജില്ലയില്‍ 6281 പേര്‍ വീടുകളിലും 29 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും രണ്ട് പേര്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും 2 പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രികളിലുമായി ആകെ 6314 പേരാണ് നിരീക്ഷണത്തിലുള്ളത്. ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു. പ്രവാസികളും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരെയും നിരീക്ഷണത്തിലാക്കിയതിനാലാണ് എണ്ണത്തില്‍ വര്‍ധനവുണ്ടായത്.പരിശോധനക്കായി ഇതുവരെ അയച്ച 3290 സാമ്പിളുകളില്‍ ഫലം വന്ന 3113 നെഗറ്റീവും 14 എണ്ണം പോസിറ്റീവുമാണ്. ആകെ 36560 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്.