കോവിഡ് മൂന്നാംഘട്ടം: രോഗികള്‍ 98, 82 പേര്‍ ചികിത്സയില്‍

14

ഞായറാഴ്ച രോഗം സ്ഥിരീകരിച്ച പത്തുപേരും മഹാരാഷ്ട്രയില്‍ നിന്നെത്തിയവര്‍

കാസര്‍കോട്: മഹാരാഷ്ട്രയില്‍ നിന്നെത്തിയ പത്തുപേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ രോഗബാധിതരുടെ എണ്ണം 98ആയി. ഇന്നലെ ഒരാള്‍ കൂടി രോഗമുക്തി നേടിയതോടെ നിലവില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ 82ആയി. ഇവര്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ ആസ്പത്രികളില്‍ ചികിത്സയിലാണ്.
മംഗല്‍പാടി പഞ്ചായത്ത് സ്വദേശികളായ നാലുപേരും മധൂര്‍, പൈവളിഗെ പഞ്ചായത്ത് സ്വദേശികളായ രണ്ടുപേര്‍ വീതവും കാസര്‍കോട് നഗരസഭ, മൊഗ്രാല്‍പുത്തൂര്‍ സ്വദേശികളായ ഓരോരുത്തര്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. മേയ് 27ന് ബസില്‍ തലപാടിയില്‍ വന്ന 59 വയസുള്ള മൊഗ്രാല്‍ പുത്തുര്‍ സ്വദേശി, ഒരു ടാക്‌സി കാറില്‍ ഒരുമിച്ച് 24ന് തലപാടിയിലെത്തിയ 43ഉം 40ഉം വയസുള്ള പൈവളിഗെ സ്വദേശികള്‍, അന്ന് തന്നെ ബസില്‍ വന്ന 30വയസുള്ള കാസര്‍കോട് നഗരസഭ സ്വദേശി, 27ന് ബസില്‍ ഒരുമിച്ചുവന്ന മംഗല്‍പാടി സ്വദേശികളായ 64ഉം 27ഉം വയസുള്ളവര്‍, 15ന് ബസില്‍വന്ന 23വയസുള്ള മംഗല്‍പാടി സ്വദേശി, 27ന് ട്രെയിനില്‍ വന്ന് ആംബുലന്‍സില്‍ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയില്‍ രോഗലക്ഷണങ്ങളോടെ പ്രവേശിപ്പിച്ച 51വയസുള്ള മംഗല്‍പാടി സ്വദേശി, 24ന് ബസില്‍ വന്ന ബന്ധുക്കളായ 23, 27വയസുള്ള മധൂര്‍ പഞ്ചായത്ത് സ്വദേശികള്‍ എന്നിവര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ ഏഴുപേര്‍ സര്‍ക്കാര്‍ നിരീക്ഷണത്തിലും മൂന്നുപേര്‍ വീടുകളില്‍ നിരീക്ഷണത്തിലുമായിരുന്നു.
ദുബൈയില്‍ നിന്നുംവന്ന 20ന് രോഗം സ്ഥിരീകരിച്ച 15 വയസുള്ള തൃക്കരിപ്പൂര്‍ സ്വദേശിക്കാണ് രോഗം ഭേദമായത്. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 16ആയി.

നിരീക്ഷണത്തില്‍ 3691 പേര്‍
വീടുകളില്‍ 3083 പേരും ആശുപത്രികളില്‍ 608 പേരും ഉള്‍പ്പെടെ 3691 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുഉള്ളത്. 7117 സാമ്പിളുകളാണ് (തുടര്‍ സാമ്പിള്‍ ഉള്‍പ്പെടെ) ഇതുവരെ പരിശോധനക്കയച്ചത്. 6105 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. 520 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 226 പേര്‍ ഇന്ന് നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു. പുതിയതായി ആസ്പത്രിയിലും വീടുകളിലുമായി 322 പേരെ നീരിക്ഷണത്തില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 13 ഹോട്‌സ്‌പോട്ടുകള്‍
കാസര്‍കോട്: ബദിയടുക്ക, പിലിക്കോട് സ്വദേശികള്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ ഈ രണ്ടു പഞ്ചായത്തുകള്‍ കൂടി ഹോട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതോടെ ജില്ലയിലെ ഹോട്‌സ്‌പോട്ടുകളുടെ എണ്ണം 13 ആയി. കാസര്‍കോട് നഗരസഭ (4, 23, 22 വാര്‍ഡുകള്‍ കണ്ടെന്‍മെന്റ് സോണുകള്‍), പൈവളികെ (3, 4, 9), കള്ളാര്‍ (4), കോടോം ബേളൂര്‍ (14), വോര്‍ക്കാടി (1, 2), മംഗല്‍പാടി (2, 6, 11, 20), മീഞ്ച (2), മധൂര്‍ (7, 25), ഉദുമ (9), മഞ്ചേശ്വരം (11), കുമ്പള (6), ബദിയടുക്ക (13), പിലിക്കോട് (8) എന്നിവയാണ് ജില്ലയിലെ ഹോട്സ്പോട്ടുകള്‍.